തിരുവല്ല: കുട്ടനാട്ടിലെ കടുത്ത ശുദ്ധജല ക്ഷാമത്തിന് പരിഹാരമായി തിരുവല്ല കറ്റോട് നിന്നുള്ള കുടിവെള്ള പദ്ധതിക്കു പുനർജീവൻ. വര്‍ഷങ്ങളായി നിലച്ചു കിടന്ന പദ്ധതിയാണ് വീണ്ടും പ്രവർത്തനക്ഷമമാകുന്നത്.ഇതിന്റെ ഭാഗമായി നെടുമ്പ്രം മണക്ക് ആശുപത്രിക്കു സമീപത്തായി പൊട്ടിയ പൈപ്പ് ലൈന്‍ മാറ്റി സ്ഥാപിക്കാനായി ജല അഥോറിറ്റി പത്ത് ലക്ഷം രൂപ അനുവദിച്ച് പണി ആരംഭിച്ചു.
കറ്റോട്ട് നിന്ന് വിതരണം ചെയ്യുന്ന ശുദ്ധജലം നീരേറ്റുപുറം കുടിവെള്ള പദ്ധതിയുമായി സംയോജിപ്പിച്ച് കുട്ടനാട്ടിലെ ഏഴോളം പഞ്ചായത്തില്‍ വിതരണം ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്. കറ്റോട്ടു നിന്ന് ആറ് ദശലക്ഷവും നീരേറ്റുപുറത്ത് നിന്ന് മൂന്ന് ദശലക്ഷം ലിറ്റര്‍ വെള്ളവും വിതരണം ചെയ്യും. ഇതോടെ തലവടി, എടത്വ, വീയപുരം, മുട്ടാര്‍, വെളിയനാട്, കിടങ്ങറ, രാമങ്കരി പഞ്ചായത്തില്‍ ആദ്യഘട്ടം കുടിവെള്ളം എത്തിക്കും.
മൂന്ന് പതിറ്റാണ്ടിന് മുന്‍പ് കുട്ടനാട് കുടിവെള്ള പദ്ധതിക്കായി തുടങ്ങിവച്ച കറ്റോട് പദ്ധതി തുടക്കത്തില്‍ കുട്ടനാട്ടിലെ ഏതാനും പഞ്ചായത്തുകളില്‍ ഗുണം ചെയ്തെങ്കിലും കാലക്രമേണ വിതരണം നിലയ്ക്കുകയായിരുന്നു.നീരേറ്റുപുറം, ആലപ്പുഴ കുടിവെള്ള പദ്ധതി കമ്മീഷന് ചെയ്തതോടെ കറ്റോട് നിന്നുള്ള വെള്ളം കുട്ടനാട്ടില്‍ ലഭിക്കാതായി. പിന്നീട് പല പ്രതിഷേധങ്ങള്‍ നടന്നെങ്കിലും ജല അഥോറിറ്റി കറ്റോട് പദ്ധതി പ്രാവര്‍ത്തികമാക്കാന്‍ തയാറായില്ല.
ഇതോടെ ഈ പദ്ധതി കുട്ടനാട്ടുകാര്‍ മറന്ന അവസ്ഥയിലായിരുന്നു. നീരേറ്റുപുറം കുടിവെള്ള പദ്ധതി കമ്മീഷന് ചെയ്തെങ്കിലും ശുദ്ധജലം ലഭിക്കാതെ വന്നതോടെ വീണ്ടും കറ്റോട് പദ്ധതി പ്രാവര്‍ത്തികമാക്കാന്‍ പൊതുജനങ്ങള്‍ ശക്തമായി ആവശ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്നാണ് കറ്റോട് പദ്ധതി പുനരുജ്ജീവിപ്പിക്കുന്നത്.
പൈപ്പ് ലൈന്‍ നന്നാക്കുന്ന പ്രദേശം തലവടി പഞ്ചായത്ത് പ്രസിഡന്റ് ജനൂപ് പുഷ്പാകരന്‍, പഞ്ചായത്തംഗം അജിത്ത് കുമാര്‍ പിഷാരത്ത്, കുട്ടനാട് എംഎല്‍എയുടെ പ്രതിനിധികളായ തോമസ് കോശി, തോമസ് ജോസഫ് എന്നിവര്‍ സന്ദര്‍ശിച്ചു.