പാലക്കാട് : സ്ത്രീ ശാക്തീകരണ പ്രവർത്തങ്ങൾക്ക് കരുത്തു പകരാൻ കുടുംബശ്രീയുടെ ജെൻഡർ ക്യാന്പയിൻ -നീതം 2018 ന് തുടക്കമായി. ഈമാസം പത്തിന് സംസ്ഥാനത്തെ എല്ലാ അയൽക്കൂട്ടങ്ങളുടെയും നേതൃത്വത്തിൽ ഒരു പകൽ മുഴുവൻ നീണ്ടുനിൽക്കുന്ന കുടുംബ സംഗമങ്ങൾ സംഘടിപ്പിക്കും.സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള അതിക്രമങ്ങളും നീതി നിഷേധങ്ങളും അയൽക്കൂട്ട കുടുംബ സംഗമങ്ങളിൽ ചർച്ചയാകും.
പ്രാദേശികമായി നാനാമേഖലയിലുള്ള സ്ത്രീകളെയും പുരുഷന്മാരെയും വിദ്യാർത്ഥികളെയും പങ്കെടുപ്പിച്ചു കൊണ്ടാണ് സംഗമങ്ങൾ നടത്തുക. സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള അതിക്രമങ്ങൾക്ക് പരിഹാരം കാണുന്നതിനുള്ള പ്രാദേശികമായ ഇടപെടൽ എന്ന നിലയിലാണ് കാന്പയിന് രൂപം നൽകിയിരിക്കുന്നത്.
എല്ലാവർക്കും തുല്യാവകാശം ഉറപ്പു വരുത്തുക,സാമൂഹ്യ ഉന്നമനത്തിൽ എല്ലാ മനുഷ്യരുടെയും പങ്കാളിത്തവും സഹകരണവും ഉറപ്പു വരുത്തുക എന്നതുമാണ് അയൽക്കൂട്ട കുടുംബ സംഗമങ്ങളുടെ ലക്ഷ്യം.ജില്ലയിൽ 22,000 അയൽക്കൂട്ടങ്ങളിലടക്കം സംസ്ഥാനത്തുടനീളം മൂന്നുലക്ഷത്തോളം അയൽക്കൂട്ടങ്ങളിൽ കുടുംബസംഗമങ്ങൾ നടക്കും.
വിവിധ തലങ്ങളിൽ പരിശീലനം നേടിയ മോണിറ്ററിംഗ് സംഘത്തിന്റെ നേതൃത്വത്തിലാണ് അയൽക്കൂട്ട സംഗമങ്ങൾ നടക്കുക.വാർഡ് മെന്പർമാരുടെയും പഞ്ചായത്ത് ഭരണസമിതിയുടെയും സഹകരണത്തോടെയാണ് പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നത്.
കുടുംബശ്രീ പാലക്കാട് ജില്ലാ മിഷന്റെ നേതൃത്വത്തിൽ ’മായക്കണ്ണാടി’ എന്ന പേരിൽ സ്ത്രീകൾ അവതരിപ്പിക്കുന്ന തെരുവുനാടകം ജില്ലയുടെ വിവിധയിടങ്ങളിൽ അവതരിപ്പിക്കും. കുടുംബശ്രീയുടെ തീയേറ്റർ ഗ്രൂപ്പായ രംഗശ്രീ ആണ് ജെൻഡർ ക്യാന്പയിന്റെ ഭാഗമായി നാടകം അവതരിപ്പിക്കുന്നത്
ജനകീയമായ സംവാദങ്ങൾക്കുപുറമെ സാംസ്കാരിക പരിപാടികളും അയൽക്കൂട്ടസംഗമങ്ങളിൽ നടക്കും. പത്തിനു നടക്കുന്ന അയൽക്കൂട്ട സംഗമങ്ങളിലെ ചർച്ചകളും പ്രവർത്തനങ്ങളും ക്രോഡീകരിച്ച് സിഡിഎസ് തലത്തിൽ ’ അതിക്രമങ്ങൾക്കെതിരെ സഹയാത്ര സംഗമം ’ എന്ന പേരിൽ ഒരു ദിവസം നീണ്ടു നിൽക്കുന്ന പരിപാടി പഞ്ചായത്ത് തലത്തിൽ നടത്തും.
പൊതുജനങ്ങളും ജനപ്രതിനിധികളും അണിനിരക്കുന്ന ഘോഷയാത്രയും സാംസ്കാരികോത്സവവും സഹയാത്ര സംഗമത്തിൻറെ ഭാഗമാകും. തൃത്താല ,ശ്രീകൃഷ്ണപുരം , പാലക്കാട്,മലന്പുഴ,ചിറ്റൂർ ആലത്തൂർ ബ്ലോക്ക് പഞ്ചായത്തുകളിൽ കേരള ചലച്ചിത്ര അക്കാദമിയുടെ സഹകരത്തോടെ ചലച്ചിത്ര പ്രദർശനം സംഘടിപ്പിക്കും.
ജില്ലാതലത്തിൽ, സ്ത്രീയും തൊഴിലും, സ്ത്രീകളുടെ മുഖ്യധാരവത്കരണം കുടുംബശ്രീയിലൂടെ , സ്ത്രീയും ഭരണനിർവഹണവും തുടങ്ങിയ വിവിധ വിഷയങ്ങളെ അധികരിച്ച് സംവാദവും മൊബൈൽ ഫോട്ടോഗ്രാഫി മത്സരവും നടക്കും. ദേശീയ വനിത ദിനത്തോടനുബന്ധിച്ച് ’ജെൻഡർ കോണ്ഗ്രസ് ’ എന്ന പേരിൽ സംസ്ഥാന തലത്തിൽ മൂന്നു ദിവസം നീളുന്ന സംഗമത്തോടും ശില്പശാലയോടും കൂടിയാണ് ’നീതം 2018 ’ സമാപിക്കുക.
സ്ത്രീകളുടെയും കുട്ടികളുടെയും അവകാശങ്ങൾ ഉറപ്പുവരുത്തുക ,അതിക്രമങ്ങളും പീഡനങ്ങളും തടയുക,സ്ത്രീ ശാക്തീകരണ പ്രവർത്തങ്ങളുടെ വേഗത വർദ്ധിപ്പിക്കുക എന്നീ ലക്ഷ്യങ്ങൾ പൂർത്തീകരിക്കുന്നതിന് സമൂഹത്തെ പ്രാപ്തരാക്കുക എന്നതാണ് കാന്പയിനിലൂടെ കുടുംബശ്രീ ലക്ഷ്യം വെക്കുന്നത്.