സ്വന്തം ലേഖകന്‍
കോഴിക്കോട്:വയോജനങ്ങള്‍ക്കായി വിവിധ സേവനങ്ങള്‍ ലഭ്യമാക്കുന്നതിനായി ജിറിയാട്രിക് കെയര്‍ ഫോര്‍ സീനിയര്‍ സിറ്റിസണ്‍സ് എന്ന പദ്ധതിക്ക് കുടുംബശ്രീ തുടക്കം കുറിക്കുന്നു. വൃദ്ധജനങ്ങളുടെ പരിപാലനത്തിന് പ്രത്യേകം പരിശീലനം ലഭിച്ച കുടുംബശ്രീ സംരംഭകരാണ് പദ്ധതിയുടെ ഭാഗമാകുക.
പ്രായമായ മാതാപിതാക്കളുടെ സംരക്ഷണത്തിനായി കെയര്‍ ഗിവര്‍മാരെ കണ്ടെത്താന്‍ പ്രയാസപ്പെടുന്നവര്‍ കേരളത്തില്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ഈ മേഖലയിലെ തൊഴില്‍ സാധ്യത മുന്‍കൂട്ടികണ്ട് കൊണ്ടാണ് പുതിയ പദ്ധതി ആരംഭിക്കുന്നതെന്ന് കുടുംബശ്രീ അധികൃതര്‍ അറിയിച്ചു.
ആദ്യഘട്ടത്തില്‍ ഒരു ജില്ലകളില്‍നിന്നും കഴിവും അഭിരുചിയുമുള്ള 30 പേര്‍ക്കാണ് പരിശീലനം നല്‍കുക. ഇത്തരത്തില്‍ സംസ്ഥാനത്ത് 420 പേര്‍ക്ക് ഈ സാമ്പത്തിക വര്‍ഷം പരിശീലനം നല്‍കും. തൊഴില്‍ വകുപ്പിന്റെ നൈപുണ്യ വികസന ഏജന്‍സിയായ കേരള അക്കാദമി ഫോര്‍ സ്കില്‍ എക്സലന്‍സുമായി സഹകരിച്ച് 20 ദിവസത്തെ റസിഡന്‍ഷ്യല്‍ പരിശീലനം നല്‍കും. ഇതിനു പുറമേ തിരുവനന്തപുരത്തെ ഹെല്‍ത്ത് ആക്ഷന്‍ ബൈ പീപ്പിള്‍ (ഹാപ്പ്) മുഖേനയും പരിശീലനം നല്‍കും.
ഓരോ ജില്ലയിലേയും പരിശീലനം ലഭിച്ചവര്‍ ഉള്‍പ്പെടുന്ന മാനേജ്മെന്റ് ടീം രൂപീകരിക്കുകയും സേവനം ആവശ്യമുള്ളവര്‍ക്ക് ഈ മാനേജ്മെന്റ് ടീം മുഖേന സേവനം ലഭ്യമാക്കാനുമാണ് പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നത്.പ്രവര്‍ത്തന മികവിന്റെ അടിസ്ഥാനത്തില്‍ പ്രതിമാസം 12000/ രൂപ മിനിമം വേതനം ഉറപ്പുവരുത്തിയാണ് പദ്ധതി നടപ്പാക്കുക.
ആദ്യഘട്ടത്തില്‍ ജില്ലയിലെ നഗര പ്രദേശങ്ങളിലാണ് സേവനം ലഭ്യമാകുക. തുടര്‍ന്ന് സാധ്യതയുള്ള ഗ്രാമപ്രദേശങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കും. കുടുംബശ്രീ അയല്‍ക്കൂട്ടത്തില്‍ അംഗമായ യുവതികള്‍ക്കും കുടുംബശ്രീ കുടുംബാംഗമായ യുവതി, യുവാക്കള്‍ക്കുമാണ് അവസരം ലഭിക്കുക.