തളിപ്പറമ്പ്: തളിപ്പറമ്പ് നഗരസഭാ ബസ്സ്റ്റാൻഡ് കോംപ്ലക്സും പരിസരവും മദ്യപരുടേയും കഞ്ചാവ് സേവക്കാരുടേയും പിടിയില്‍. രാപ്പകല്‍ ഭേദമില്ലാതെ ഇവര്‍ കോംപ്ലക്സ് കൈയടക്കിയതോടെ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാരുടേയും കോംപ്ലക്സിലെ ജീവനക്കാരുടേയും ദൈനംദിന ജീവിതം അരക്ഷിതാവസ്ഥയിലായി.
രണ്ട് നിലകളുള്ള കോംപ്ലക്സിലേക്ക് കയറുന്ന തെക്കും വടക്കും ഭാഗങ്ങളിലുള്ള കോണിപ്പടിയും പരിസരങ്ങളുമാണ് ഇവരുടെ വിഹാരകേന്ദ്രം. ഇവിടെ മദ്യക്കച്ചവടവും കഞ്ചാവ് വില്പനയും പൊടിപൊടിക്കുകയാണെങ്കിലും പോലീസോ എക്സൈസോ ഈ ഭാഗത്തേക്ക് തിരിഞ്ഞുനോക്കുക കൂടി ചെയ്യുന്നില്ല.
ടൗണ്‍സ്ക്വയര്‍ അടച്ചിട്ടതോടെയാണ് അവിടെ തമ്പടിച്ചിരുന്ന സാമൂഹ്യവിരുദ്ധര്‍ കോംപ്ലക്സില്‍ കേന്ദ്രീകരിച്ചുതുടങ്ങിയത്. പകല്‍സമയത്തുപോലും കഞ്ചാവും മദ്യവും വാങ്ങുന്നതിന് കോളജ് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഇവിടെയെത്തുന്നുണ്ട്.
രാപ്പകൽ വ്യത്യാസമില്ലാതെ ലഹരിയില്‍ കോംപ്ലക്സ് പരിസരത്ത് മണിക്കൂറുകളോളം വീണുകിടക്കുന്ന പലരും ഇവിടെ ഛര്‍ദ്ദിക്കുകയും മലമൂത്രവിസര്‍ജനം നടത്തുകയും ചെയ്യുന്നത് പതിവാണ്. രാവിലെ കടതുറക്കാനെത്തുന്ന കച്ചവടക്കാരുടെ പ്രധാന ജോലി സാമൂഹ്യവിരുദ്ധരുടെ മലമൂത്രവും ഛര്‍ദ്ദിലും ശുചീകരിക്കലാണ്.
പലരും അടിവസ്ത്രങ്ങള്‍ പോലുമില്ലാതെ കിടന്നുറങ്ങുന്നതിനാല്‍ സ്ത്രീകളും പെണ്‍കുട്ടികളും ഇതുവഴി യാത്രചെയ്യാന്‍ തന്നെ മടിക്കുകയാണ്. നിരവധി തവണ കോംപ്ലക്സിലെ കച്ചവടക്കാര്‍ പോലീസിനോടും നഗരസഭാ അധികൃതരോടും തങ്ങളുടെ പ്രശ്നങ്ങള്‍ പറഞ്ഞിരുന്നുവെങ്കിലും ഫലപ്രദമായ യാതൊരു നടപടികള്‍ക്കും ആരും തയാറായിട്ടില്ല. ഇവര്‍ക്കെതിരേ അടിയന്തര നടപടികൾ സ്വീകരിക്കാത്തപക്ഷം പ്രത്യക്ഷ പ്രതിഷേധത്തിന് ഇറങ്ങേണ്ടിവരുമെന്ന് കച്ചവടക്കാര്‍ പറയുന്നു.