കോട്ടയം: അടിച്ചു ഫിറ്റായാൽ എസ്ഐ. അല്ലെങ്കിൽ വെറും പാവം. മദ്യലഹരിയിൽ പോലീസ് ആകുന്ന നാൽപത്തേഴുകാരന്റെ കഥ കറുകച്ചാലിൽ നിന്നാണ് റിപ്പോർട്ട് ചെയ്യുന്നത്. ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടു മണിയോടെ കറുകച്ചാൽ മേഴ്സി ആശുപത്രിക്കു മുന്നിൽ മദ്യലഹരിയിൽ ഒരാൾ ബഹളമുണ്ടാക്കി.
ചോദിച്ചവരോടൊക്കെ ഇയാൾ എസ്ഐ ആണെന്നു പറഞ്ഞു. ഒരു എസ്ഐ ഇങ്ങനെ മദ്യലഹരയിൽ കുഴഞ്ഞാടി നടക്കുമോ എന്ന് ചിലർക്ക് സംശയം. ഉടനെ വിവരം പോലീസിൽ അറിയിച്ചു. കറുകച്ചാൽ എസ്ഐ എത്തിയപ്പോൾ അദേഹത്തിന് കാലുറയ്ക്കാതെ നിൽക്കുന്ന മദ്യപൻ ഒരു സല്യൂട്ടടിച്ചു.
മദ്യലഹരിയിൽ നടത്തിയ സല്യൂട്ടടി കണ്ടപ്പോൾ പോലീസിനും ഒരു പന്തികോട് തോന്നി. പിടിച്ച് വണ്ടിയിൽ കയറ്റി സ്റ്റേഷനിൽ എത്തിച്ചു. ലഹരി വിട്ടുമാറിയപ്പോഴാണ് ഇയാളുടെ മനസിലെ പോലീസ് ചിന്ത വെളിപ്പെടുത്തിയത്. മാമ്മൂട് സ്വദേശിയാണ് കക്ഷി. നല്ല കുടുംബ പശ്ചാത്തലം.
പട്ടാളത്തിൽ ചേർന്ന് കേണൽ ആകണമെന്നായിരുന്നു ആഗ്രഹം. അത് നടന്നില്ല. ഇപ്പോൾ മദ്യം അകത്തു ചെന്നാൽ പോലീസ് ആണെന്നാണ് ഇയാളുടെ ചിന്ത. പിന്നെയെല്ലാം പോലീസ് മുറയിലാകും. ചോദ്യവും പറച്ചിലുമെല്ലാം പോലീസ് മുറയിൽ. മദ്യലഹരിയിൽ പലരോടും എസ്ഐ ആണെന്നു പറയുന്നത് സ്ഥിരം ഏർപ്പാടാണെന്നും പോലീസ് പറഞ്ഞു.
എന്നാൽ പോലീസ് ചമഞ്ഞ് ആരെയും കബളിപ്പിക്കുകയോ പണം തട്ടിയെടുക്കുയോ മറ്റൊന്നും ചെയ്തിട്ടില്ല. എങ്കിലും ഇന്നലത്തെ സംഭവത്തിൽ മദ്യപിച്ച് പൊതു സ്ഥലത്ത് ബഹളമുണ്ടാക്കിയതിനും പോലീസ് ചമഞ്ഞ് നടന്നതിനും കേസെടുത്തു.