പുതുക്കാട് : താലൂക്ക് ആശുപത്രിയിൽ കുടിവെള്ളം ഇല്ല, രോഗികളെ നിർബന്ധിച്ച് ഡിസ്ചാർജ് ചെയ്തതായി ആക്ഷേപം. കുടിവെള്ള പ്രശ്നം രൂക്ഷമായതോടെ നാല് ദിവസത്തിനുള്ളിൽ പതിനേഴ് രോഗികളെ നിർബന്ധിച്ച് ഡിസ്ചാർജ് ചെയ്തതായാണ് ആരോപണം.
രണ്ട് ദിവസമായി ആശുപത്രിയിലെത്തുന്ന കിടത്തിചികിൽസക്ക് വിധേയരാകേണ്ട രോഗികളെ വെള്ളത്തിന്റെ പ്രശ്നം മൂലം അഡ്മിഷൻ കൊടുക്കാതെയാണ് വിട്ടയക്കുന്നത്. രണ്ടാഴ്ചയിലേറെയായി കുടിവെള്ളക്ഷാമം രൂക്ഷമായിട്ടും ആശുപത്രി അധികൃതർ നടപടികൾ സ്വീകരിക്കാതെ രഹസ്യമായി വച്ചിരിക്കുകയായിരുന്നു. ആശുപത്രിയിലെ കിണർ വറ്റിവരണ്ടതാണ് പ്രശ്നത്തിന് കാരണം.
വേനൽ ആരംഭിച്ച സമയത്തു തന്നെ കിണറിലെ വെള്ളം വറ്റി തുടങ്ങിയിരുന്നു.രണ്ട് മാസത്തിലേറെയായിട്ടും കുടിവെള്ളത്തിനായുള്ള ബദൽ സംവിധാനം ഒരുക്കാൻ അധികൃതർ ഇതുവരെയും തയ്യാറായിട്ടില്ല. കൊടകര ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള ആശുപത്രിയിൽ ആഴ്ചകളായി തുടരുന്ന കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനുള്ള നടപടികളെടുക്കാൻ ഇതുവരെയും ബ്ലോക്ക് പഞ്ചായത്തും തയ്യാറായില്ല.
മലയോര മേഖലകൾ ഉൾപ്പെടുന്ന പ്രദേശങ്ങളിൽ നിന്ന് ദിനംപ്രതി ആയിരത്തോളം രോഗികളാണ് ചികിത്സതേടി താലൂക്ക് ആശുപത്രിയിൽ എത്തുന്നത്. കിലോമീറ്ററുകൾ താണ്ടിയെത്തുന്ന രോഗികൾക്ക് ആശുപത്രിയിൽ കുടിവെള്ളം ഇല്ലെന്ന പേര് പറഞ്ഞ് ചികിത്സ നിക്ഷേധിക്കുന്ന അവസ്ഥയാണ് ഇപ്പോൾ നിലനിൽക്കുന്നത്.നിലവിൽ പന്ത്രണ്ട് പേരാണ് കിടത്തി ചികിത്സയിലുള്ളത്.
ഇവർക്ക് ആവശ്യത്തിനുള്ള വെള്ളം പണം കൊടുത്താണ് രോഗികൾ വാങ്ങുന്നത്. ചില രോഗികൾ വീടുകളിൽ നിന്നും വെള്ളം കൊണ്ടുവന്നാണ് ആവശ്യത്തിന് ഉപയോഗിക്കുന്നത്. ദൈനംദിന ആവശ്യങ്ങൾക്ക് പോലും വെള്ളം കിട്ടാതെയാണ് രോഗികൾ വലയുന്നത്.എഴുപത്തിയഞ്ച് രോഗികളെ കിടത്തി ചികിത്സിക്കാൻ സൗകര്യമുള്ള ആശുപത്രിയിൽ നൂറിലേറെ ജീവനക്കാരാണുള്ളത്.
സർക്കാരിന്റെപെയിൻ ആന്റ് പാലിയേറ്റിവ് കെയറും, സുസ്ഥിര പാലിയേറ്റിവ് സൊസൈറ്റിയും ആശുപത്രിയിലാണ് പ്രവർത്തിക്കുന്നത്.പോസ്റ്റ്മോർട്ടം ചെയ്യുന്നതിന് വെള്ളം കിട്ടാതായതോടെ മറ്റിടങ്ങളിൽ നിന്ന് വെള്ളം എത്തിച്ചാണ് പരിഹാരം കാണുന്നത്.രോഗികൾക്ക് ഭക്ഷണം പാകം ചെയ്യുന്നതിന് വേണ്ടിയുള്ള വെള്ളം ഇല്ലാത്ത അവസ്ഥയാണ് ആശുപത്രിയിലുള്ളത്.
കുടിവെള്ളം കിട്ടാതെ രോഗികൾ ദുരിതത്തിലായതറിഞ്ഞ് ഹിന്ദു ഐക്യവേദി പ്രവർത്തകരുടെയും പുതുക്കാട് മണ്ഡലം കോണ്ഗ്രസ് കമ്മിറ്റിയുടെയും നേതൃത്വത്തിൽ വെള്ളം എത്തിച്ച് ആശുപത്രിയിലെ ടാങ്കിൽ നിറച്ചു. പിന്നീട് പ്രതിഷേധം ശക്തമായതോടെ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിലും ടാങ്കറുകളിൽ വെള്ളം എത്തിച്ചു നൽകി.