ഹരിപ്പാട് : വീയപുരം പഞ്ചായത്തില്‍ കുടിവെള്ളക്ഷാമം രൂക്ഷമാകുന്നു. നിലവിലെ കുടിവെള്ള പദ്ധതികള്‍പലതും പ്രവര്‍ത്തനരഹിതമായതാണ് കുടിവെള്ളക്ഷാമം രൂക്ഷമാകാന്‍ കാരണം.
പഞ്ചായത്തിലെ 13 വാര്‍ഡുകളിലേക്കും വെള്ളമെത്തിക്കേണ്ട ജലസംഭരണി, കുട്ടനാട് പാക്കേജില്‍ ഉള്‍പ്പെടുത്തി നിര്‍മിച്ച ആഞ്ച് ആര്‍ഒ പ്ലാന്റുകൾ, ജില്ലാപഞ്ചായത്തുവക രണ്ടു മിനി ടാങ്കുകൾ, സന്നദ്ധ സംഘടനകള്‍ നല്കിയ രണ്ട് ആർഒ പ്ലാന്റുകള്‍, 13കിയോസ്കുകള്‍ എന്നിവയാണ് ഇവിടുത്തെ കുടിവെള്ള പദ്ധതികള്‍.
ഇവയിൽ പലതും പ്രവര്‍ത്തന രഹിതമായതോടെയും വേനല്‍ കനക്കുന്നതോടെയും കുടിവെള്ള ക്ഷാമവും ദിനം പ്രതി രൂക്ഷമാകുകയാണ്. മുന്‍ കാലങ്ങളില്‍ ജലജന്യ – സാംക്രമിക രോഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള പ്രദേശമാണിത്.
കോവിഡ് ബാധയെ തുടര്‍ന്ന് നിരോധനാജ്ഞ നിലനില്‍ക്കുന്നതിനാല്‍ പൊതുജനങ്ങള്‍ക്കു പുറത്തിറങ്ങാന്‍ കഴിയാത്തതിനാല്‍ മറ്റു മാര്‍ഗങ്ങളിലൂടെ കുടിവെള്ളം സംഭരിക്കാന്‍ കഴിയാത്ത അവസ്ഥയാണ്.
ഉയർന്ന ശേഷിയുള്ള ജലസംഭരണിയും വിതരണ ശൃംഖലകളുമുണ്ടെങ്കിലും ശുദ്ധജലം അന്യമാകുന്നു.
രണ്ടരലക്ഷം ലിറ്റർ ശേഷിയുള്ള വാട്ടർ ടാങ്കിന്റെ അറ്റകുറ്റപ്പണികൾ നടത്തിയിട്ട് വർഷങ്ങളായി. ഇതിനു മുകളിലേക്ക് കയറുന്നതിനുള്ള ഏണിപ്പടികളുടെ കോൺക്രീറ്റ് ഇളകി കമ്പികൾ തെളിഞ്ഞു. പലപടികളും തകർന്നു വീണു. ടാങ്കിൽ ഇറങ്ങുന്നതിന് ഉപയോഗിച്ചിരുന്ന ഇരുമ്പ് ഏണി തുരുമ്പെടുത്തു നശിച്ചു.
ഇതുമൂലം വർഷങ്ങളായി സംഭരണി വൃത്തിയാക്കിയിട്ടില്ല. ചെളിയും മണ്ണും നിറഞ്ഞു കിടക്കുന്നതു മൂലം ശേഷി അനുസരിച്ചുള്ള വെള്ളം സംഭരിക്കാനും കഴിയുന്നില്ല. ഇതിനു താഴെയുള്ള പമ്പ് ഹൗസിന്റെ സ്ഥിതിയും ദയനീയമാണ്. ജനലുകൾ തകർന്ന നിലയിലാണ്. അറ്റകുറ്റപ്പണികൾ നടത്താത്തതിനാൽ വാട്ടർ ടാങ്കിന്റെ നിലനിൽപ്പും ഭീഷണിയിലാണ്.
24 മണിക്കൂറും പമ്പിംഗുള്ള ഇവിടെ വെള്ളം ശുദ്ധീകരിക്കുന്നതിനുള്ള സംവിധാനവും മുടങ്ങിക്കിടക്കുകയാണ്. വെള്ളം ശുദ്ധീകരിക്കുന്നതിന് ഉപയോഗിക്കുന്ന ബ്ലീച്ചിംഗ് പൗഡർ ഒരു മാസമായി ലഭിക്കുന്നില്ല. അതിനാൽ ശുദ്ധീകരിക്കാത്ത വെള്ളമാണ് ഇപ്പോൾ നൽകുന്നത്.
കുട്ടനാട് പാക്കേജില്‍ നിര്‍മിച്ച അഞ്ച് ആർഒ പ്ലാന്റുകളില്‍ അഞ്ചും കാടുകയറിയനിലയിലാണ്. പ്രളയാനന്തരം രണ്ട് ആർഒ പ്ലാന്റുകൾ സന്നദ്ധ സംഘടനകള്‍ നല്‍കിയെങ്കിലും രണ്ടുംപൂട്ടി. അറ്റ കുറ്റപണികള്ക്കോ വൈദ്യുതിചാര്ജിനു തുക കണ്ടെത്താനോ കഴിയാത്തതിനാലുമാണ് ഈ ആർഒ പ്ലാന്റുകൾ പൂട്ടിയത്.
വാട്ടർ അഥോറിറ്റിയിലെ ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റവും ജനങ്ങളുടെ വെള്ളംകുടി മുട്ടുന്നതിനു കാരണമായിരിക്കുകയാണ്. വീയപുരം പഞ്ചായത്ത് എടത്വ വാട്ടർ അഥോറിറ്റി അസി. എൻജിനിയറുടെ പരിധിയിലാണ്. പത്താം വാർഡിൽ പുതിയ പദ്ധതി ആരംഭിക്കുന്നതിനുള്ള നടപടികളായി. ഇതിന്റെ ഭാഗമായി കാരിച്ചാൽ കുളം സർക്കാരിനു കൈമാറി.
നാലര ലക്ഷം ലിറ്റർ ശേഷിയുള്ള സംഭരണി നിർമിക്കാൻ മണ്ണു പരിശോധന കഴിഞ്ഞു. പഞ്ചായത്തിലെ ദുരന്ത നിവാരണ കമ്മിറ്റി കൂടി 13 കിയോസ്കുകളിൽ വെള്ളം നിറയ്ക്കുന്നതിന് കളക്ടറേറ്റിൽ നിന്ന് അനുമതി വാങ്ങിയിട്ടുണ്ടെന്ന് പഞ്ചായത്ത് പ്രസിഡന്റ് എന്‍. പസാദ് കുമാര്‍ പറഞ്ഞു.
അടിയന്തരമായി കുടിവെള്ളമെത്തിക്കാന്‍ ബന്ധപ്പെട്ടവര്‍ തയാറാകാത്ത സാഹചര്യമുണ്ടായാല്‍ ആറുകളിലെ മലിനജലം കുടിക്കാൻ പ്രദേശവാസികള്‍ നിര്‍ബന്ധിതരാകും. സാംക്രമിക രോഗങ്ങൾ പിടിപെടാനുള്ള സാധ്യതയുണ്ടെന്ന ആരോഗ്യപ്രവര്‍ത്തകരുടെ മുന്നറിയിപ്പ് യാഥാർഥ്യമാകാനും സാധ്യതയുണ്ട്.