കൊച്ചി: ടാങ്കർ ലോറികൾ വഴിയുള്ള കുടിവെള്ളം നിർത്തിവയ്ക്കാനൊരുങ്ങുന്നു. നിലവിൽ കുടിവെള്ളം ശേഖരിച്ചിരുന്ന കിണർ ഉൾപ്പെടെയുള്ള ജലസ്രോതസുകളിൽനിന്നു വെള്ളം ശേഖരിക്കാൻ വേനൽ കനത്തതോടെ ഉടമകൾ അനുവദിക്കാത്തതിനാൽ 11 മുതൽ വെള്ളം വിതരണം ചെയ്യാനാകില്ലെന്നു ജില്ലാ ഡ്രിംങ്കിംഗ് വാട്ടർ സപ്ലൈ വെൽഫെയർ അസോസിയേഷൻ ഭാരവാഹികൾ കളക്ടറെ അറിയിച്ചു.
വാട്ടർ അഥോറിട്ടിയുടെ പൈപ്പുകളില്ലാത്ത പ്രദേശങ്ങളിലെ ഏക കുടിവെള്ള ആശ്രയമാണ് ഇതുവഴി ഇല്ലാതാകുന്നത്. വെള്ളം ശേഖരിച്ചിരുന്ന കിണറുകളിൽ ജലനിരപ്പ് കുറയുന്നതിനാൽ അഞ്ചു ദിവസംകൂടി മാത്രമെ ഉടമകൾ വെള്ളം ശേഖരിക്കാൻ സമ്മതിച്ചിട്ടുള്ളൂവെന്ന് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു.
ബദൽ മാർഗമുണ്ടായില്ലെങ്കിൽ അഞ്ചിനുശേഷം ടാങ്കർ ലോറികളിലുള്ള കുടിവെള്ള വിതരണം നിശ്ചലമാകുമെന്ന് അവർ കളക്ടർക്കു നൽകിയ കത്തിൽ ചൂണ്ടിക്കാട്ടി. അസോസിയേഷന്റെ കീഴിലായി നാനൂറോളം ടാങ്കർ ലോറികളാണു നഗരത്തിന്റെ വിവിധ പ്രദേശങ്ങളിൽ കുടിവെള്ള വിതരണം നടത്തുന്നത്.
ജല അഥോറിട്ടിയുടെ പൈപ്പ് കണക്ഷനുകൾ എത്തിപ്പെടാത്ത സ്ഥലങ്ങളിലാണ് ഇവരുടെ സേവനം കൂടുതൽ. പശ്ചിമകൊച്ചി, വൈപ്പിൻ പ്രദേശങ്ങളിൽ ജനങ്ങൾ പ്രധാനമായും ആശ്രയിക്കുന്നതു കുടിവെള്ള ടാങ്കറുകളെയാണ്. വെള്ളം ശേഖരിക്കാൻ കഴിയാത്ത സാഹചര്യമുണ്ടായാൽ കടുത്ത വരൾച്ചയിലേക്കു നീങ്ങുന്ന നഗരത്തിനു തൊണ്ട നനയ്ക്കാൻ പോലും വെള്ളം കിട്ടാത്ത സാഹചര്യമുണ്ടാകും.