മങ്കൊമ്പ്: വീടിനു ചുറ്റിലും വെള്ളമാണെങ്കിലും കുടിവെള്ളത്തിനു തീവില നൽകുകയാണ് കാവാലം, നീലംപേരൂർ ഗ്രാമപഞ്ചായത്തുകളിലെ ജനങ്ങൾ. എന്നാൽ വേനൽ കടുത്തതോടെ ഇവിടെ ജനങ്ങൾ കുടിവെള്ളത്തിനായി പരക്കം പായുന്നു. കുട്ടനാടിന്റെ വടക്കൻ മേഖലയിലുള്ള ഗ്രാമപഞ്ചായത്തുകളിൽ വാട്ടർ അഥോറിറ്റിയുടെ കുടിവെള്ളമെത്താതായിട്ട് ഒരു വ്യാഴവട്ടക്കാലമാകുന്നു.
ഇത്രയും കാലമായി ഈ പ്രദേശത്തെ ജനങ്ങൾ അയൽ ജില്ലയിൽ നിന്നും വാഹനങ്ങളിൽ കൊണ്ടുവരുന്ന വെള്ളം വിലക്കു വാങ്ങുകയാണ്.ലിറ്റൊറൊന്നിന് അറുപതു മുതൽ ഒരു രൂപവരെ വിലകൊടുത്താണ് ഇവർ ദാഹമകറ്റുന്നത്. റോഡ് സൗകര്യമില്ലാത്ത പ്രദേശങ്ങളിൽ ഇപ്പോഴും പൊതുജലാശയങ്ങളിലെ ജലം കുടിക്കാനും ആഹാരം പാകം ചെയ്യാനും ഉപയോഗിക്കുന്നവരുമുണ്ട്. 12 വർഷം മുൻപുവരെ മിക്ക പ്രദേശങ്ങളിലും ടാപ്പുകളിൽ വെള്ളമെത്തിയിരുന്നു.
പിന്നീട് ടാപ്പുകളിൽ വെള്ളമെത്താതായതോടെയാണ് വെള്ളം വിലക്കു വാങ്ങിത്തുടങ്ങിയത്. എന്നാൽ ഇക്കൊല്ലവും വേനൽ കടുത്തതോടെ വിലയ്ക്കും വെള്ളം കിട്ടാനില്ലാതെയായി. ചിങ്ങവനം, കുറിച്ചി, തുരുത്തി തുടങ്ങിയ പ്രദേശങ്ങളിൽ നിന്നാണ് വിൽപനക്കാർ വെള്ളമെടുത്തിരുന്നത്. മഴ കുറഞ്ഞതോടെ ഈ കുളങ്ങൾ വറ്റിത്തുടങ്ങി. ഇതോടെ പ്രദേശവാസികൾ പ്രതിഷേധിച്ചതോടെ വെള്ളം തേടി തിരുവല്ല, ചിങ്ങവനം എന്നിവിടങ്ങിലേക്കു പോകേണ്ടിവന്നു.
വെള്ളത്തിനായി കൂടുതൽ യാത്ര ആവശ്യമായതോടെ വിൽപനക്കാർ വെള്ളത്തിന്റെ വിലയും കൂട്ടി. കടുത്ത കുടിവെള്ള പ്രതിസന്ധി നേരിട്ടപ്പോഴും റവന്യു വകുപ്പിന്റെ കുടിവെള്ള വിതരണം വൈകിയിരുന്നു. സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിൽ ചിലപ്രദേശങ്ങളിൽ കുടിവെള്ളമെത്തിച്ചിരുന്നു. പിന്നീട് റവന്യു വകുപ്പ് കുടിവെള്ള വിതരണം ആരംഭിച്ചപ്പോഴും നല്ലൊരു വിഭാഗം ജനങ്ങൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കുന്നില്ല.
ഗ്രാമപഞ്ചായത്തിന്റെ 13 വാർഡുകളിലായി സ്ഥാപിച്ചിട്ടുള്ള 35 ഓളം കിയോസ്കുകളിൽ വെള്ളം നിറച്ചു നൽകുകയാണ് ചെയ്യുന്നത്. ഒരു വാർഡിൽ ആറു ദിവസം കൂടുന്പോഴാണ് ഇത്തരത്തിൽ വെള്ളമെത്തുന്നത്. എന്നാൽ പരിസരത്തുള്ളവർക്കു പോലും ഈ വെള്ളം തികയാറില്ലെന്നാണ് പരാതി. ആളോഹരി ഒരു ദിവസം 60 ലിറ്റർ വെള്ളം ആവശ്യമാണെന്നാണ് കണക്ക്.
ഇങ്ങനെ കണക്കാക്കിയാൽ ദിവസേന ഗ്രാമപഞ്ചായത്തിലാകെ ഒരു ലക്ഷം ലിറ്റർ വെള്ളം ആവശ്യമാണ്. ഗ്രാമപഞ്ചായത്തിന്റെ കണക്കുകൾ പ്രകാരം ലോറിയിലും വള്ളത്തിലുമായി പ്രതിദിനം 34,000 ലിറ്റർ വെള്ളമാണ് വിതരണം ചെയ്യുന്നത്. ഇതിനിടെ പൊതുജലാശയങ്ങളിൽ ഉപ്പുവെള്ളം നിറഞ്ഞതോടെ വെള്ളത്തിന്റെ ഉപയോഗം വർധിച്ചിരിക്കുകയാണ്.
ഓരോ വർഷവും കുടിവെള്ളത്തിന്റെ പേരിൽ പാഴാക്കുന്ന ലക്ഷങ്ങൾ ചെലവഴിച്ച് ഈ പ്രദേശത്തെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനുള്ള സ്ഥിരം സംവിധാനം ഉണ്ടാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം