കൂരാച്ചുണ്ട് : പഞ്ചായത്തിലെ മൂന്നാം വാർഡ് പൂവ്വത്തും ചോലയിലെ പനച്ചിക്കൽ കോളനിയിൽ കുടിവെള്ള ക്ഷാമം മുലം നാൽപ്പതോളം ഗുണഭോക്താക്കൾ ദുരിതക്കയത്തിൽ. ഇവിടെ1995 ൽ ജനകീയാസൂത്രണ പദ്ധതിയിലൂടെ പഞ്ചായത്ത് അനുവദിച്ച കുഴൽക്കിണറിൽ വെള്ളമില്ലാതെ മോട്ടോറിന് കേടുപാടു സംഭവിച്ചത് മാറ്റി പുതിയ മോട്ടോർ സ്ഥാപിക്കാത്തതാണ് ജലക്ഷാമത്തിനിടയാക്കിയത്.
പുതിയ മോട്ടോർ സ്ഥാപിക്കാൻ സ്വകാര്യ കമ്പനിയെ ചുമതലപ്പെടുത്തി ഒരു മാസത്തോളമായിട്ടും ലഭിച്ചില്ലെന്നും പരാതിയുണ്ട്. എന്നാൽ ഈപദ്ധതിയിൽ നിന്നും ആവശ്യാനുസരണം വെള്ളം ലഭ്യമല്ല. ഇപ്പോൾ പഞ്ചായത്ത് വാഹനത്തിൽ വെള്ളമെത്തിച്ചാണ് ഇവിടെയുള്ളവർ കാര്യങ്ങൾ നിവർത്തിക്കുന്നത്. എന്നാൽ അത്യാവശ്യത്തിനു പോലും വെള്ളം തികയാതെ ദൂരെ സ്ഥലത്തു നിന്നും തലച്ചുമടായി എത്തിക്കുകയുമാണ്.
ഇതിന് പരിഹാരമായി മറ്റൊരു കുടിവെള്ള സംവിധാനം ഒരുക്കണമെന്നാണ് ഗുണഭോക്താക്കൾ ആവശ്യപ്പെടുന്നത്. പ്രദേശത്തെ കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണാൻ പഞ്ചായത്തിന്റെ ഈ വർഷത്തെപദ്ധതിയിൽ ഫണ്ട് വകയിരുത്തിയിട്ടുണ്ടെന്ന് വാർഡ് മെമ്പർ ജോസ് ചെരിയൻ അറിയിച്ചു.