
റാന്നി: വേനൽ ചൂടിന്റെ കാഠിന്യമേറിയതോടെ നാട്ടിലെങ്ങും കുടിവെള്ള പ്രതിസന്ധി രൂക്ഷമായി. പലയിടങ്ങളിലും കുടിക്കാനും ഗാർഹിക ആവശ്യങ്ങൾക്കും വെള്ളമില്ലാതെ ആളുകൾ വലയുകയാണ്.
റാന്നി താലൂക്കിൽ കുടിവെള്ള പ്രതിസന്ധി ഏറ്റവും രൂക്ഷമായ പഞ്ചായത്തുകളിലൊന്നാണ് വെച്ചൂച്ചിറ. പഞ്ചായത്തിന്റെ ഒരതിർത്തിയിലൂടെയാണ് പമ്പാനദി കടന്നു പോകുന്നതെങ്കിലും പഞ്ചായത്തിലെ 90 ശതമാനം ആളുകൾക്കും നദീ സാമീപ്യമല്ലാത്തതിനാൽ ഇതിന്റെ പ്രയോജനം ലഭിക്കുന്നില്ല.
പഞ്ചായത്ത് നിവാസികൾക്ക് കുടിവെള്ളം ലഭ്യമാക്കാൻ ലക്ഷ്യമിട്ട് തുടങ്ങിയ വെച്ചൂച്ചിറ- പെരുന്തേനരുവി കുടിവെള്ള പദ്ധതി നദിയിലെ പെരുന്തേനരുവിയോടു ചേർന്നാണ് സ്ഥാപിച്ചിട്ടുള്ളത്. പഞ്ചായത്തിലെ ഏറെ പ്രദേശങ്ങളിലും കുടിവെള്ളം ലഭ്യമാക്കിയിരുന്ന പദ്ധതിയാകട്ടെ നിലവിൽ ആർക്കും പ്രയോജനമില്ലാത്ത സ്ഥിതിയിലാണ്.
പെരുന്തേനരുവി പദ്ധതിയുടെ കിണറ്റിൽ വെള്ളം കുറഞ്ഞതോടെ പന്പിംഗ് പ്രതിസന്ധിയിലാണ്. അരുവിക്ക് മുകളിലായി തടയണ നിർമിക്കുകയും ഇതോടു ചേർന്ന് എരുമേലി പദ്ധതിക്കായി കിണറും പന്പ് ഹൗസും സ്ഥാപിക്കുകയും ചെയ്തു. തടയണയുടെ നിർമാണത്തോടെ അരുവിയിലേക്കുള്ള വെള്ളമൊഴുക്ക് നിലച്ചു. ഇതോടെ കിണറ്റിലും വെള്ളം കുറഞ്ഞു.
ലഭ്യമാകുന്ന വെള്ളം പന്പ് ചെയ്യുന്നുണ്ടെങ്കിലും പദ്ധതിയിൽ നിന്നുള്ള ജലവിതരണ പൈപ്പുകൾ തുടർച്ചയായി പൊട്ടുന്നതുമൂലവും ചില പ്രദേശങ്ങളിലേക്കുള്ള വിതരണ വാൽവുകൾ തുറന്നുകൊടുക്കാത്തതു കൊണ്ടും വെള്ളം ലഭിക്കാത്ത അനേകം പ്രദേശങ്ങളാണ് പദ്ധതിയുടെ പരിധിയിലുള്ളത്.
പഞ്ചായത്ത് പരിധിയിലുള്ള പൊതുമരാമത്ത്, ഗ്രാമീണ റോഡുകളുടെ നിർമാണവുമായി ബന്ധപ്പെട്ട് പൈപ്പുലൈനുകൾ മുറിഞ്ഞുപോയതിനാൽ പദ്ധതിയിൽ നിന്നും പകുതിയിലേറെ ഗുണഭോക്താക്കൾക്ക് വെള്ളം ലഭിക്കാത്ത സ്ഥിതി തുടരുകയാണ്.
വറുതി രൂക്ഷമായി ബാധിക്കുന്ന പഞ്ചായത്തിൽ 80 ശതമാനം പ്രദേശങ്ങളിലെയും കിണറുകളും മറ്റു ജല സ്രോതസുകളും വറ്റിവരണ്ടു. ഇതു മൂലമാണ് പെരുന്തേനരുവിയിൽ വർഷങ്ങൾക്കു മുമ്പ് ജലവിതരണ പദ്ധതി സ്ഥാപിച്ച് ആളുകൾക്ക് കണക്ഷൻ നൽകിയത്.
എന്നാൽ പൈപ്പുവെള്ളം കിട്ടാക്കനിയായതോടെ വാഹനങ്ങളിലും ടാങ്കർ ലോറികളിലും എത്തിക്കുന്ന വെള്ളം വൻ വില നൽകി വാങ്ങിയാണ് ആളുകൾ ജല ഉപയോഗം നിറവേറ്റി വരുന്നത്. വേനൽ ശക്തി പ്രാപിക്കുന്നതോടെ പെരുന്തേനരവി കിണറ്റിലെ വെള്ളം പൂർണമായി വറ്റും.
പിന്നീട് പാറയിടുക്കിലും മറ്റും കെട്ടിക്കിടക്കുന്ന വെള്ളവും ഉപയോഗിക്കേണ്ടി വരും. എന്നാൽ പദ്ധതിക്ക് മുകളിലായി പെരുന്തേനരുവി ജലവൈദ്യുത പദ്ധതിയോടു ചേർന്നുള്ള എരുമേലി പദ്ധതിയിൽ നിന്നും വെച്ചൂച്ചിറ പദ്ധതിയിലേക്ക് വെള്ളം നൽകാമെന്നുള്ള വാഗ്ദാനം പാലിക്കപ്പെടാത്തത് പദ്ധതിയുടെ നിലനിൽപിനെ തന്നെ ബാധിക്കുമെന്നാണ് ആശങ്ക.
വൈദ്യുത പദ്ധതിയുടെ തടയണയിൽ നിന്ന് നിത്യവും ലക്ഷക്കണക്കിന് ലിറ്റർ വെള്ളം എരുമേലി പദ്ധതിയിലേക്ക് പമ്പു ചെയ്തു കൊണ്ടു പോകുമ്പോൾ വെച്ചൂച്ചിറ ഉൾപ്പെടെ താഴേക്ക് നദിയെ ആശ്രയിച്ച് പ്രവർത്തിക്കുന്ന പദ്ധതികൾ നോക്കുകുത്തിയാകുന്ന സ്ഥിതിയാണ്.
എരുമേലി പദ്ധതിക്കു വെച്ചൂച്ചിറയിൽ സ്ഥലം കണ്ടെത്തിയപ്പോൾ നൽകിയ വാഗ്ദാനം പ്രാവർത്തികമാക്കണമെന്നതാണ് പ്രദേശവാസികളുടെ ആവശ്യം.