ചെമ്മാപ്പിള്ളി: തങ്ങളുടെ സന്തോഷത്തെയും കാരുണ്യത്തേയും സഹാനുഭൂതിയെയും കാശു കുടുക്കയില്‍ നിക്ഷേപിച്ച്, കയറിക്കിടക്കാന്‍ വീടില്ലാത്ത സഹപാഠിക്ക് കൂടൊരുക്കാന്‍ കുരുന്നുകള്‍.ചെമ്മാപ്പിള്ളി എഎല്‍പി സ്‌കൂളിലെ നഴ്‌സറി ക്ലാസ് അടക്കമുള്ള വിവിധ ഡിവിഷനുകളിലെ കുട്ടികളാണ് വാടകയ്ക്ക് താമസിക്കുന്ന സഹപാഠിയെ സഹായിക്കാന്‍ മുന്നിട്ടിറങ്ങിയിരിക്കുന്നത്. വീടില്ലാത്തതിനാല്‍ തൊഴുത്തില്‍ കഴിഞ്ഞിരുന്ന കുട്ടിയുടെ പശ്ചാത്തലം മനസിലാ ക്കിയപ്പോഴാണ് പിടിഎയുടെ ശ്രദ്ധ ഈ ആശയത്തിലേക്ക് പതിഞ്ഞത്.
മൂഞ്ഞേലി റെജി ബിനി ദന്പതികളുടെ മകനായ നാലാം ക്ലാസ് വിദ്യാര്‍ഥി റിഗിന്‍സിനു വേണ്ടിയാണ് സ്‌കൂളിലെ കൂട്ടുകാര്‍ക്കൊപ്പം പിടിഎയും നാട്ടുകാരും ഒത്തു ചേരുന്നത്. റെജിയും ബിനിയും കൂലിവേല ചെയ്താണ് മക്കളെ പഠിപ്പിക്കുന്നതും കുടുംബം പുലര്‍ത്തുന്നതും. വീട് നിര്‍മിച്ചു നല്‍കുന്നതിനു തയ്യാറായി പലരും മുന്നോട്ടുവന്നിരു ന്നുവെങ്കിലും സ്വന്തമായി സ്ഥലം ഇല്ലാത്തതിനാല്‍ അതെല്ലാം പാഴാവുകയായിരുന്നു.
ഇന്നലെ സ്‌കൂള്‍ അസംബ്ലിയില്‍ വച്ച് റിഗിന്‍സിന്റെ കൂട്ടുകാരെല്ലാം പിടിഎ നല്‍കിയ കാശു കുടുക്കയും വാങ്ങി കൂട്ടുകാരനെ പുത്തന്‍വീട്ടിലേക്ക് കൈപിടിച്ചു കയറ്റുമെന്ന പ്രതിജ്ഞയുമായിട്ടാണ് വീട്ടിലേക്ക് മടങ്ങിയത്. അദ്ധ്യയന വര്‍ഷം അവസാനിക്കുന്‌പോള്‍ സമാഹരിച്ച തുക വിദ്യാര്‍ഥിക്ക് കൈമാറുമെന്ന് പിടിഎ പ്രസിഡന്റ് ഇ.പി.ഹരീഷ്, ഹെഡ്മിസ്ട്രസ് സുഷമ ടീച്ചര്‍ എന്നിവര്‍ പറഞ്ഞു.