തളിക്കുളം: കളക്ടർ അറിയണം, കുടിവെള്ള ക്ഷാമം അറിയിക്കണമെന്ന് വാട്ടർ അഥോറിറ്റി ആവശ്യപ്പെടുന്നതൊക്കെ വെറുതെ. വിഷുദിനത്തിലും കുടിവെള്ളം കിട്ടാതെ ചേറ്റുവ ചിപ്ലിമാടിലെ ഗ്രാമീണർ വലഞ്ഞു. സഹികെട്ട് ചേറ്റുവ ചിപ്ലിമാടിലെ വീട്ടമ്മമാർ ഒഴിഞ്ഞ കുടങ്ങളും ബക്കറ്റുകളുമായി പൊരിവെയിലത്ത് കുടചൂടി തളിക്കുളത്തെ വാട്ടർ അഥോറിറ്റി ഓഫീസിലേക്കു മാർച്ചും ധർണയും നടത്തി.
കുടിവെള്ളം കിട്ടാത്ത സ്ഥലങ്ങളിൽ വിവരം അറിയിച്ചാൽ ഉടൻ കുടിവെള്ളമെത്തിക്കുമെന്ന് പറഞ്ഞ് പത്രവാർത്തകൾ നൽകിയ വാട്ടർ അഥോറിറ്റിക്കാർ ഇവിടേയ്ക്കു ഇതുവരേയും തിരിഞ്ഞു നോക്കിയില്ല. ഇവിടത്തെ കുടിവെള്ള ക്ഷാമത്തെ കുറിച്ചും ഇവരുടെ ഒരാഴ്ച പിന്നിട്ട സമരവുമടക്കം നിരവധി വാർത്തകൾ രാഷ്ട്രദീപികയുൾപ്പെടെയുള്ള മാധ്യമങ്ങൾ പലതവണ റിപ്പോർട്ട് ചെയ്തിട്ടും വാട്ടർ അഥോറിറ്റിക്കാരും ഏങ്ങണ്ടിയൂർ ഗ്രാമപഞ്ചായത്ത് അധികൃതരും കടുത്ത അനാസ്ഥ തുടരുകയാണ്.
പ്രദേശവാസികൾ നടത്തുന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ മിഷൻ കേരള വാട്ടർ അഥോറിറ്റി തളിക്കുളം ഓഫീസിനു മുന്നിൽ ധർണ നടത്തി. പുല്ലാങ്കുഴൽ ഗിന്നസ് റെക്കോഡ് നേടിയ മുരളീ നാരായണൻ ഉദ്ഘാടനം ചെയ്തു.
ജലം അമൂല്യമാണെന്നും അത് ജനങ്ങളിലേക്കെത്തിക്കാൻ ബന്ധപ്പെട്ട അധികാരികൾ കണ്ണ് തുറക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് കുന്നത്ത് മനോജ് അധ്യക്ഷത വഹിച്ചു. ഹരി തൃത്തല്ലൂർ സ്വാഗതം പറഞ്ഞു. സമരസമിതി നേതാക്കളായ വാസു, നിഷാ ജയ്സിംഗ്, ജയാ ശക്തൻ എന്നിവർ പ്രസംഗിച്ചു. ഹരി തൃത്തല്ലൂർ സ്വാഗതവും റസ്ല നന്ദിയും പറഞ്ഞു.