ഏറ്റുമാനൂർ: കുടുംബശ്രീയിൽ ഒരു കുടുംബത്തിൽനിന്ന് ഒരു അംഗം എന്ന നിലവിലുള്ള രീതി മാറുന്നു. ഇനി മുതൽ ഒരു കുടുംബത്തിൽനിന്ന് രണ്ട് അംഗങ്ങൾക്ക് കുടുംബശ്രീയിൽ പ്രവർത്തിക്കാമെന്ന് മന്ത്രി കെ.ടി.ജലീൽ. കുടുംബശ്രീ ജില്ലാ മിഷന്റെ കീഴിൽ ഏറ്റുമാനൂരിൽ സ്ഥാപിച്ച സ്ത്രീകൾക്കും കുട്ടികൾക്കുമായുള്ള സഹായകേന്ദ്രം സ്നേഹിതയുടെ ഉദ്ഘാടനം നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു മന്ത്രി. കോട്ടയം മെഡിക്കൽ കോളജിലെ അവസാന വർഷ വിദ്യാർഥികൾ കുടുംബശ്രീയുമായി ചേർന്നു നടത്തുന്ന സ്തനാർബുദബോധവത്കരണ കാന്പയിൻ സഖിയുടെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു.
പുതുതലമുറയെക്കൂടി ആകർഷിക്കാനാകും വിധം സ്ത്രീ ശാക്തീകരണത്തിനായുള്ള പദ്ധതികൾ കുടുംബശ്രീയിൽ ഉൾപ്പെടുത്തുമെന്ന് മന്ത്രി പറഞ്ഞു. പുതിയ തലമുറ കുടുംബശ്രീയിൽ എത്തുന്പോൾ പുതിയ പദ്ധതികളും ആരംഭിക്കാം. ഷി ലോഡ്ജ്, ഷി ഹോം തുടങ്ങിയവയും മെഡിക്കൽ സ്റ്റോർ, ലാബ്, ഇന്റർനെറ്റ് കഫേ തടങ്ങിയവയുമൊക്കെ ആരംഭിക്കാം. സഹായിക്കാൻ സർക്കാർ ഉണ്ടാകും.നിരാലംബരായ സ്ത്രീകളും കുട്ടികളും അനുഭവിക്കുന്ന ചൂഷണങ്ങൾക്കെതിരെയുള്ള പ്രതിരോധ കവചമാണ് സ്നേഹിത.
സ്നേഹിതക്ക് സ്വന്തമായി മുഴുവൻ സമയ അഭിഭാഷകയെ നിയമിക്കും. സ്തനാർബുദത്തിനെതിരെയുള്ള ബോധവത്ക്കരണ കാന്പയിൻ ആയ സഖി എന്ന ആശയം രൂപപ്പെടുത്തിയ മെഡിക്കൽ വിദ്യാർഥികളെ മന്ത്രി അഭിനന്ദിച്ചു.
ഏറ്റുമാനൂർ ക്രിസ്തുരാജ ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തിൽ കെ.സുരേഷ് കുറുപ്പ് എംഎൽഎ അധ്യക്ഷത വഹിച്ചു.
മോൻസ് ജോസഫ് എം എൽ എ, സി.കെ.ആശ എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സഖറിയാസ് കുതിരവേലി, പഞ്ചായത്ത് പ്രസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് കുഞ്ഞ് പുതുശേരി, ഏറ്റുമാനൂർ മുനിസിപ്പൽ ചെയർമാൻ ജയിംസ് തോമസ് പ്ലാക്കിത്തൊട്ടിയിൽ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി.മൈക്കിൾ, കുടുബശ്രീ സംസ്ഥാന പ്രോഗ്രാം ഓഫീസർ ജി.എസ്.അമൃത, മെഡിക്കൽ കോളജ് വിദ്യാർഥി പ്രതിനിധി ഹരീഷ് ബാബു, കുടുബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ പി.എൻ.സുരേഷ്, സി.ഡി. എസ് ചെയർപേഴ്സണ് പ്രിയ സഞ്ജീവ് എന്നിവർ പ്രസംഗിച്ചു.