മലപ്പുറം: അതിരൂക്ഷമായ ജലക്ഷാമത്തിൽ നാടും നഗരവും വലയുന്പോൾ നാട്ടുകാർക്ക് കുടിവെള്ളവുമായി പ്രവാസി യുവജന കൂട്ടായ്മ രംഗത്ത്. ഉപജീവന മാർഗംതേടി വിദേശത്തുപോയ മലപ്പുറത്തിനടുത്ത വലിയാട്ടിലെ യുവാക്കളുടെ കൂട്ടായ്മയാണ് നാട്ടുകാർക്ക് കുടിവെള്ളമെത്തിക്കുന്നത്. നാട്ടിലെ അശരണരും അവശരുമായ രോഗികളെയും മറ്റും സഹായിക്കുന്നതിനും കലാ, സാംസ്കാരിക, വിദ്യാഭ്യാസ രംഗത്തു പ്രോത്സാഹന പ്രവർത്തനങ്ങൾ നടപ്പാക്കുന്നതിനുമായി രൂപീകരിച്ചതാണ് കാരുണ്യം പ്രവാസി സാംസ്കാരിക സംഘടന.
ഈ കാരുണ്യത്തിന്റെ കനിവിലാണിപ്പോൾ ഒരു പ്രദേശത്തെ ശുദ്ധജലാവശ്യം പൂർത്തീകരിക്കുന്നത്.വലിയാട്ടിലെ കുടുംബങ്ങളുടെ ജലക്ഷാമം പരിഹരിക്കുന്നതിനോടൊപ്പം മഹല്ലിലെ ജുമാമസ്ജിദിലേക്കും കൂട്ടായ്മ വെള്ളമെത്തിച്ചു നൽകുന്നു. കാലങ്ങളായി നടത്തിവരുന്ന ചികിത്സ, തുടർപഠന സഹായം എന്നിവയിലുപരി കാരുണ്യത്തിന്റെ സഹായം കൂടുതൽ പേരിലേക്കു എത്തിക്കാൻ ശുദ്ധജല വിതരണം കാരണമായതായി സംഘാടകർ പറഞ്ഞു.
പ്രവാസികളായ പൊന്നേത്ത് അനീസ് ബാബു പ്രസിഡന്റും അഷ്റഫ് അരീക്കൽ ജനറൽ സെക്രട്ടറിയും മൊയ്തീൻകുട്ടി വാക്യത്തൊടി ട്രഷററുമായ കമ്മിറ്റിയാണ് മേൽനോട്ടം വഹിക്കുന്നത്. അബ്ദുൾ അസീസ് വാക്യത്തൊടി, മുസ്തഫ പാലാംപടിയൻ, അബ്ദുസമദ് കടന്പോട്ട് എന്നിവരാണ് പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നത്. പദ്ധതിയുടെ ഉദ്ഘാടനം കെ. അലവിക്കുട്ടി മുസ്ലിയാരും കടന്പോട്ട് കുഞ്ഞിമുഹമ്മദും ചേർന്നു നിർവഹിച്ചു.
ശുദ്ധജല വിതരണത്തിനു സാദിഖ് അല്ലക്കാട്ട്, മുഖ്ത്താർബാബു പൊന്നേത്ത്, തൊട്ടിയൻ ഹംസ, വി.പി. പോക്കർ, പി.പി. ഷരീഫ്, അബ്ദുൾ അസീസ് വാക്യത്തൊടി, മുസ്തഫ പാലാംപടിയൻ, വില്ലൻ അബ്ദുനാസർ, പി.പി. മുഹ്സിൻ, വി. ഫിറോസ്, എസ്.കെ. ഉമ്മർ ഹാഷിഖ്, പി.പി. റിയാസ്, വി. അഷ്റഫ്, വി.പി. മുനീർ തുടങ്ങിയവർ നേതൃത്വം നൽകി.