ചിങ്ങവനം: നാവ് നനയ്ക്കാൻ ഒരു തുള്ളി വെള്ളമില്ലാതെ നാട്ടുകാരുടെ നെട്ടോട്ടം. പരാതികൾക്കും പ്രതിഷേധങ്ങൾക്കും ചെവികൊടുക്കാത്ത അധികൃതരുടെ നടപടികളെ പഴിക്കുകയാണ് നാട്ടുകാർ. നഗരസഭാ പ്രദേശങ്ങളായ കോടിമത, മണിപ്പുഴ, മൂലേടം, മുപ്പായിക്കാട്, നാട്ടകത്തിന്റെ വിവിധ പ്രദേശങ്ങൾ, പള്ളം തുടങ്ങിയ പ്രദേശങ്ങൾ കടുത്ത കുടിവെള്ള ക്ഷാമത്തിന്റെ പിടിയിലാണ്. കുടിവെള്ളത്തിനായി കിലോമീറ്ററുകൾ സഞ്ചരിക്കേണ്ട ഗതികേടിലാണ് പ്രദേശവാസികൾ.
കോടിമത നാലുവരി പാതയുടെ നിർമാണ വേളയിൽ നിലവിലുണ്ടായിരുന്ന വാട്ടർ അഥോറിറ്റിയുടെ പൈപ്പ് ലൈൻ വിഛേദിച്ചിരുന്നു. പാതയുടെ പണികൾ തീർന്ന് വർഷങ്ങൾ കഴിഞ്ഞിട്ടും പൈപ്പ് ലൈൻ പുന:സ്ഥാപിച്ചിട്ടില്ലെന്ന് നാട്ടുകാർ പരാതിപ്പെടുന്നു. ഇതോടെ കോടിമതയിലും പരിസര പ്രദേശങ്ങളിലും വസിക്കുന്നവർക്ക് കുടി വെള്ളം കിട്ടാക്കനിയായി.
പള്ളം, നാട്ടകം തുടങ്ങിയ പ്രദേശങ്ങളിലെ പടിഞ്ഞാറൻ മേഖലയിലുള്ളവർ കൊടൂരാറ്റിലൂടെ വള്ളത്തിൽ കുടിവെള്ളത്തിനായി പോകാൻ വയ്യാത്ത സ്ഥിതിയിലുമായി. ആറ്റിൽ പോള തിങ്ങി നിറഞ്ഞു കിടക്കുന്നതിനാൽ വള്ളം തുഴയാൻ പറ്റാത്ത അവസ്ഥയിലാണ്. ഇതുമൂലം വിലിയ വില കൊടുത്ത് വെള്ളം വാങ്ങേണ്ട സ്ഥിതിയാണ്.
പള്ളത്ത് വാട്ടർ അഥോറിറ്റിയുടെ കുളവും പന്പ്ഹൗസും ഉപേക്ഷിച്ചിട്ട് വർഷങ്ങളായി. മോട്ടോർ കേടായതിനെ തുടർന്നാണ് ആവശ്യത്തിന് വെള്ളം ലഭിക്കുമായിരുന്ന ഈ പദ്ധതി അധികൃതർ ഉപേക്ഷിച്ചത്. ഇതോടെ പള്ളം ,വാലേക്കടവ്, വെട്ടിത്തറ, കാഞ്ഞൂർ തുടങ്ങിയ പ്രദേശങ്ങളിൽ കുടിവെള്ള വിതരണം നിലച്ചു.
വെട്ടിത്തറ, കാഞ്ഞൂർ പ്രദേശങ്ങളിലുള്ളവർക്കായി നഗരസഭ ചിങ്ങവനം മാർക്കറ്റിലെ കിണറും, മറ്റൊരു കുഴൽക്കിണറും നിർമിച്ച് വെള്ളം വിതരണം നടത്തുന്നതിനുള്ള നടപടികളെടുത്തിരുന്നു. എന്നാൽ അതും പണി മുടക്കിയിട്ട് നാളുകളായി.
എല്ലാ വർഷവും പ്രയോജനപ്പെടാത്ത കുഴൽക്കിണർ കുത്തിയും പൈപ്പ് ലൈൻ സ്ഥാപിച്ചും കോടികളാണ് ചെലവഴിച്ചിട്ടുള്ളത്. കുടിവെള്ളത്തിനായി സ്ഥാപിച്ചിട്ടുള്ള പദ്ധതികൾ പലയിടത്തും നോക്കുകുത്തികളായി നിൽക്കുന്പോൾ ദാഹമകറ്റാൻ പരക്കം പായുകയാണ് നാട്ടുകാർ.