ശാസ്താംകോട്ട: കുന്നത്തൂർ ഗ്രാമപഞ്ചായത്തിൽ കുടിവെളളം വിതരണം ചെയ്യുന്നതിൽ അധികൃതർ വിവേചനം കാട്ടുന്നതായി പ്രസിഡന്റ് കുന്നത്തൂർ പ്രസാദ് ആരോപിച്ചു. വേനൽക്കാലത്ത് കുടിവെളളക്ഷാമം രൂക്ഷമായതിനെതുടർന്നാണ് താലൂക്കിലെ ഏഴ് പഞ്ചായത്തുകളിലും കുടിവെളളം വിതരണം ആരംഭിച്ചത്.
ശാസ്താംകോട്ട കായലിൽനിന്നുളള വെളളം ഫിൽട്ടർ ചെയ്ത് ടാങ്കുകളിൽനിറച്ച് ലോറികളിലൂടെയാണ് വിതരണം നടത്തുന്നത്. മറ്റ്പഞ്ചായത്തുകൾക്കെല്ലാം രണ്ട് ടാങ്ക് വീതം നൽകുമ്പോൾ കുന്നത്തൂരിന് വല്ലപ്പോഴും ഓരോന്ന് മാത്രമാണ് നൽകുന്നതത്രേ.
താലൂക്കിൽ കോൺഗ്രസ് ഭരിക്കുന്ന ഏകപഞ്ചായത്താണ് കുന്നത്തൂരെന്നതിനാലാണ് അവഗണനനേരിടേണ്ടിവരുന്നതെന്ന് പറയപ്പെടുന്നു. ഇതിനുപിന്നിൽ സിപിഎം ഏരിയാനേതൃത്വവും കോവൂർകുഞ്ഞുമോൻ എംഎൽഎയും നടത്തുന്ന രാഷ്ര്ടീയ ഇടപെടലുമാണ് കുന്നത്തൂരിന് കുടിവെളളം കിട്ടാക്കനിയാക്കുന്നതെന്നാണ് ആക്ഷേപം. കുന്നത്തൂർ തഹസീൽദാരും ഇതിന്കൂട്ടുനിൽക്കുകയാണെന്ന് പറയപ്പെടുന്നു.
കുടിവെളളക്ഷാമം അതിരൂക്ഷമായ കുന്നത്തൂരിൽ ജനം നെട്ടോട്ടമോടുമ്പോഴാണ് കുടിവെളളത്തിൽപ്പോലും രാഷ്ര്ടീയം കലർത്തി അധിക്യതർ രസിക്കുന്നത്. എൽഡിഎഫ് ഭരിക്കുന്ന മറ്റ് പഞ്ചായത്തുകളിൽ രണ്ട്ടാങ്ക് വീതം നൽകുമ്പോൾ ദിവസങ്ങൾ കുടുമ്പോൾപോലും കുന്നത്തൂരിന് ലഭിക്കേണ്ടുന്ന വിഹിതം ലഭ്യമാക്കാൻ അധിക്യതർ തയാറാകാത്തതിൽ പ്രതിഷേധംശക്തമാണ്.തഹസീൽദാരുടെ ഇത്തരത്തിലുളള വിവേചനപരമായ നടപടിക്കെതിരെ ജില്ലാകളക്ടറെ സമീപിക്കുമെന്നും കുന്നത്തൂർ പ്രസാദ് അറിയിച്ചു.