കാട്ടാക്കട : പായലും ചെളിയും പിന്നെ കാടും. ഒരു കാലത്ത് നിവാസികൾക്ക് കുടിവെള്ളം ചുരത്തിയിരുന്ന നക്രംചിറ കുളം ഇന്ന് അധികൃതരുടെ അവഗണനയിൽ. പൂവച്ചൽ പഞ്ചായത്തിലെ പ്രധാന കുളങ്ങളിലൊന്നായ ഇവിടെ പേരിന് പോലും അറ്റകുറ്റപണികൾ നടത്താറില്ല.
മിനിനഗർ ജംഗഷ്നുസമീപമാണ് ഏതാണ്ട് മുക്കാൽ ഏക്കറിൽ പരന്നു കിടക്കുന്ന കുളം. ഒരു കാലത്ത് ഇവിടെ നിന്നും വെള്ളം ശേഖരിച്ച് സമീപത്തെ ടാങ്കിലെത്തിച്ച് വിതരണം ചെയ്യുമായിരുന്നു. എന്നാൽ ഇപ്പോൾ ആ സംവിധാനമില്ല. അതോടെ കുളത്തെയും പഞ്ചായത്ത് കൈവിട്ടു.
പൈപ്പിലൂടെ വെള്ളം എത്തുമെന്ന് കരുതി വിവിധ ഭാഗങ്ങളിലുള്ള കുളങ്ങൾ നവീകരിക്കാനോ അതിൽ നിന്നും വെള്ളം പമ്പ് ചെയ്ത് വിതരണം നടത്താനോ ബന്ധപ്പെട്ടവർ തയാറാകുന്നില്ല.
എന്നാൽ പൈപ്പുവെള്ളം എന്ന കനി കണ്ട് ആ സംവിധാനത്തെ അട്ടിമറിക്കുകയും ചെയ്തു.ഇത്തരത്തിൽ പഞ്ചായത്തുവക കുളവും അതുമായി ബന്ധപ്പെട്ട സ്ഥലവും കാടുകയറി നശിക്കുകയാണ്. കുളത്തിൽ പായലും കാട്ടുവള്ളികളും നിറഞ്ഞിട്ടും അത് വൃത്തിയാക്കാനുള്ള പദ്ധതി തുടങ്ങിയിട്ടില്ല.
പായൽ കേരാൻ എത്തിയ സംഘം മൂന്ന് വർഷം മുൻപ് അത് പാതി വഴിയിൽ നിറുത്തി പോയതും അന്ന് നാട്ടുകാർ പ്രതിഷേധിച്ചിരുന്നു. വർഷങ്ങൾക്ക് മുൻപ് നിർമ്മിച്ച ഈ കുളത്തിൽ ഏതു സമയത്തും വെള്ളമുണ്ട്.
അതിനാൽ കുളം നവീകരിച്ച് കുടിവെള്ള പദ്ധതി നടപ്പിലാക്കണമെന്നും കുളിക്കാനും മറ്റുമുള്ളസംവിധാനം ഒരുക്കണമെന്നും കുളത്തിൽ മൽസ്യകൃഷി ചെയ്യണമെന്നും ആവശ്യമുയർന്നതിനെ തുടർന്ന് പഞ്ചായത്ത് ഒരു പദ്ധതി ഇട്ടിരുന്നു.
എന്നാൽ അത് ഫയലിൽ തന്നെ ഉറങ്ങി.സമീപത്ത് നിരവധി കർഷകരാണ് പച്ചക്കറി ഉൾപ്പടെ ക്യഷി ചെയ്യുന്നത്. ഇവർക്ക് വെള്ളം ഒരു പ്രധാന പ്രശ്നമാണ്. കർഷകർക്ക് വെള്ളം എത്തിക്കാനുള്ള പദ്ധതി വേണമെന്നാവശ്യം പോലും പരിഗണിച്ചിട്ടില്ല.
ഇപ്പോൾ കുളത്തിന്റെ സമീപ ഭാഗങ്ങൾ പലരും കയ്യേറിയിട്ടുണ്ട്. കുളത്തിന്റെ സമീപത്ത് കരകൃഷിയും ഇവർ നടത്തുന്നു. കുളത്തിലിപ്പോൾ ചെളിമയമാണ്. കുളത്തിന്റെ ശോച്യാവസ്ഥയിൽ പ്രതിഷേധിച്ചും കുളത്തിന്റെ ഭൂമി കൈയേറിയതിൽ നടപടി വേണമെന്നാവശ്യപ്പെട്ടും സമരത്തിന് ഒരുങ്ങുകയാണ് നാട്ടുകാർ. – കോട്ടൂർ സുനിൽ