കോന്നി: വേനൽ കനത്തതോടെ കൊക്കാത്തോട് പ്രദേശത്ത് കുടിവെള്ളക്ഷാമം രൂക്ഷമാകുന്നു. അരുവാപ്പുലം പഞ്ചായത്തിലെ മൂന്നും നാലും വാർഡുകളാണ് കൊക്കാത്തോട് പ്രദേശത്തുള്ളത്. അഞ്ഞൂറോളം കുടുംബങ്ങൾ താമസിക്കുന്നുണ്ട്. വേനൽ കടുത്താൽ കുടിവെള്ളം ഇന്നും ഇവർക്ക് കിട്ടാക്കനിയാണ്. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ കുടിവെള്ളത്തിനായി ടാങ്കുകൾ സ്ഥാപിച്ചങ്കെിലും ജനങ്ങൾക്ക് പ്രയോജനപ്രദമാകുന്നില്ല.
പഞ്ചായത്തിൽ ജലഅഥോറിറ്റിയുടെ പൈപ്പുലൈൻ സ്ഥാപിക്കാത്തതും കുടിവെള്ള ക്ഷാമത്തിന്റെ തീവ്രത കൂട്ടുന്നു. കുടിവെള്ളത്തിനായി നാട്ടുകാർ ചെറിയ തോടുകളെയും നദികളെയുമാണ് ആശ്രയിക്കുന്നത്. വറ്റിവരണ്ട തോടുകളിൽ ചെറിയ കുളങ്ങൾ കുത്തിയും കുടിവെള്ളം ശേഖരിക്കുന്നവരും ഏറെയുണ്ട്.
വെള്ളം കിട്ടാതെ പ്രദേശത്തെ കാർഷികവിളകൾ കരിഞ്ഞു തുടങ്ങിയിട്ട് ആഴ്ചകളായി. നെല്ലിക്കപാറ, നീരാമകുളം, കോട്ടാംപാറ, വലിയപ്പൂപ്പൻതോട്, കാഞ്ഞിരപ്പാറ എന്നിവിടങ്ങളിലാണ് ജനങ്ങൾ കുടിവെള്ളത്തിനായി നെട്ടോട്ടം ഓടുന്നത്. പ്രദേശത്ത് കുടിവെള്ളത്തിനായി ടാങ്കുകൾ സ്ഥാപിച്ചെങ്കിലും വെള്ളം എത്തുന്നില്ലന്നാണ് നാട്ടുകാർ പരാതിപെടുന്നത്. കുടിവെള്ള പ്രശ്നത്തിന് അടിയന്തര നടപടി സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.