കടുത്തുരുത്തി: കടുത്ത വേനൽ വറുതിയിൽ നാട് വലയുന്നു. തോടുകളും ജലാശയങ്ങളും വറ്റി വരണ്ടു. കുടിവെള്ളത്തിനായി ജനം നെട്ടോട്ടത്തിൽ. ഞീഴൂർ, കടുത്തുരുത്തി, മാഞ്ഞൂർ, മുളക്കുളം പഞ്ചായത്തുകളിലെ ഉയർന്ന പ്രദേശങ്ങൾ കടുത്ത കുടിവെള്ള ക്ഷാമത്തിലാണ്.
ഉയർന്ന പ്രദേശങ്ങളോടൊപ്പം താഴ്ന്ന പ്രദേശങ്ങളിലേയും കിണറുകളും കുളങ്ങളും മറ്റു ജലാശയങ്ങളും വറ്റിവരണ്ടത് ഏറെ ദുരിതമായി. കടുത്ത വേനൽ ചൂടിൽ പടിഞ്ഞാറൻ പ്രദേശങ്ങളിലും ജലനിരപ്പ് ക്രമാതീതമായി താഴ്ന്നു വരികയാണ്.
ഞീഴൂർ, കടുത്തുരുത്തി പഞ്ചായത്തുകളുടെ മുഖ്യ ജലസ്രോതസായ വലിയതോട്ടിലേയും ചുള്ളിത്തോട്ടിലേയും വെള്ളം വറ്റി അടിതട്ട് വരെയെത്തിയത് പ്രദേശങ്ങളിലെ കിണറുകളിൽ ജലനിരപ്പും താഴ്ത്തി.
ഉയർന്ന പ്രദേശങ്ങളിൽ ഡിസംബർ മാസം മുതൽ കുടിവെള്ളം കിട്ടാനില്ലാത്തതിനാൽ കുടിവെള്ള വിതരണക്കാരിൽനിന്നു വെള്ളം വിലയ്ക്കു വാങ്ങുകയാണ്. തോടുകളും ജലാശയങ്ങളും വറ്റി വരണ്ടത് പാടശേഖരങ്ങളിൽ പച്ചക്കറി കൃഷിയ്ക്കിറങ്ങിയവരെയും വലയ്ക്കുകയാണ്.
കടുത്ത ചൂടിൽ പാടത്തും പറന്പിലും നട്ടിരുന്ന വാഴ, പച്ചക്കറി കൃഷികൾ കരിഞ്ഞുണങ്ങി. കടുത്ത ചൂടിൽ പാലുത്പാദനം ഗണ്യമായി താഴ്ന്നതായും കർഷകർ പറയുന്നു. ചൂടിൽ കാലികളെ പുറത്തിറക്കാൻ കഴിയാത്ത സ്ഥിതിയാണ്.
പാടത്തും പറന്പിലും പുല്ലും കൃഷികളും കരിഞ്ഞുണങ്ങുന്നത് മൂലം കാലികൾക്ക് പച്ചപ്പുല്ല് നൽകാനാവുന്നില്ല. വേനലിൽ കാലികൾക്ക് രോഗവും വർധിക്കുകയാണ്. രൂക്ഷമായ കുടിവെള്ള ക്ഷാമമുള്ളപ്പോൾ കാലികളെ കുളിപ്പിക്കാനോ, വെള്ളം നൽകാനോ കഴിയാത്ത സ്ഥിതിയാണ്.
പടിഞ്ഞാറൻ പ്രദേശമായ കല്ലറ പഞ്ചായത്തിലെ മുണ്ടാർ, നാലു ചുറ്റും വെള്ളത്താൽ വലയപെട്ടു കിടക്കുകയാണെങ്കിലും ഒരുതുള്ളി കുടിവെള്ളം ലഭിക്കാനില്ലാത് സ്ഥിതിയാണ്.
ഇവിടത്തുകാർ കിലോമീറ്ററുകൾ വള്ളം തുഴഞ്ഞ് ദൂരെ സ്ഥലങ്ങളിലെത്തിയാണ് കുടിവെള്ളം ശേഖരിച്ചു കൊണ്ടു പോകുന്നത്. ഏക്കർ കണക്കിന് പച്ചക്കറിക്കൃഷിയും മറ്റു കൃഷികളും വെള്ളം കിട്ടാതെ നാശത്തിന്റെ വക്കിലാണ്.
എംവിഐപി കനാലിലൂടെ വെള്ളം തുറന്നു വിടുന്നത് കൃത്യമായ ഇടവേളകളിലാക്കിയിൽ കനാലിനോടു ചേർന്നുള്ള പ്രദേശങ്ങളിലെ കിണറുകളിലും കൃഷിയടങ്ങളിലും വെള്ളമെത്തുമെന്ന് കർഷകർ പറയുന്നു.