കോട്ടയം: മദ്യലഹരിയിൽ ഭർത്താവ് ഭാര്യയുടെ മൂക്കിടിച്ചു തകർത്തു. എട്ടു വയസുള്ള മകനെ ഓട് കഷണം കൊണ്ട് എറിഞ്ഞു വീഴ്ത്തി. കറുകച്ചാൽ പോലീസ് സ്റ്റേഷൻ അതിർത്തിയിൽപ്പെട്ട ചന്പക്കരയിലാണ് ഏവരുടേയും കരളലിയിപ്പിക്കുന്ന സംഭവം. ഭാര്യയെയും മകനെയും ഉപദ്രവിച്ച ശേഷം മുങ്ങിയ ഭർത്താവിനെ ആനിക്കാടുള്ള ബന്ധുവീട്ടിൽ നിന്ന് കറുകച്ചാൽ പോലീസ് അറസ്റ്റു ചെയ്തു. ചന്പക്കര ചെറുമാക്കൽപടി ചെന്പൻപതാലിൽ സന്തോഷ് (39) ആണ് അറസ്റ്റിലായത്.
ഭർത്താവിന്റെ ആക്രമണത്തിൽ പരിക്കേറ്റ ഭാര്യയും മകനും പാന്പാടി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. ഭാര്യയുടെ മൂക്കിന്റെ പാലം തകർന്നു. മൂക്കിലെ അസ്ഥി പൊട്ടിയിട്ടുണ്ട്. ഓട് കഷണം കൊണ്ടുള്ള ഏറിൽ മകന് കാലിനാണ് പരിക്ക്. തിങ്കളാഴ്ച വൈകുന്നേരം ആറരയോടെയാണ് സംഭവം.
മദ്യലഹരിയിൽ വിട്ടിലെത്തിയ സന്തോഷ് ഭാര്യയെ അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തതാണ് അതിക്രൂരമായ മർദനത്തിന് കാരണം. മൂക്കിന് കൈകൊണ്ടുള്ള ശക്തിയായ ഇടിയാണ് അസ്ഥി പൊട്ടാൻ കാരണം. മുക്കിനിടിയേറ്റയുടൻ കുട്ടിയുമായി ഓടാൻ ശ്രമിക്കുന്പോഴാണ് ഓട് കഷണം കൊണ്ടുള്ള ഏറുണ്ടായത്.
എട്ടു വയസുള്ള കുട്ടിയുടെ കാലിനാണ് ഏറു കൊണ്ടത്. ഏറു കൊണ്ട് വീണ കുട്ടിയെ ഒരു വിധത്തിൽ താങ്ങിയെഴുന്നേൽപിച്ച് അടുത്ത വീട്ടിലേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. അയൽവാസികളും സഹോദരനും എത്തിയാണ് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ആശുപത്രിയിൽ നിന്നുള്ള ഇൻന്റിമേഷൻ ലഭിച്ചതിനെ തുടർന്ന് കറുകച്ചാൽ എസ്ഐ ജർലിൻ വി സ്കറിയയുടെ നേതൃത്വത്തിൽ പോലീസ് എത്തി ഇവരുടെ മൊഴിയെടുത്താണ് കേസ് രജിസറ്റർ ചെയ്തത്. കുട്ടിയെ ഉപദ്രവിച്ചതിന് ബാലനീതി നിയമം 75-ാം വകുപ്പു പ്രകാരവും ഭാര്യയെ കൊകൊണ്ട് അടിച്ചതിനുമാണ് കേസ്. പ്രതി സന്തോഷിനെ ഇന്ന് കോടതിയിൽ ഹാജരാക്കുമെന്ന് എസ്ഐ അറിയിച്ചു. മദ്യലഹരിയിൽ എത്തുന്ന ഭർത്താവ് നിരന്തരം മർദിക്കുമെന്ന് ഭാര്യ പോലീസിന് മൊഴി നല്കിയിട്ടുണ്ട്.