കോട്ടയം: വാകത്താനം പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങൾ കുടത്ത ജലക്ഷാമത്തിന്റെ പിടിയിലാണ്. പഞ്ചായത്തിലെ ഉയർന്ന പ്രദേശങ്ങളിൽ പൈപ്പ് ജലം എത്താത്തതിനാൽ ജനങ്ങൾ ദൂരെ പ്രദേശങ്ങളിൽ നിന്നാണ് വെള്ളം ശേഖരിക്കുന്നത്. പിച്ചനാട്ടുകുളം ഭാഗത്താണ് ഏറ്റവുമധികം ജലക്ഷാമം നേരിടുന്നത്.
പിച്ചനാട്ടുകുളം കോളനിക്ക് സമീപമാണ് മല്ലപ്പള്ളിയിൽ നിന്നുള്ള വെള്ളം സംഭരിക്കുന്ന കൂറ്റൻ ടാങ്ക്. ഇവിടെ നിന്നാണ് വാകത്താനം പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിലേക്കുള്ള ജലവിതരണം നടത്തുന്നത്. മല്ലപ്പള്ളിക്ക് പുറമെ വാട്ടർ അഥോറിറ്റിയുടെ പ്രാദേശിക കുളങ്ങളിൽ നിന്ന് പന്പു ചെയ്യുന്ന വെള്ളവും ടാങ്കിൽ എത്തുന്നുണ്ട്.
എന്നാൽ വേനൽക്കാലത്ത് ഒരിക്കലും ആവശ്യത്തിന് വെള്ളം കിട്ടുകയില്ല എന്നാണ് ജനങ്ങളുടെ പരാതി. വെള്ളം കിട്ടാതായതോടെ പൈപ്പിനു ചുവട്ടിൽ വെള്ളത്തിനായി വഴക്കും വക്കാണവും സ്ഥിരം സംഭവമാണ്. വെള്ളം വരുന്നതിന് മണിക്കൂറുകൾക്കു മുൻപേ പൈപ്പിന്റെ ചോട്ടിൽ പാത്രങ്ങൾ നിറയും.
എല്ലാവരുംഒരേ വലുപ്പമുള്ള പാത്രം വയ്ക്കണമെന്നാണ് പൊതുവായ ധാരണ. ഇത് തെറ്റിച്ച് ആരെങ്കിലും വലിയ പാത്രം വച്ചാൽ അതേ ചൊല്ലിയാകും വഴക്ക്. മണിക്കൂറുകൾ കാത്തു നിന്നാൽ കിട്ടുന്നത് ഒന്നോ രണ്ടോ പാത്രം വെള്ളമാവും. വാഹനമുള്ളവർ ദൂരെ സ്ഥലങ്ങളിൽ വിന്ന് വെള്ളം കൊണ്ടുവരും. സ്കൂട്ടറിൽ ചെറിയ കന്നാസുകളിൽ വെള്ളം എത്തിക്കുന്ന ധാരാളം കുടുംബങ്ങൾ വാകത്താനത്തുണ്ട്.