കോട്ടയം: അധികൃതർ കണ്ണടച്ചപ്പോൾ കുടിവെള്ളം മുട്ടിയ ഒരുപറ്റം ജനതയിവിടെയുണ്ട്. നഗരാതിർത്തിയിൽ കോടിമതയിൽനിന്നും മൂലേടം പോകുന്ന വഴിയിൽ തുരുത്തുംമേൽ ചിറ, മുപ്പായിക്കാട്, പൂഴിക്കുന്നേൽ, സിമിന്റ് കവല, വാലാടിചിറ, പാറക്കുളം തുടങ്ങിയ വിവിധ പ്രദേശങ്ങളിലെ നൂറുകണക്കിനു വീടുകളിലേക്കുള്ള കുടിവെള്ള വിതരണം നിലച്ചിട്ട് വർഷങ്ങൾ പിന്നിടുന്നു.
മുന്പ് വാട്ടർ അഥോറിറ്റിയുടെ കൂടിവെള്ള വിതരണം ഈ പ്രദേശങ്ങളിലുണ്ടായിരുന്നു. 2012 മാർച്ചിൽ കോടിമതയിൽനിന്നും മണിപ്പുഴവരെയുള്ള നാലുവരിപ്പാത വന്നതിനുശേഷമാണു കുടിവെള്ള വിതരണം നിലച്ചത്. റോഡിനു വീതി കൂട്ടിയപ്പോൾ പൈപ്പ് കണക്ഷൻ തകർന്നു.
റോഡിന്റെ പല ഭാഗങ്ങളിൽ കൂടി ജലം പാഴായിപ്പോകാൻ തുടങ്ങിയതോടെ 2012ൽ വാട്ടർ അഥോറിറ്റിയാണ് ഈ പ്രദേശങ്ങളിലേക്കുള്ള കണക്ഷൻ കോടിമത പാലത്തിൽവച്ചു നിർത്തിവച്ചത്. ഇനി പുതിയ പൈപ്പ് കണക്ഷൻ സ്ഥാപിച്ചാൽ മാത്രമേ കുടിവെള്ള വിതരണം പുനസൃഷ്ടിക്കാൻ സാധിക്കുകയുള്ളു.
കുടിവെള്ളം കിട്ടാതിരുന്ന സാഹചര്യത്തിലും ഈ പ്രദേശങ്ങളിലുള്ള നിർധനരായ കുടുംബങ്ങൾ ആയിരത്തിലധികം രൂപ അടയ്ക്കാനുള്ള ബില്ലും വാട്ടർ അഥോറിറ്റി നൽകിയിരുന്നു. പലരേയും ഭീഷണിപ്പെടുത്തി പണം അടപ്പിക്കാൻ ശ്രമിച്ചപ്പോൾ ചോദ്യം ചെയ്തവരോട് കംപ്യൂട്ടറിൽ സംഭവിച്ച സാങ്കേതിക പ്രശ്നമെന്നു പറഞ്ഞു തടിയൂരാനാണ് ഉദ്യോഗസ്ഥർ ശ്രമിച്ചത്.
കോടിമത പാലത്തിൽനിന്നും അഞ്ചിഞ്ചു വണ്ണമുള്ള പൈപ്പ് ലൈൻ കണക്ഷൻ മുൻസിപ്പാലിറ്റി സ്ഥാപിച്ചെങ്കിലും അതിന്റെ പ്രയോജനം ബിസിനസ് സ്ഥാപനങ്ങൾക്കു മാത്രമാണുള്ളതെന്നും നാട്ടുകാർ ആരോപിക്കുന്നു. ഇവിടെയുള്ള പ്രദേശവാസികൾ ഇപ്പോൾ അമിത വില നൽകിയാണ് കുടിവെള്ളം വാങ്ങുന്നത്.
കഴിഞ്ഞ ലോകസഭ തെരഞ്ഞെടുപ്പിൽ ഇതിൽ പ്രതിക്ഷേധിച്ച് ഒരു വിഭാഗം ജനങ്ങൾ ഇവിടെ വോട്ട് ചെയ്യാതെ പ്രതിഷേധിച്ചിരുന്നു. ഈരയിൽ കടവ് പാലത്തിലെ പൈപ്പ് ലൈനിൽനിന്നും പുതിയ കണക്ഷൻ ഈ പ്രദേശങ്ങളിലേക്ക് എത്തിക്കുമെന്നു പറയുന്നുവെങ്കിലും അതിൽ വ്യക്തതയില്ല.
പ്രശ്ങ്ങൾ ഇപ്പോഴും പരിഹരിക്കപ്പെടാത്തതിനു കാരണം രാഷ്ട്രീയക്കാരുടെ ഭിന്നതയാണെന്നും മന്ത്രി തലത്തിൽ വരെ ഇതിനെക്കുറിച്ചുള്ള പരാതി നൽകിയിട്ടുണ്ടെന്നു പ്രദേശവാസികൾ പറഞ്ഞു.
തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ 43 ലക്ഷം തുക അനുവദിച്ചെങ്കിലും യാതൊരുവിധ നടപടികൾ ഇല്ലെന്നും ഇവിടുത്തെ നാട്ടുകാർക്ക് കുടിവെള്ള വിതരണം പുനർസൃഷ്ടിക്കണമെന്നും മറ്റാവശ്യങ്ങൾക്കായി ചെളി നിറഞ്ഞ നാട്ടകം-മുപ്പായിക്കാട് തോട് വൃത്തിയാക്കി നീരൊഴുക്ക് ഉള്ളതാക്കി തീർക്കണമെന്നും ആവശ്യപ്പെട്ട് കോണ്ഗ്രസ് കോടിമത 44-ാം വാർഡ് 109-ാം ബൂത്ത് കമ്മിറ്റി പ്രസിഡന്റ് ബഞ്ചമിൻ ജോസഫ് ജില്ലാ കളക്ടർക്കു നിവേദനം നൽകിയിട്ടുണ്ട്.