നവാസ് മേത്തർ
തലശേരി: സ്മോൾ അകത്താക്കിയാൽ ഇനി നടന്ന് പോകണം …. സ്മോൾ അകത്തുളളവൻ വാഹനത്തിൽ കയറിയാൽ ഡ്രൈവിംഗ് സീറ്റിലുള്ളവൻ കുടുങ്ങും…..
മദ്യപിച്ച് വാഹനം ഓടിച്ചാൽ മാത്രമല്ല മദ്യപിച്ചയാളെ വാഹനത്തിൽ കയറ്റി യാത്ര ചെയ്താലും ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കും.
കേന്ദ്ര മോട്ടോർ വാഹന നിയമ ഭേദഗതിയിലാണ് മദ്യപിച്ചവരെ വാഹനത്തിൽ കയറ്റിയാലും ലൈസൻസ് നഷ്ടപ്പെടുന്ന നിയമമുള്ളത്.
കഴിഞ്ഞ ജൂൺ മാസത്തിലാണ് ഈ നിയമം നിലവിൽ വന്നത്. എന്നാൽ, കേരളത്തിൽ ഈ നിയമം ഇതുവരെ നടപ്പിലാക്കിയിരുന്നില്ല.
നടപ്പാക്കാൻ നിർദേശം
ഭേദഗതി വരുത്തിയ നിയമങ്ങളെല്ലാം കർശനമായി നടപ്പിലാക്കാൻ കേന്ദ്രം കഴിഞ്ഞ ദിവസം സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകി.
ഇതോടെ കേരളത്തിലെ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ ത്രിശങ്കുവിലായിരിക്കുകയാണ്.
മോട്ടോർ വെഹിക്കിൾ ഡ്രൈവിംഗ് റെഗുലേഷൻ ആക്ടിലെ സെക്ഷൻ 5 പ്രകാരം വാഹനം ഓടിക്കുന്നയാളോ സഹായിയോ യാത്രക്കാരോ ലഹരി ഉപയോഗിച്ചതായി കണ്ടെത്തിയാൽ കേസെടുക്കാൻ അധികൃതർക്ക് സാധിക്കുന്ന തരത്തിലാണ് പുതിയ ഭേദഗതി.
മദ്യമില്ലെന്ന് ഉറപ്പാക്കണം
ഇനി മുതൽ വാഹനത്തിൽ കയറുന്നവർ എത്ര പ്രിയപ്പെട്ടവരാണെങ്കിലും അവർ മദ്യപിച്ചിട്ടില്ലെന്നും മറ്റ് ലഹരി വസ്തുക്കൾ ഉപയോഗിച്ചിട്ടില്ലെന്നും ഉറപ്പ് വരുത്തേണ്ടത് ഡ്രൈവിംഗ് സീറ്റിലിരിക്കുന്നയാളുടെ ചുമതലയാണ്.
മദ്യപിച്ച് വാഹനമോടിച്ചാൽ മാത്രമായിരുന്നു ഇതു വരെ കുറ്റകൃത്യമായി കണ്ടിരുന്നത്.
ബാറിൽ പോയി നന്നായി മിനുങ്ങിയ ശേഷം ടാക്സിയിലോ അല്ലെങ്കിൽ താൽക്കാലിക ഡ്രൈവറുടെ സഹായത്തിൽ സ്വന്തം വാഹനത്തിലോ താമസ സ്ഥലത്ത് എത്തിയിരുന്നവരും ഇനി മുതൽ ബുദ്ധിമുട്ടിലാകും.
സംസ്ഥാനത്തെ പല ബാറുകളിലും ഇത്തരത്തിൽ കോൾ ഡ്രൈവർമാരുടെ സേവനം ലഭിച്ചിരുന്നു.
ടാക്സിക്കാർ വലയും
ടാക്സി ഡ്രൈവർമാർ തന്റെ വാഹനത്തിൽ കയറുന്ന യാത്രക്കാർ മദ്യപിച്ചിട്ടില്ലെന്ന് ഉറപ്പ് വരുത്താൻ ബ്രത്ത് അനലൈസർ കൂടി വാങ്ങേണ്ട സ്ഥിതിയിലാണുള്ളത്.
വാഹനത്തിൽ കയറാൻ വരുന്നവരെ ഡ്രൈവർമാർ പരിശോധിക്കുന്ന സ്ഥിതിയുണ്ടായാൽ അത് പുതിയ പ്രതിസന്ധികൾ സൃഷ്ടിക്കും.
പുതുതായി നാൽപത് നിയമങ്ങളും 500 ഉപനിയമങ്ങളുമാണ് പ്രാബല്യത്തിൽ വന്നിട്ടുള്ളത്.