മറയൂർ: മറയൂർ പഞ്ചായത്ത് നാലാം വാർഡിൽ സഹായഗിരി ഭാഗങ്ങളിൽ 18 ദിവസമായി ശുദ്ധജലം ലഭിക്കുന്നില്ലെന്ന് ആരോപിച്ച് കോവിൽക്കടവ് സ്വദേശി ബിജു കനകാസ്യൻ പഞ്ചായത്ത് ഓഫീസിനുമുൻപിൽ കുത്തിയിരിപ്പുസമരം നടത്തി.
കോവിൽക്കടവ് തെങ്കാശിനാഥൻ ക്ഷേത്രത്തിനു സമീപത്തുനിന്ന് ബൈക്കിൽ കുടിവെള്ളമില്ലായെന്ന വാചകം എഴുതിയ കാലിക്കുടങ്ങൾ ബൈക്കിൽ തൂക്കിയിട്ട് കഴുത്തിൽ ബോർഡും തൂക്കിയാണ് മറയൂർവരെ യാത്രചെയ്ത് പഞ്ചായത്ത് ഓഫീസിനുമുന്നിൽ സമരം നടത്തിയത്.
ജലനിധി പദ്ധതിയിലൂടെ കുടിവെള്ളം എത്തിയിരുന്നെങ്കിലും അടിക്കടി കുടിവെള്ളം തടസപ്പെടുമായിരുന്നു. നിലവിൽ ശുദ്ധജലക്ഷാമം രൂക്ഷമാണ്.
പലതവണ പഞ്ചായത്ത് അധികൃതരോട് വിവരം സൂചിപ്പിച്ചിരുന്നെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചില്ല.
കൂടാതെ, പാന്പാറിൽ ഏറെ മാലിന്യങ്ങൾ ഒഴുകുന്പോഴും യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നും ശുദ്ധജലം എത്തിച്ചില്ലെങ്കിൽ തുടർ പോരാട്ടം നടത്തുമെന്നും ബിജു പറഞ്ഞു.
എന്നാൽ 2013-ൽ ജലനിധി പദ്ധതി മുഖേന നടപ്പാക്കി പിജി ഗ്രൂപ്പ് മുഖേനയാണ് ശുദ്ധജലം ഉപഭോക്താക്കൾക്ക് എത്തിച്ചുനൽകുന്നതെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഉഷാ ഹെൻട്രി ജോസഫ് പറഞ്ഞു.
എന്നാൽ വേനൽ കനത്തതോടെ കുടിവെള്ളക്ഷാമം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിലും മറയൂർ മേഖലയിൽ ഒരുദിവസം ഇടവിട്ട് എല്ലാവർക്കും കുടിവെള്ളമെത്തിച്ചു നൽകുന്നു.
ഇപ്പോൾ നടത്തുന്ന പോരാട്ടം രാഷ്ട്രീയ ഗൂഢാലോചനയാണെന്നും കുടിവെള്ളക്ഷാമം ഉണ്ടെങ്കിൽ പഞ്ചായത്ത് മുഖേന ശുദ്ധജലം ലഭിക്കുവാനുള്ള നടപടികൾ സ്വീകരിക്കുമെന്നും പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.