കുളത്തൂപ്പുഴ :ദാഹമകറ്റാനുള്ള വെള്ളം അന്വേഷിച്ച് അലയേണ്ടുന്ന ഗതികേട് മറ്റാർക്കുണ്ടാകരുതെന്നാണ് ആര്.പി.എല്തൊഴിലാളികൾ സഹതപിക്കുന്നത്. കോളനികളിലെല്ലാം തന്നെ കുടിവെളളം നിലച്ചിട്ടു നാളുകളേറെയായി. ഇനിഎന്ന് മുടക്കം കൂടാതെ കുടിവെളളമെത്തുമെന്നോർത്ത് കാത്തിരിക്കുകയാണിവർ. മൂന്നു ദിവസത്തിലൊരിക്കലെത്തുന്ന കുടിവെളളമാണ് ഇപ്പോഴത്തെ ആകെ പ്രതീക്ഷ.
തൊഴിലിടങ്ങളിൽ നിന്നും വീട്ടിലെത്താൻ വൈകുകയോ അസുഖം പിടിപെട്ട് ആശുപത്രിയിൽ ചികിത്സതേടേണ്ടതായോ വന്നാൽ അന്ന് ഇതും കിട്ടാതെയാകും. കിണറ്റിൽ നീരുറവ കുറഞ്ഞതോടെയാണ് പമ്പിംഗ് മൂന്നു ദിവസത്തിൽ ഒരിക്കലാക്കിയതെന്നാണ് എസ്റ്റേറ്റ് അധികൃതർ പറയുന്നത്. എന്നാൽ ഇത് എന്നുവരെ തുടരുമെന്നതിനോ പകരം സംവിധാനം ഒരുക്കുന്നതിനോ നടപടിയായിട്ടുമില്ല.
മുമ്പ് വേനൽക്കാലത്ത് ടാങ്കറുകളിൽ വീട്ടുപടിക്കൽ വെളളമെത്തിച്ചു നൽകുന്നതായിരുന്നു പതിവ്. ഇക്കുറി അതുമുണ്ടാകാത്തതാണ് ദുരിതമായത്. കുളത്തൂപ്പുഴ പഞ്ചായത്തും ജില്ലാപഞ്ചായത്തും 21ലക്ഷം രൂപ മുടക്കി കൂവക്കാട് കോളനിയിൽ കുടിവെളള പദ്ധതി ഒരുക്കി വാട്ടർ അതോറിറ്റിയുടെ പൈപ്പുകൾ സ്ഥാപിച്ചെങ്കിലും ഇവ പ്രയോജനപ്പെടുന്നല്ല.
കുടിവെളളക്ഷാമത്തിന് പരിഹാരം കാണുന്നതിനായി ലോകബാങ്കിൻെറ സഹായത്തോടെ ജലനിധി പദ്ധതിയിലൂടെ ലക്ഷങ്ങൾ മുടക്കി മഴവെളള സംഭരണികൾ പണിതെങ്കിലും ഇവയും ഫലം കണ്ടില്ല. ഇതോടെ പുലർച്ചെ പണിക്കിറങ്ങും മുമ്പേ ദൂരസ്ഥലങ്ങളിലെ ചതുപ്പു പ്രദേശത്ത് കുഴികുത്തി വെളളം ശേഖരിച്ച് തലച്ചുമടായെത്തിച്ചാണ് തൊഴിലാളികൾ ദാഹ മകറ്റുന്നത്.