മംഗലം ശങ്കരൻകുട്ടി
ഒറ്റപ്പാലം : തൊഴിലിടങ്ങൾ സൃഷ്ടിച്ച് സ്വന്തം കാലിൽ നിലയുറപ്പിക്കാൻ സ്ത്രീ ശാക്തീകരണത്തിന്റെ കരുത്തുമായി സൗഭാഗ്യയിലെ അംഗനമാർ.
ഗ്രാമീണ മേഖലകളിൽ കുടുംബശ്രീ സംരംഭത്തിലൂടെ തൊഴിലിടങ്ങൾ കണ്ടെത്തി സ്വന്തം കാലിൽ നില്ക്കാനുള്ള പെണ്പോരാട്ടത്തിലാണ് അന്പലപ്പാറ കടന്പൂർ കൂനൻമല വാർഡിലെ സൗഭാഗ്യ കുടുംബശ്രീ യൂണിറ്റ്.
അഞ്ച് സ്ത്രീകളുടെ കൂട്ടായ്മയിൽ ആരംഭിച്ച മില്ലാണ് മറ്റ് വനിതകൾക്ക് കൂടി പ്രചോദനമായി ഇവിടെ വിജയിച്ചു നിൽക്കുന്നത്.
നെല്ല് കുത്തുന്നതിനും ധാന്യങ്ങൾ പൊടിക്കുന്നതിനും എണ്ണയാട്ടുന്നതിനുമുള്ള വിപുലമായ യന്ത്ര സംവിധാനത്തോടെയുള്ള മില്ലാണ് ഗ്രാമീണ മേഖലയിലെ പ്രദേശവാസികൾക്ക് കൂടി പ്രയോജനപ്രദമായി വളയിട്ട കൈകൾ ഭദ്രമാക്കുന്നത്.
അരിമാവ് തയാറാക്കുന്ന യൂണിറ്റ് സ്ഥാപിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പ്രാരംഭത്തിൽ വനിതാ സംഘം ഇറങ്ങിത്തിരിച്ചത്.
എന്നാൽ സ്വന്തമായി സ്ഥലം ലഭ്യമായതോടെ അന്പലപ്പാറ പഞ്ചായത്തിലെ തൊഴിലുറപ്പ് തൊഴിലാളികളുടെ കൂടി സഹകരണത്തോടെ ഷീറ്റിട്ട കെട്ടിടം ഇവർ യാഥാർഥ്യമാക്കി.
രണ്ട് ലക്ഷം രൂപയാണ് ഇതിന് മുതൽ മുടക്കിയത്. തുടർന്നാണ് പദ്ധതി വിപുലപ്പെടുത്താനുള്ള വിശാലമായ ആലോചന നടന്നത്.
ബ്ലോക്ക് പഞ്ചായത്ത് അനുവദിച്ച 6.5 ലക്ഷം രൂപ വിനിയോഗിച്ചാണ് പദ്ധതിക്കാവശ്യമായയന്ത്ര സംവിധാനങ്ങൾ സ്ഥാപിച്ചത്.
നെല്ല് കുത്തുന്നതിനുള്ള സംവിധാനത്തിന് പുറമെ കൊപ്ര ആട്ടിക്കൊടുക്കുന്നതിനും മല്ലി, മുളക്, മഞ്ഞൾ, അരി, ഗോതന്പ് തുടങ്ങിയ ധാന്യങ്ങളും ആവശ്യക്കാരുടെ ഇഷ്ടാനുസരണം പൊടിച്ചു നല്കാൻ വനിതാ കൂട്ടായ്മ അവസരം സൃഷ്ടിച്ചു.
ഒരേസമയം ഒന്നിലേറെ യന്ത്രങ്ങൾ പ്രവർത്തിപ്പിക്കാൻ കഴിയുമെന്ന പ്രത്യേകതയും ഇവിടെയുണ്ട്.വിവിധയിനം ധാന്യങ്ങൾ പൊടിച്ച് പാക്കറ്റുകളിലാക്കി കുടുംബശ്രീയുടെ പേരിൽ വിപണികളിലെത്തിക്കാനും ഇവർക്ക് പദ്ധതിയുണ്ട്.
അന്പലപ്പാറ പഞ്ചായത്ത് സിഡിഎസ് അംഗം ഇ.എസ്. സുനിതയുടെ പരിശ്രമമാണ് പദ്ധതിയുടെ വിജയത്തിന് പിന്നിലുള്ളത്.
യൂണിറ്റ് പ്രസിഡന്റ് എം.ആർ. ജയശ്രീ, സെക്രട്ടറി വി.കെ. സരസ്വതി, അംഗങ്ങളായ കെ.ഡി. സബിത, ഇ.പി. കല്യാണി, ടി.ജി. ഷൈനി എന്നിവരടങ്ങിയ കൂട്ടായ്മയാണ് മില്ല് നടത്തിവരുന്നത്.
കുറഞ്ഞ മുതൽ മുടക്കിൽ വളരെ ലാഭകരമായി ചെറുകിട വ്യവസായ സംരംഭത്തെ മാറ്റി സ്വന്തം കാലിൽ നിന്ന് വരുമാനമുണ്ടാക്കുകയാണ് ഈ വനിതാ കൂട്ടായ്മ.