ആലപ്പുഴ: വേനൽ കനത്തതോടെ നഗരത്തിലെ ഭൂരിഭാഗം പ്രദേശങ്ങളിലും കുടിവെള്ള ക്ഷാമം രൂക്ഷമായിരിക്കെ വാട്ടർ അഥോറിട്ടി അനാസ്ഥമൂലം ദിവസേന ആയിരക്കണക്കിന് ലിറ്റർ ശുദ്ധജലം പാഴാകുന്നു. നഗരത്തിൽ പുലയൻവഴി ജംഗ്ഷൻ കിഴക്കുവശം പ്രധാന റോഡിലാണ് രണ്ടാഴ്ചയിലേറെയായി ഇത്തരത്തിൽ ശുദ്ധജലം പാഴാകുന്നത്.
റോഡിന്റെ മധ്യത്തിലൂടെ കടന്നുപോകുന്ന പൈപ്പ് ലൈനിലുണ്ടായിരിക്കുന്ന തകരാറിലൂടെയാണ് വെള്ളം പുറത്തേക്കെത്തുന്നത്. പന്പിംഗ് നടക്കുന്ന സമയങ്ങളിൽ റോഡിന്റെ മധ്യഭാഗത്ത് ഉറവ ഉടലെടുത്തതുപോലെയാണ് ജലം പുറത്തേക്കൊഴുകുന്നത്.പന്പിംഗ് അവസാനിച്ചുകഴിയുന്പോൾ കെട്ടിനിൽക്കുന്ന വെള്ളം തിരികെ പൈപ്പ് ലൈനിലേക്ക് തന്നെ ഇറങ്ങും.ഇത്തരത്തിൽ മാലിന്യങ്ങൾ നിറഞ്ഞ ജലം കുടിക്കേണ്ട അവസ്ഥയിലാണ് ജനങ്ങൾ.
വിവിധ രോഗങ്ങളെക്കുറിച്ച് സർക്കാർ ജാഗ്രത പാലിക്കണമെന്ന് പൊതുജനങ്ങൾക്ക് നിർദേശം നൽകുന്പോഴാണ് ആരോഗ്യസംരക്ഷണത്തിലെ പ്രധാനപ്പെട്ട ഇനങ്ങളിലൊന്നായ കുടിവെള്ളം ഇത്തരത്തിൽ പാഴാകുകയും മലിനീകരിക്കപ്പെടുകയും ചെയ്യുന്നത്. തകരാർ സംബന്ധിച്ച പരാതി വാട്ടർ അഥോറിട്ടി ഉദ്യോഗസ്ഥരെ പ്രദേശവാസികളായ പലരും ബോധിപ്പിച്ചെങ്കിലും അറ്റകുറ്റപണിക്ക് വേണ്ട നടപടിയൊന്നും ഇതുവരെ സ്വീകരിച്ചിട്ടില്ല.