റാന്നി: നാറാണംമൂഴി പഞ്ചായത്തിൽ കുടിവെള്ളപ്രതിസന്ധി രൂക്ഷമാകുന്നു. കുടിക്കാനും കുളിക്കാനും വെള്ളമില്ലാതെ വലയുകയാണ് ആളുകൾ. ഉയർന്ന പ്രദേശത്തെ കിണറുകളെല്ലാം വളരെ നേരത്തെ വറ്റി. തോടുകളുടെ അരികിലുള്ള കിണറുകളിൽ മാത്രമാണ് അല്പമെങ്കിലും വെള്ളമുള്ളത്. ഇവിടെയും മതിയായ അളവിൽ ശേഖരിക്കാൻ ഇല്ലാത്തതിനാൽ കുടിവെള്ളത്തിനായി എത്തുന്നവർക്ക് വെള്ളം ശേഖരിച്ചുകൊണ്ടു പോകാനാകുന്നില്ല. പന്പാ നദിക്കരയിലെ കിണറുകളിൽ പോലും വെള്ളമില്ലാത്ത സ്ഥിതിയാണ്.
നിറയെ പാറയായതിനാൽ തോടുകൾക്ക് അരികിൽ കുഴികൾ കുത്തി വെള്ളം ശേഖരിക്കുന്നതുപോലെ നദീതീരത്തു നിന്നും വെള്ളമെടുക്കാനും കഴിയില്ല. നദിയിൽ തന്നെ നീരൊഴുക്ക് ഏതാണ്ട് നിലച്ചമട്ടാണ്. കെട്ടികിടക്കുന്ന വെള്ളത്തിലാണ് ആളുകൾ വസ്ത്രം കഴുകുന്നതും കുളിക്കുന്നതും. ഇത് ശരീരമാസകലം ചൊറിച്ചിലിനും ഇടയാക്കുന്നതായി നാട്ടുകാർ പറയുന്നു.
ദൂരസ്ഥലങ്ങളിലെ കിണറുകളിൽ നിന്നും കുടിവെള്ളം വാഹനങ്ങളിൽ എത്തിച്ചു നല്കുന്നവരെ ആശ്രയിച്ചാണ് ഇപ്പോൾ ഏറെപ്പേരും കുടിവെള്ള പ്രതിസന്ധിക്ക് പരിഹാരം തേടുന്നത്. വാഹനങ്ങളിൽ വെള്ളം എത്തിക്കുന്നതിനു ഇപ്പോൾ മുൻ വർഷങ്ങളെ അപേക്ഷിച്ച് വൻ വില നല്കേണ്ടി വരുന്നുണ്ട്. ശേഖരിക്കാൻ പാത്രങ്ങളും മുടക്കാൻ പണവുമുള്ളവർക്കേ ഇങ്ങനെയും വെള്ളം ശേഖരിക്കുന്പോൾ നിർധനരായവർക്ക് ദൂരെ സ്ഥലങ്ങളിൽ പോയി തലച്ചുമടായി വെള്ളം കൊണ്ടുവരണം.
പഞ്ചായത്തിൽ ഇപ്പോൾ പെരുനാട് – അത്തിക്കയം ജലവിതരണ പണിക്കായി പൈപ്പിടുന്ന ജോലികൾ നടക്കുന്നുണ്ടെങ്കിലും പദ്ധതി പൂർത്തീകരിച്ച് ജലവിതരണം നടക്കണമെങ്കിൽ ഇനിയും വർഷങ്ങൾ കാത്തിരിക്കണം. പഞ്ചായത്ത് പരിധിയിൽ കണ്ണന്പള്ളിയിലും ചെന്പന്മുടിയിലും സംഭരണ ടാങ്കുകൾ നിർമിക്കണം. പെരുനാട്ടിൽ നിന്നും സംഭരണ ടാങ്കുകളിലേക്കുള്ള പ്രധാന പൈപ്പുലൈനുകളും സ്ഥാപിച്ചിട്ടില്ല