പത്തനംതിട്ട: ടാങ്കർ ലോറികളിൽ കുടിവെള്ള വിതരണം നടത്തുന്നതിനു പതിവു നടപടിക്രമങ്ങളും ചട്ടങ്ങളും പാലിക്കണം. ഇതോടെ തദ്ദേശസ്ഥാപനങ്ങളിൽ നിന്നുള്ള കുടിവെള്ള വിതരണം വൈകുമെന്നുറപ്പായി.
31 വരെ ഗ്രാമപഞ്ചായത്തുകൾക്ക് 5.50 ലക്ഷം രൂപയും നഗരസഭകൾക്ക് 11 ലക്ഷം രൂപയും കോർപറേഷന് 16.50 ലക്ഷം രൂപയും കുടിവെള്ള വിതരണത്തിനായി ചെലവഴിക്കാൻ സർക്കാർ ഉത്തരവു നൽകിയിരുന്നു. ഏപ്രിൽ ഒന്നു മുതൽ മേയ് 31 വരെ ഗ്രാമപഞ്ചായത്തുകൾക്ക് 11 ലക്ഷം രൂപയും നഗരസഭകൾക്ക് 16.50 ലക്ഷം രൂപയും കോർപറേഷന് 22 ലക്ഷം രൂപയും ചെലവഴിക്കാം.
എന്നാൽ ഈ തുക ചെലവഴിക്കുന്നതിനു മുന്പായി ടാങ്കർ ലോറികൾ ടെൻഡറോ ക്വട്ടേഷനോ വിളിച്ച് കണ്ടെത്താനാണ് നിർദേശം. ഇതനുസരിച്ച് ക്വട്ടേഷൻ നടപടികളിലേക്ക് ഗ്രാമപഞ്ചായത്തുകൾ കടന്നിട്ടുണ്ട്. ചില പഞ്ചായത്തുകൾ അടിയന്തര പ്രാധാന്യത്തോടെ ക്വട്ടേഷൻ വിളിച്ചപ്പോൾ മറ്റു ചിലയിടങ്ങലിൽ ഇതറിഞ്ഞ മട്ടില്ല.
നടപടിക്രമങ്ങൾ പൂർത്തീകരിച്ച് ജലവിതരണം നടക്കുന്പോഴേക്കും ദിവസങ്ങൾ ഇനിയുമെടുത്തേക്കുമെന്ന ആശങ്കയിലാണ് മലയോരവാസികൾ. ജലക്ഷാമം രൂക്ഷമായ പ്രദേശങ്ങളിൽ വൻതുക നൽകിയാണ് ടാങ്കർ ലോറികളിൽ നിന്നു വെള്ളം വാങ്ങുന്നത്.
ജിപിഎസ് ഘടിപ്പിച്ച വാഹനങ്ങൾ മാത്രമേ കുടിവെള്ള വിതരണത്തിന് അനുവാദം നൽകുകയൂള്ളൂ. വെള്ളം ശേഖരിക്കുന്ന സ്ഥലം ഉൾപ്പെടെ വ്യക്തമാക്കുകയും വേണം. എന്നാൽ തദ്ദേശസ്ഥാപനങ്ങളുടെ നേരിട്ടുള്ള ഉത്തരവാദിത്വത്തിൽ ജലവിതരണം നടത്താൻ അനുവാദം നൽകിയിരുന്നുവെങ്കിൽ നടപടിക്രമങ്ങൾ വേഗത്തിൽ പൂർത്തിയാക്കാമായിരുന്നുവെന്ന് ഭരണസമിതി അംഗങ്ങൾ ചൂണ്ടിക്കാട്ടി.
ടെൻഡർ, ക്വട്ടേഷൻ നടപടികളിലൂടെ ജലവിതരണത്തിന് വാഹന ഉടമകൾ തയാറാകുന്നില്ല. തന്നെയുമല്ല വിതരണം ചെയ്യുന്ന വെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പാക്കാനുള്ള സംവിധാനങ്ങളും പലയിടങ്ങളിലുമില്ലെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്.