പേരൂര്‍ക്കട: മദ്യപിച്ച് ബോധരഹിതനായി കിടന്നയാള്‍ക്ക് സമീപത്തെ വ്യാപാരികള്‍ രക്ഷാവലയം തീര്‍ത്തു.ഇന്നലെ പകല്‍സമയത്ത് വട്ടിയൂര്‍ക്കാവ് പോലീസ് സ്റ്റേഷനു സമീപമാണ് 60 വയസ് വരുന്നയാള്‍ മദ്യപിച്ച് ബോധരഹിതനായി കിടന്നത്.
റോഡില്‍ സീബ്രാവരകള്ക്കു സമീപം ഇയാള്‍ ബോധംകെട്ട് കിടന്നതോടെ വ്യാപാരികള്‍ ചേര്‍ന്ന് ഇയാളെ റോഡുവശത്ത് കിടത്തി.
എന്നിട്ടും അപകടാവസ്ഥയില്‍ കിടന്നതിനാല്‍ സമീപത്തെ ഫ്രൂട്ട്സ് കടയിലുണ്ടായിരുന്ന പെട്ടികള്‍ സമീപത്ത് ചേര്‍ത്തുവച്ച് ഇയാള്‍ക്ക് രക്ഷാവലയം തീര്‍ക്കുകയായിരുന്നു.
വട്ടിയൂര്‍ക്കാവ് പോലീസില്‍ വിവരമറിയിച്ചുവെങ്കിലും അവര്‍ എത്തുന്നതിനു മുമ്പുതന്നെ കെട്ടുവിട്ട വയോധികന് സ്ഥലത്തുനിന്ന് പോകുകയായിരുന്നു.
വട്ടിയൂര്‍ക്കാവ്, മുക്കോല ബിവറേജ് ഷോപ്പുകള്‍ക്കു മുന്നില്‍ ക്യൂ നിന്ന് മദ്യം വാങ്ങി വഴിവക്കിലിരുന്ന് മദ്യപിച്ചശേഷം റോഡുവശത്ത് ബോധം കെട്ട് കിടക്കുന്ന കാഴ്ച ഇപ്പോള്‍ നിത്യസംഭവമായിരിക്കുകയാണ്.
വട്ടിയൂര്‍ക്കാവ് പോലീസ് ഇക്കാര്യത്തില്‍ ഉചിതമായ നടപടികള്‍ സ്വീകരിക്കണമെന്നാണ് ആവശ്യം.