ഹരിപ്പാട്: വേനലിന് ശക്തി കൂടിയിട്ടും കുടിവെള്ള നൽകാത്തതിൽ പ്രതിഷേധിച്ച് നാട്ടുകാർ റോഡിലിറങ്ങി. വീയപുരം ഗ്രാമപഞ്ചായത്തിലെ ഒന്ന്, രണ്ട് ,13 വാർഡുകാരാണ് പ്രതിഷേധവുമായി രംഗത്തിറങ്ങിയത്. ഒന്നാം വാർഡ് പഞ്ചായത്ത് അംഗം സൗദാമണി റഷീദ്, ബ്ലോക്ക് പഞ്ചായത്തംഗം ജോബിൾ പെരുമാൾ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൻ. പ്രസാദ് കുമാർ എന്നിവരുടെ കോലംകെട്ടി അതിൽ കുപ്പിവെള്ളം തൂക്കിയാണ് നാട്ടുകാർ പ്രതിഷേധിച്ചത്.
ഒരു രാഷ്ട്രീയ പാർട്ടികളേയും കൂട്ടുപിടിക്കാതെ നാട്ടുകാർ ഒത്തൊരുമിച്ച് പ്രതിഷേധിക്കുകയായിരുന്നു. വീയപുരത്ത കോയ്ക്കൽ ജംഗ്ഷനിലാണ് കോലം സ്ഥാപിച്ചത്. പ്രതിഷേധ സമരത്തിൽ ജനപ്രതിനിധികളേയും രാഷ്ട്രീയ പ്രതിനിധികളെയും ഒഴിവാക്കിയിരുന്നു. വാട്ടർ അഥോറിറ്റി വക രണ്ടരലക്ഷം ലിറ്റർ സംഭരണശേഷിയുള്ള ജലസംഭരണി, ജില്ലാ പഞ്ചായത്ത് വക രണ്ട് മിനി ടാങ്ക്, അഞ്ച് ആർഒ പ്ലാന്റ്, അഞ്ച് കിയോസ്കുകൾ, 254 പൊതുടാപ്പുകൾ എന്നിവയാണ് ഇവിടുത്തെ കുടിവെള്ള വിതരണ സംവിധാനം.
പായിപ്പാട് സ്ഥാപിച്ചിട്ടുള്ള ജലസംഭരണി കാലപ്പഴക്കത്താൽ നിലംപൊത്താറായ നിലയിലാണ്. കാരിച്ചാൽ, വെള്ളം കുളങ്ങര എന്നിവിടങ്ങളിൽ ജില്ലാപഞ്ചായത്ത് വക മിനി ടാങ്കുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഭൂഗർഭ ജലനിരപ്പ് താഴ്ന്നതിനാൽ ഈ പ്രദേശത്ത് കുടിവെള്ളം കിട്ടാക്കനിയാണ്. വീയപുരംകിഴക്ക്, പടിഞ്ഞാറ്, തുരുത്തേൽ, കാരിച്ചാൽ, പായിപ്പാട് എന്നിവിടങ്ങളിലെ പ്ലാന്റുകൾ പ്രവർത്തന രഹിതമാണ്.
ജലവിതരണ കുഴലുകൾ ഗുണനിലവാരമില്ലാത്തതും കാലപ്പഴക്കം ചെന്നതുമാണ്. ഒരുലക്ഷം രൂപ വെള്ളക്കരമായി ഗ്രാമ പഞ്ചായത്ത് വാട്ടർ അഥോറിറ്റിയിൽ അടയ്ക്കുന്നുമുണ്ട്. പൊതുകിണറുകളിലേയും കുളങ്ങളിലേയും വെള്ളം മലിനവുമാണ്. കുടിവെള്ളം കിട്ടാൻ മറ്റു മാർഗങ്ങളൊന്നും ഇല്ലാതെ വന്നതുകൊണ്ടാണ് ജനങ്ങൾ ഒറ്റക്കെട്ടായി പ്രതിഷേധിച്ചത്.
കുടിവെള്ള പ്രശ്നം ജനങ്ങൾ ഏറ്റെടുത്തതിനെ തുടർന്ന് രാഷ്ട്രീയ പാർട്ടികളും അടുത്ത ദിവസം സമരരംഗത്തിറങ്ങും. ഇന്നു രാവിലെ ഒന്പതിനു പഞ്ചായത്തുപടിക്കൽ കോണ്ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉപരോധ സമരം നടത്തും. ഡിസിസി പ്രസിഡന്റ് എം. ലിജു ഉപരോധ സമരം ഉദ്ഘാടനം ചെയ്യും.