കൊല്ലം :ജില്ലയിലെ കുടിവെള്ള ക്ഷാമം നേരിടുന്ന പ്രദേശങ്ങളിലെല്ലാം പരിഹാര നടപടികള്‍ക്ക് നിര്‍ദേശം. ജില്ലാ കളക്ടര്‍ ഡോ. എസ്. കാര്‍ത്തികേയന്റെ അധ്യക്ഷതയില്‍ കളക്ട്രേറ്റില്‍ ചേര്‍ന്ന ജനപ്രതിനിധികളുടേയും ഉദ്യോഗസ്ഥരുടേയും യോഗത്തിലാണ് അടിയന്തര പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കിയത്. ജലസംരക്ഷണ മാര്‍ഗങ്ങള്‍ ശക്തിപ്പെടുത്തി പുതിയ സ്രോതസുകള്‍ കണ്ടെത്തണം.
ആവശ്യാനുസരണം പരിമിതപ്പെടുത്തി ജലത്തിന്റെ ദുരുപയോഗം ഒഴിവാക്കുക എന്ന പൊതു നിര്‍ദേശമാണ് യോഗത്തില്‍ ഉയര്‍ന്നത്. കിണര്‍ റീചാര്‍ജിംഗ് അടക്കമുള്ള പ്രവര്‍ത്തനം ഊര്‍ജിതപ്പെടുത്തണം. ജലക്ഷാമം കൂടുതലുള്ള മേഖലകളില്‍ ജനകീയ സമിതികള്‍ രൂപീകരിച്ച് പരിഹാര നടപടികള്‍ക്ക് രൂപം നല്‍കണം. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും അംഗങ്ങളായി രൂപീകരിക്കുന്ന സമിതികള്‍ തദ്ദേശസ്വയം ഭരണ സ്ഥാപനതലത്തിലും പ്രവര്‍ത്തിക്കണം – കളക്ടര്‍ നിര്‍ദേശിച്ചു.
ജില്ലയില്‍ വരള്‍ച്ചയുടെ ആഘാതം നിലവില്‍ പരിമിതമാണ്. എന്നാല്‍ വരും ദിവസങ്ങളിലെ സാഹചര്യം കണക്കിലെടുത്ത് മുന്‍കരുതലെടുക്കണമെന്ന് യോഗത്തില്‍ അറിയിച്ചു.കരുനാഗപ്പള്ളി മേഖലയില്‍ പലയിടത്തും ഇപ്പോള്‍ തന്നെ കുടിവെള്ളക്ഷാമം നേരിടുന്നതായി ആര്. രാമചന്ദ്രന് എംഎല്.എ പറഞ്ഞു. തൊടിയൂരില്‍ പുതിയ കുഴല്‍ക്കിണര്‍ വേണം. ടാങ്കര്‍ വഴിയുള്ള ജലവിതരണം കൂടുതല്‍ ശക്തിപ്പെടുത്തണം. പമ്പിംഗിന്റെ ഇടവേള കുറയ്ക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.
ശാസ്താംകോട്ടയില്‍ നിന്നുള്ള പമ്പിംഗ് സമയം കൂട്ടി ചവറയിലെ കുടിവെള്ള പ്രശ്നം പരിഹരിക്കണമെന്ന് എന്‍. വിജയന്‍പിള്ള എംഎല്.എ ആവശ്യപ്പെട്ടു. തേവലക്കര, നീണ്ടകര, തെക്കുംഭാഗം പഞ്ചായത്തുകളില്‍ കുടിവെള്ളം എത്തിക്കുന്നതിന് പ്രത്യേക പരിഗണന നല്‍കണമെന്നും നിര്‍ദേശിച്ചു. അറ്റകുറ്റപണികള്‍ തീര്‍ത്ത് റോഡ് നിര്‍മാണത്തിന് മുമ്പായി പൈപ്പ്ലൈനുകള് സ്ഥാപിക്കണം എന്ന് എം. നൗഷാദ് എം.എല്‍.എ നിര്‍ദ്ദേശിച്ചു.
കുടിവെള്ള സ്രോതസുകളെല്ലാം സംരക്ഷിക്കുന്നതിനൊപ്പം പുതിയവയുടെ സാധ്യതകള്‍ കണ്ടെത്താനും അദ്ദേഹം നിര്‍ദേശം നല്കി. ടാങ്കറുകളില്‍ കുടിവെള്ളം എത്തിക്കുന്ന സംവിധാനം വ്യാപിപ്പിക്കണം എന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി. രാധാമണി ആവശ്യപ്പെട്ടു. പരവൂര്‍ ചീപ്പിലെ ചോര്‍ച്ച നിയന്ത്രിച്ച് മേഖലയിലെ കുടിവെള്ള സ്രോതസുകളിലെ ജലവിതാനം നിലനിറുത്താമെന്ന് നഗരസഭാ ചെയര്മാന് കെ.പി. കുറുപ്പ് ചൂണ്ടിക്കാട്ടി.
ജില്ലയിലെ ഭൂജലത്തിന്റെ തോത് കാര്യമായി കുറഞ്ഞിട്ടില്ല. പ്രധാന സ്രോതസുകളായ കല്ലട, ശാസ്താംകോട്ട എന്നിവിടങ്ങളിലും പോയ വര്‍ഷത്തെ തോതില്‍ വെള്ളമുണ്ട്. ഒറ്റപ്പെട്ട പ്രദേശങ്ങളിലാണ് ജലനിരപ്പ് താഴ്ന്നിട്ടുള്ളത്. കേടായ ഹാന്‍ഡ് പമ്പുകള്‍ നന്നാക്കിയും കൂടുതല്‍ കുഴല്‍ കിണറുകള്‍ നിര്‍മിച്ചും കൃത്രിമ റീചാര്‍ജിംഗ് നടത്തിയും വരള്‍ച്ചാ പ്രതിരോധ നടപടികള്‍ സ്വീകരിക്കുന്നതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. ബ്ലോക്ക്- ഗ്രാമപഞ്ചായത്തുകളിലെ ജനപ്രതിനിധികള്‍, വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.