കുമരകം: ചീപ്പുങ്കൽ മാലിക്കായൽ പ്രദേശത്ത് കുടിവെള്ളം എത്താതായിട്ട് ഒരു വർഷത്തിലേറെയായി. ചീപ്പുങ്കൽ പടിഞ്ഞാറു ഭാഗത്ത് വേന്പനാട് കായലിനോടു ചേർന്നുള്ള മാലിക്കായൽ പ്രദേശത്തെ മൂന്നു വീട്ടുകാർക്കാണ് ജീവിതം വഴിമുട്ടിയത്.
ജലവിതരണ വകുപ്പിന്റെയും പഞ്ചായത്തിന്റെ തനതു പദ്ധതിയായ ജലനിധിയുടെയും കണക്ഷനുകളുള്ള ഉപയോക്താക്കളാണു കുടിവെള്ളത്തിനായി നെട്ടോട്ടം ഓടുന്നത്.
കുമരകത്തോ വിരിപ്പുകാലയിലോ എത്തി ഏതെങ്കിലും പൊതുടാപ്പുകളിൽനിന്ന് വെള്ളം ശേഖരിച്ചു ഗതാഗതയോഗ്യമായ റോഡ് ഇല്ലാത്തതിനാൽ കിലോമീറ്ററുകൾ കാൽനടയായോ അർബാനയിലോ വെള്ളം എത്തിച്ചാണു ഈ കുടുംബങ്ങൾ ആവശ്യങ്ങൾ നിറവേറ്റുന്നത്.
വിനോദ് മാലിക്കായൽ, മണി മാന്പറന്പിൽ, സജീവ് മാലിക്കായൽ എന്നീ വീട്ടുകാർക്ക് ഒന്നര വർഷം മുന്പ് വരെ പൈപ്പിൽനിന്നു സുലഭമായി വെള്ളം ലഭിച്ചിരുന്നു. പിന്നീട് വെള്ളം ലഭിക്കാതെ ആയതോടെ പലതവണ അറ്റകുറ്റപ്പണികൾ നടത്തിയിട്ടും തകരാർ കണ്ടെത്തി പരിഹരിക്കാനായില്ല.
ഇതൊടൊപ്പം ചീപ്പുങ്കൽ പാലത്തിന്റെ പടിഞ്ഞാറൻ പ്രദേശങ്ങളിലെ മറ്റു പലവീടുകളിലും മാസങ്ങളായി കുടിവെള്ളം എത്തുന്നില്ല. റോഡ് സൗകര്യമുള്ള വീട്ടുകാർ 500 ലിറ്റർ വെള്ളത്തിനു 350 രൂപ നിരക്കിൽ ടാങ്കർ വാഹനങ്ങളിൽ വെള്ളം എത്തിച്ചാണു ഉപയോഗിക്കുന്നത്.
അയ്മനം പഞ്ചായത്തിൽ യുഡിഎഫ് നടപ്പിലാക്കി തുടങ്ങിയ ജലനിധി പദ്ധതി ഭരണം മാറിയതോടെ അവതാളത്തിലായി. അയ്മനം പഞ്ചായത്തിലെ 20-ാം വാർഡായ ചീപ്പുങ്കൽ പ്രദേശത്ത് ജലക്ഷാമം രൂക്ഷമായി തുടരുന്പോൾ കേവലം 30 മീറ്റർ അകലെ പെണ്ണാറിന്റെ മറുകരയിലുള്ള ആർപ്പൂക്കര പഞ്ചായത്തിന്റെ ഒന്നാം വാർഡിൽ ശുദ്ധജലം സുഭിക്ഷമാണെന്നാണ് നാട്ടുകാർ പറയുന്നത്.
വേന്പനാട്ട് കായലിലെയും പെണ്ണാറിലെയും ജലം പോളചീഞ്ഞു മലിനമാകുകയും ഉപ്പുവെള്ളം കയറി തുടങ്ങുകയും ചെയ്തതോടെ നാലുദിക്കിലും ജലമുണ്ടെങ്കിലും ഉപയോഗിക്കാനാവാത്ത അവസ്ഥയിലാണു പ്രദേശവാസികൾ.