ആലപ്പുഴ: റോഡുകളുടെയും പൊതു സ്ഥാപനങ്ങളുടെയും രണ്ടുലക്ഷം രൂപ വരെ ചെലവ് വരുന്ന അറ്റകുറ്റപ്പണികൾ ടെൻഡർ കൂടാതെ കുടുംബശ്രീയുടെ കീഴിലുള്ള വിദഗ്ധ പരിശീലനം ലഭിച്ച തൊഴിലാളികളെക്കൊണ്ട് ചെയ്യിക്കാൻ സർക്കാർ അനുമതി.
പൊതുമരാമത്ത്, ജലസേചനം, തദ്ദേശ സ്വയം ഭരണം, ജല അഥോറിറ്റി എന്നീ വകുപ്പുകൾക്ക് കീഴിലുള്ള പ്രവൃത്തികളാണ് കുടുംബശ്രീ വഴി നടപ്പാക്കുന്നത്. ഒരു വർഷത്തിൽ പരമാവധി 25 ലക്ഷം രൂപയുടെ ജോലികൾ വരെ ഇത്തരത്തിൽ ഓരോഗ്രുപ്പിനും ഏറ്റെടുത്തു ചെയ്യാം.
റോഡിലെ കുഴി അടയ്ക്കൽ, അഴുക്കുചാലിന്റെ ശുചീകരണം, കലുങ്ക് നിർമാണം, റോഡിലേക്ക് വീണു കിടക്കുന്ന മരത്തിന്റെ ശിഖരം മുറിക്കൽ, പൊതു കെട്ടിടത്തിന്റെ ശുചീകരണം, അറ്റകുറ്റപ്പണി തുടങ്ങിയ പ്രവൃത്തികൾ ചെയ്യാനാണ് അനുമതി ലഭിച്ചിരിക്കുന്നത്.
കൂടാതെ കുടുബശ്രീയുടെ എറൈസ് പദ്ധതിയിലൂടെ പരിശീലനം ലഭിച്ച വിദഗ്ധ തൊഴിലാളികൾക്കോ ഏജൻസിക്കോ വാട്ടർ സപ്ലൈ, സാനിറ്ററി, ഇലക്ട്രിക്കൽ ജോലികളുടെ വാർഷിക അറ്റകുറ്റപ്പണികളും ചെയ്യാനാകും.
പൊതുവേ കാലതാമസം നേരിടുന്ന ഇത്തരം പ്രവൃത്തികൾ പെട്ടെന്ന് പൂർത്തിയാക്കാൻ ഇതിലൂടെ സാധിക്കും. 243 അംഗങ്ങളുള്ള 46 വനിതാ കണ്‍സ്ട്രക്ഷൻ ഗ്രുപ്പുകൾക്കും ഇലക്ട്രിക്കൽ ആൻഡ് പ്ലംബിംഗ് മേഖലയിൽ എറൈസ് പരിശീലനം ലഭിച്ച കുടുംബശ്രീ വഴി രജിസ്റ്റർ ചെയ്ത മൾട്ടി ടാസ്ക് ടീമുകൾക്കും ഇതിലൂടെ സാന്പത്തിക നേട്ടം ലഭിക്കും.
ആലപ്പുഴ ജില്ലാമിഷന്റെ കീഴിൽ നിർമാണമേഖലയിൽ പരിശീലനം ലഭിച്ച വനിതാ തൊഴിലാളികൾ രാമോജി, ലൈഫ് പദ്ധതി, ഹഡ്കോ സ്പോണ്‍സേർഡ് ഭവന നിർമാണം തുടങ്ങിയ പദ്ധതികളുടെ ഭാഗമായി 150 വീടുകൾ നിർമിച്ചു പ്രാഗൽഭ്യം തെളിയിച്ചവരുമാണെന്ന് കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ പ്രശാന്ത് ബാബു അറിയിച്ചു.