കടുത്തുരുത്തി: സ്ഥലത്തിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച തർക്കം വർഷങ്ങളായി കോടതിയിൽ; വെള്ളം കുടി മുട്ടി ജനം വലയുന്നു. കടുത്തുരുത്തി പഞ്ചായത്തിലെ പതിനാറാം വാർഡായ എഴുമാന്തുരുത്തിൽ വർഷങ്ങൾക്കു മുന്പ് ആരംഭിച്ച കാവികുളം കുടിവെള്ള പദ്ധതിയാണ് ഇനിയും എങ്ങുമെത്താത്തത്. ഈ മേഖലയിലെ മൂന്നു പട്ടികജാതി കോളനികളിലേക്ക് കുടിവെള്ളമെത്തിക്കാനാണ് പദ്ധതിക്ക് രൂപം നൽകിയത്.
ത്രിതല പഞ്ചായത്തു ഫണ്ടുപയോഗിച്ചു പൂർത്തിയാക്കാൻ ലക്ഷ്യമിട്ടിരുന്ന പദ്ധതിയുടെ നിർമാണച്ചുമതല വാട്ടർ അതോറിറ്റിക്കായിരുന്നു. വർഷങ്ങൾക്ക് മുന്പാണ് നാലുവശവും വെള്ളത്താൽ ചുറ്റപ്പെട്ട കല്ലറ പഞ്ചായത്തിലെ മുണ്ടാർ പാറേൽ കോളനി, കൊല്ലങ്കരി കോളനി, നെറ്റിത്തറ കോളനി എന്നിവിടങ്ങളിൽ കുടിവെള്ളമെത്തിക്കാൻ കാവികുളം കുടിവെള്ള പദ്ധതി തയാറാക്കിയത്.
38 ലക്ഷം രൂപയായിരുന്നു പദ്ധതിക്കായി അനുവദിച്ചത്. കടുത്തുരുത്തി പഞ്ചായത്തിലെ അന്നത്തെ പതിനാറാം വാർഡായ എഴുമാന്തുരുത്തിലെ പുറന്പോക്കു വക സ്ഥലത്താണ് കുളവും പന്പുഹൗസും, ടാങ്കും നിർമിച്ച് വെള്ളം നൽകാനായിരുന്നു പദ്ധതി. പുറന്പോക്കു ഭൂമിയാണെന്ന് കരുതി വാട്ടർ അഥോറിറ്റി അധികൃതർ നടപടിക്രമങ്ങൾ പാലിക്കാതെ നിർമാണ പ്രവർത്തികൾക്ക് കരാർ നൽകുകയും, കരാറുകാരൻ പണികൾ ആരംഭിക്കുകയും ചെയ്തു.
പന്പ് ഹൗസിന്റെയും കുളത്തിന്റെയും നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചപ്പോൾ സമീപവാസികളിൽ ചിലർ ഭൂമിയുടെ അവകാശത്തിൽ തർക്കമുന്നയിച്ചു കോടതിയെ സമീപിച്ചതോടെ പണികൾ മുടങ്ങുകയായിരുന്നു. പഞ്ചായത്തുവക സ്ഥലം അളന്ന് തിട്ടപ്പെടുത്താതെയും മറ്റു നടപടി ക്രമങ്ങൾ പാലിക്കാതെയും കുടിവെള്ളപദ്ധതിയുടെ നിർമാണം ആരംഭിച്ചതാണ് പദ്ധതി തടസപ്പെടാൻ കാരണമെന്ന് നാട്ടുകാരും സമീപവാസികളും പറയുന്നു.
പണികൾ മുടങ്ങി വർഷങ്ങളേറേ കഴിഞ്ഞിട്ടും ഇതുസംബന്ധിച്ച പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിഞ്ഞില്ല. നിർമാണ പ്രവർത്തനങ്ങൾ നടക്കാതായതോടെ പണികളേറ്റെടുത്ത കരാറുകാരൻ കടക്കെണിയിലുമായി. ഇക്കാലത്തിനിടെ പദ്ധതിക്കായി ഇറക്കിവെച്ചിരുന്ന ലക്ഷക്കണക്കിനു രൂപയുടെ പിവിസി പൈപ്പുകളിൽ കുറേ ഉപയോഗ ശൂന്യമായി. കുറേ മോഷണം പോവുകയുമുണ്ടായി.
ഇതിനിടെയിലാണ് ചിലർ പൈപ്പുപയോഗിച്ചു പുരയിടത്തിന് വേലി തീർത്തത്. തങ്ങൾക്ക് കുടിവെള്ളമെത്തിക്കാനെന്ന പേരിൽ അനുവദിച്ച ലക്ഷങ്ങൾ പാഴായതറിയാതെ മുണ്ടാർ, ,കൊല്ലങ്കരി, നെറ്റിത്തറ പ്രദേശവാസികൾക്ക് വെള്ളം കിട്ടണമെങ്കിൽ ഇപ്പോഴും കിലോമീറ്ററുകൾ താണ്ടണം. ചുറ്റും വെള്ളമുണ്ടെങ്കിലും വള്ളത്തിൽ കിലോമീറ്ററുകൾ സഞ്ചരിച്ചാണ് ഇവിടത്തെ ജനങ്ങൾ കുടിവെള്ളം ശേഖരിക്കുന്നത്.
400 ലേറേ കുടുംബങ്ങളാണ് ഈ മേഖലയിൽ കുടിവെള്ളത്തിനായി നെട്ടോട്ടമോടുന്നത.് മുള്ളൻ പായലും പോളയും നിറഞ്ഞ തോടുകളിലൂടെ കിലോമീറ്ററുകൾ വള്ളം തുഴഞ്ഞ് വടയാർ, ചെട്ടിമംഗലം, തേവലക്കാട്, തോട്ടകം, എഴുമാന്തുരുത്ത് തുടങ്ങിയ സ്ഥങ്ങളിലെത്തിയാണ് സ്ത്രീകളും കുട്ടികളും ഉൾപെടെയുള്ള ഇവിടത്തുകാർ ഇപ്പോൾ കുടിവെള്ളം ശേഖരിക്കുന്നത്.