ഇരിങ്ങാലക്കുട: താലൂക്ക് ആശുപത്രിയിലേക്കുള്ള ജലവിതരണത്തിന്റെ ലൈനിൽ കേടുപാടുകൾ സംഭവിച്ചതോടെ ജനറൽ ആശുപത്രിയിൽ കുടിവെള്ളത്തിനും പ്രാഥമിക ആവശ്യത്തിനും രോഗികൾ നെട്ടോട്ടമോടുന്നു. കുട്ടികളുടെ തുണിയും മറ്റും കഴുകാനായി വെള്ളം അത്യാവശ്യം വേണ്ട പ്രസവവാർഡിലും വിവിധ അസുഖങ്ങൾമൂലം ദുരിതമനുഭവിക്കുന്ന സ്ത്രീകളടക്കമുള്ള മറ്റു രോഗികളുടെ വാർഡുകളിലുമാണ് കൂടുതൽ ബുദ്ധിമുട്ടനുഭവപ്പെടുന്നത്.
ഇതു സംബന്ധിച്ച് കഴിഞ്ഞദിവസം നഗരസഭാ ചെയർപേഴ്സനു പരാതി നൽകി. പുരുഷൻമാരെ അപേക്ഷിച്ച് സ്ത്രീകളായ രോഗികളാണ് ഇതിൽ ഏറെ ബുദ്ധിമുട്ടുന്നത്. കാലിന് മുറിവേറ്റവരും നടക്കാൻ കഴിയാത്ത രോഗികളുടെയും സ്ഥിതി പരിതാപകരമാണ്.
കിണറ്റിൽനിന്നും ബക്കറ്റുകളിലും മറ്റും വെള്ളമെടുത്ത് സൂക്ഷിച്ചുവെച്ചെങ്കിലും അത് ഇത്രയും രോഗികൾക്ക് പോരെന്ന് ഇവർതന്നെ പറയുന്നു. വെള്ളം ലഭ്യമാക്കേണ്ട കാര്യത്തിൽ ആശുപത്രി അധികൃതർ വേണ്ട ശുഷ്കാന്തി കാണിക്കുന്നില്ലെന്നും രോഗികൾ ആരോപിച്ചു.
വാട്ടർ അഥോറിറ്റി നേരിട്ടാണ് ആശുപത്രിയിലേക്ക് കുടിവെള്ളം വിതരണം ചെയ്യുന്നത്. നഗരത്തിലെ വിവിധ ഭാഗങ്ങളിൽ പൈപ്പുപൊട്ടി വെള്ളം പാഴാകുന്പോഴും കുടിവെള്ളം യഥാവിധി വിതരണം ചെയ്യാൻ അധികൃതർ വേണ്ട നടപടികൾ സ്വീകരിക്കുന്നില്ലെന്നാണ് ജനങ്ങളുടെ ആരോപണം.
ആശുപത്രി വളപ്പിലെ കിണർ ആഴത്തിലായതിനാൽ ചികിത്സയിൽ കഴിയുന്ന രോഗികൾക്കോ, ബന്ധുക്കൾക്കോ കിണറ്റിൽ നിന്ന് വെള്ളം കോരിയെടുത്ത് ഉപയോഗിക്കുക എളുപ്പമല്ല. വെള്ളമില്ലാത്തതിനാൽ ടോയ്ലെറ്റുകളിൽ വെള്ളം ഉപയോഗിച്ച് ആവശ്യങ്ങൾ നിറവേറ്റാൻ സാധിക്കുന്നില്ലെന്നും പരാതിയുണ്ട്.
ഇതുകൊണ്ട് ടോയ്ലെറ്റുകൾ മലീമസമാണ്. ആശുപത്രി അധികൃതർ ഇക്കാര്യത്തിൽ കാണിക്കുന്ന അലംഭാവം രോഗികളിൽ ഏറെ പ്രതിഷേധത്തിനു വഴിവെച്ചിരിക്കുകയാണ്.