റെജി ജോസഫ്
രാമങ്കരി: പ്രളയത്തിൽ മുങ്ങിയ കുട്ടനാട് കുടിവെള്ളത്തിനായി നിലവിളിക്കുന്നു. വീടുകൾക്കു ചുറ്റും മാലിന്യംനിറഞ്ഞ പ്രളയജലം ഒഴുകുന്നുണ്ട്. ഒഴുകിയെത്തിയ ചെളിവെള്ളവും ചത്തടിഞ്ഞ ജീവികളുമൊക്കെ ഇവിടത്തെ ജല സ്രോതസുകളെല്ലാം മലിനമാക്കിയിരിക്കുന്നു. കുടിവെള്ളം കിട്ടാതെ നാവു വരളുകയാണ് കുട്ടനാടൻ ജനതയ്ക്ക്. ആയിരക്കണക്കിനു പേർ കുോട്ടനാട്ടിലെ ഓരോ ഗ്രാമത്തിലും കുടിക്കാനും കുളിക്കാനും പാത്രം കഴുകാനും ശുദ്ധജലമില്ലാതെ വലയുന്നു.
സന്നദ്ധ സംഘടനകളിൽനിന്നോ ക്യാന്പുകളിൽനിന്നോ കിട്ടുന്ന ഒന്നോ രണ്ടോ ജാർ വെള്ളമാണ് പല കുടുംബങ്ങൾക്കും ഇന്ന് ആശ്രയം. ഒരു ദിവസം ഒന്നോ രണ്ടോ ജാർ വെള്ളം കിട്ടിയാൽ എന്താകാൻ?. കുട്ടനാടൻ ജനതയ്ക്കു ശുദ്ധജലമെത്തിക്കാൻ സർക്കാരും തദ്ദേശ സ്ഥാപനങ്ങളും അടിയന്തര ശ്രമം നടത്തേണ്ട സാഹചര്യമാണ്.
സർക്കാർ കണക്കനുസരിച്ചു നാൽപതിനായിരം കിണറുകൾ മലവെള്ളത്തിൽ മൂടിപ്പോയി. ചിലതൊക്കെ ചെളിയിൽ പൂണ്ടുപോയി. മുന്പ് കുളിക്കാനും പാത്രങ്ങൾ കഴുകാനും പ്രയോജനപ്പെട്ടിരുന്ന തോടുകളിലും ഇപ്പോൾ മലിനജലമാണ്. അതിനു മേലേ ആവരണം പോലെ പ്ലാസ്റ്റിക്കും ചപ്പുചവറും.
വാട്ടർ അഥോറിറ്റിയുടെ കുടിവെള്ള വിതരണ പൈപ്പുകളും ടാപ്പുകളും കുത്തൊഴുക്കിൽ പൊട്ടിത്തകർന്നു. റോഡുകളെ തിരികെയെടുത്ത് ഇനി പൈപ്പുകൾ വലിച്ചു വെള്ളം എത്തിക്കാൻ മാസങ്ങൾ വേണ്ടിവരും. ഒരാഴ്ചയായി മലിനജലത്തിൽ നടക്കുന്നവർക്കു ത്വക്ക് രോഗങ്ങളും ചിലേടങ്ങളിൽ കണ്ടുതുടങ്ങിയിട്ടുണ്ട്.
വെള്ളം ഇറങ്ങിത്തുടങ്ങിയ പാടങ്ങളും തോടുകളും റോഡുമൊക്കെ ചെളിക്കുളംപോലെ കിടക്കുന്നു.പ്രളയദുരിതം തീരുംവരെ കുടിവെള്ളം നൽകാൻ നടപടിയുണ്ടായില്ലെങ്കിൽ അതീവഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉടലെടുക്കുമെന്ന ആശങ്കയും ഉയർന്നിട്ടുണ്ട്. അതിനാൽ, വള്ളത്തിലും ബോട്ടുകളിലും കുടിവെള്ളം എത്തിക്കുക എന്നതാണ് അടിയന്തരമായി കുട്ടനാടിനായി ചെയ്യേണ്ടത്.