വടക്കഞ്ചേരി: കോളനിക്കാരുടെ നിരന്തരമായ മുറവിളികൾക്കൊടുവിൽ പന്തലാംപാടത്തിനടുത്തെ രക്കാണ്ടി ആദിവാസി കോളനിയിൽ പൈപ്പിൽ വെള്ളമെത്തി. ബ്ലോക്ക് പഞ്ചായത്തിന്റെ അഞ്ച് ലക്ഷം രൂപ ചെലവഴിച്ചുള്ള കുടിവെള്ള പദ്ധതിയാണ് ഇപ്പോൾ പ്രാവർത്തികമാക്കിയിട്ടുള്ളത്.
കോളനിയിൽ നിന്നും ഒന്നേകാൽ കിലോമീറ്ററോളം ദൂരമുള്ള ബോർവെല്ലിൽ നിന്നാണ് വെള്ളം എത്തിക്കുന്നത്. 240 മീറ്റർ ദൂരത്തിൽ പുതിയതായി പൈപ്പ് സ്ഥാപിച്ചും ശേഷിച്ച ദൂരം നേരത്തെയുള്ള പഴയ പൈപ്പ് പ്രയോജനപ്പെടുത്തിയുമാണ് അടിയന്തിരമായി കോളനിയിൽ വെള്ളം എത്തിക്കാൻ നടപടി സ്വീകരിച്ചത്. ഒരു കിലോമീറ്ററോളം ദൂരം പഴയ പൈപ്പിലൂടെ
വെള്ളം എത്തുന്നതുമൂലം ചോർച്ചയും വെള്ളത്തിന് കലങ്ങലുമുണ്ട്.എങ്കിലും അത്യാവശ്യങ്ങൾക്ക് വെള്ളം കിട്ടിയതിന്റെ സന്തോഷത്തിലാണ് കോളനിയിലെ സ്ത്രീകൾ.വലിയ വില കൊടുത്ത് ദൂരസ്ഥലങ്ങളിൽ നിന്നാണ് ഇവർ വാഹനങ്ങളിൽ വെള്ളം എത്തിച്ചിരുന്നത്.
നിത്യ ചെലവുകൾ തന്നെ വരുമാനവുമായി കൂട്ടിമുട്ടിക്കാൻ വഴിയില്ലാതെ ദുരിതമനുഭവിക്കുന്നതിനിടെ വെള്ളത്തിനും പണം കണ്ടെത്തേണ്ടി വരുന്ന സ്ഥിതി കോളനിക്കാർക്ക് ഏറെ കഷ്ടപ്പാടുണ്ടാക്കിയിരുന്നു.
വാർഡ് മെന്പർ ജോസിന്റെ നിരന്തരമായ ഇടപെടലുകളും ഈ വേനലിലെങ്കിലും പദ്ധതി നടപ്പാക്കാൻ സഹായിച്ചെന്ന് ഉൗരുമൂപ്പൻ ശിവൻ പറഞ്ഞു. പഴയ പൈപ്പിലൂടെ വെള്ളം വിടുന്നത് ഒഴിവാക്കി പൂർണ്ണമായും പുതിയ പൈപ്പ് സ്ഥാപിക്കുന്നതിന് അധികൃതർ നടപടി സ്വീകരിക്കണമെന്ന ആവശ്യവും കോളനിക്കാർ ഉന്നയിക്കുന്നുണ്ട്.