ഡൊമനിക് ജോസഫ്
മാന്നാർ: കുടുംബശ്രീ ഭാരവാഹികളാകാൻ സ്ത്രീകൾ മുന്നോട്ട് വരാൻ തയ്യാറാകാഞ്ഞ കാലം കഴിഞ്ഞു. ഭാരവാഹിത്വത്തിന് വേണ്ടി പലയിടങ്ങളിലും ചേരിതിരിഞ്ഞ മത്സരമാണ് ഇപ്പോൾ നടക്കുന്നത്.
കുടുംബ ശ്രീ തെരഞ്ഞെടുപ്പുകൾ പൂർത്തിയായപ്പോൾ പല പഞ്ചായത്തുകളിലും ചേരിതിരിഞ്ഞ് മത്സരം നടന്നു.ഇത്തരത്തിൽ തന്നെ എഡിഎസ് അംഗങ്ങളെയും തെരഞ്ഞെടുത്തു കഴിഞ്ഞു.
കുടുംബശ്രീ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്ഇ നിരവധി പരാതികൾ രാഷ്ട്രീയ പാർട്ടികൾ ജില്ലാ മിഷന് നൽകിയിട്ടുണ്ട്. എന്നാൽ ഇതൊക്കെ ഒരു ഭാഗത്ത് നടക്കുമ്പോഴും സി ഡി എസ് തെരഞ്ഞെടുപ്പ് സമയബന്ധിതമായി പൂർത്തീകരിക്കുവാനുള്ള നീക്കങ്ങൾ തകൃതിയായി നടന്ന് വരുകയാണ്.
സ്ത്രീ ശാക്തീകരണം ലക്ഷ്യം വച്ച് സ്വതന്ത്രമായി അതാത് ജില്ലാ മിഷന്റെ കീഴിൽ പ്രവർത്തിക്കുന്ന കുടുംബശ്രീ കൾക്ക് മേൽ ഇപ്പോൾ രാഷ്്ട്രീയശക്തികൾ പിടിമുറുക്കുകയാണ്.
പിടിച്ചെടുക്കാൻ തന്ത്രങ്ങൾ…
എങ്ങനെയും കുടുംബശ്രീ കൾ വഴി സി ഡി എസ് പിടിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് രാഷ്ട്രീയ പാർട്ടികൾ രംഗത്തിറങ്ങിയിരിക്കുന്നത്.
കോൺഗ്രസിൻ്റെയും ,ബി ജെ പി യുടെയും നേതൃത്വത്തിൽ കുടുംബശ്രീ മാതൃകയിൽ സ്ത്രീ കൂട്ടായ്മയുണ്ട്. എന്നാൽ ഇത് വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല.
രൂപീകരിച്ച പലയിടങ്ങളിലും പിന്നീട് പ്രവർത്തനം നിലച്ചു. എന്നാൽ സർക്കാരിന്റെ എല്ലാ സഹായത്തോടെ പ്രവർത്തിക്കുന്ന കുടുംബ ശ്രീകളിൽ ഭൂരിപക്ഷവും സി പി എം നിയന്ത്രണത്തിലുമാണ്.
കണ്ണ് രാഷ്ട്രീയ ഭാവിയിൽ
ഈ അവസരത്തിലാണ് കുടുംബശ്രീ പിടിക്കുവാൻ രാഷ്്ട്രീയ പാർട്ടികൾ രംഗത്തിറങ്ങിയത്.കുടുംബശ്രീയിലൂടെ എത്തിയവർ പിന്നീട് ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ ആയതിനാൽ ഇത് കൂടി മുന്നിൽ കണ്ട് ഇതിൻ്റെ നേതൃത്വത്തിൽ എത്താൻ വനിതകളും തയാറാണ്.
അതാണ് പലയിടത്തും മുൻപെങ്ങുമില്ലാത്ത വിധത്തിൽ രാഷ്ട്രീയ അടിസ്ഥാനത്തിലുള്ള മത്സരത്തിലേക്ക് വരെ വഴി തെളിച്ചത്.
ഗ്രാമ പഞ്ചായത്തുകൾ ഭരിക്കുന്ന രാഷ്ടീയ പാർട്ടികളുടെ സ്വാധീനവും തെരഞ്ഞെടുപ്പുക ളിൽ പ്രതിഫലിക്കാരുണ്ട്. ഒരു പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ വീറും വാശിയുമാണ് മിക്ക പഞ്ചായത്തുകളിലും കുടുംബശ്രീ തെരഞ്ഞെടുപ്പു ക ളിൽ മുൻപെങ്ങുമില്ലാത്ത വിധത്തിൽ ദർശിക്കാൻ കഴിയുന്നത്.