കൊല്ലം: കുടുംബശ്രീയുമായി ബന്ധപെട്ട എല്ലാ ഇടപാടുകളും വിജിലൻസ് അന്വേഷണത്തിന് വിധേയമാക്കണമെന്ന് ആവശ്യപെടാൻ കോർപ്പറേഷൻ കൗണ്‍സിൽ യോഗത്തിൽ തീരുമാനം. കോർപറേഷൻ പരിധിയിൽ കുടുംബശ്രീ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടുയർന്ന അഴിമതി ആരോപണങ്ങളുടെയും പരാതികളുടെയും പശ്ചാത്തലത്തിലാണ് കൗണ്‍സിൽ യോഗം ഈ തീരുമാനമെടുത്തത്.
കോർപറേഷൻ നിലവിൽ വന്ന 2000മുതലുള്ള കുടുംബശ്രീ ഇടപാടുകളാണ് സമഗ്രമായ അന്വേഷണത്തിന് വിധേയമാക്കാൻ ശുപാർശ ചെയ്യുകയെന്ന് മേയർ വി രാജേന്ദ്രബാബു അറിയിച്ചു.തെരുവുവിളക്ക് വിഷയവും യോഗത്തിൽ ചർച്ചയായി. ചിന്നക്കടയിൽ അടക്കം നഗരത്തിലെ പ്രധാനപ്പെട്ട സ്ഥലങ്ങളിൽ തെരുവിളക്കുകൾ കത്തുന്നില്ലെന്ന് ഭരണപക്ഷ അംഗങ്ങൾ തന്നെ യോഗത്തിൽ പരാതിപ്പെട്ടു.
പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷ ചിന്ത എൽ സജിത് ഓരോ കൗണ്‍സിലർക്കും അനുവദിച്ച തെരുവുവിളക്കുകളുടെ എണ്ണം വായിച്ചത് തെറ്റാണെന്ന് ആരോപിച്ച് പ്രതിപക്ഷം രംഗത്ത് വന്നു. ഇത് അൽപ നേരം ഭരണ-പ്രതിപക്ഷ അംഗങ്ങളുടെ വാക്കേറ്റത്തിനും കാരണമായി. തെരുവുവിളക്ക് പ്രശ്നത്തിൽ പരിഹാരം ഉടൻ ഉണ്ടാകുമെന്നും കേരളത്തിലെ ആദ്യത്തെ പൂർണ എൽഇഡി സ്ഥാപിത കോർപ്പറേഷനായി കൊല്ലം മാറുമെന്നും മേയർ പറഞ്ഞു.
സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് അടുത്ത വർഷം ആരംഭിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സർക്കാരിന്റെ എല്ലാ പിന്തുണയും ലഭിക്കുമെന്നും മേയർ വ്യക്തമാക്കി. ഗ്രീൻ ട്രിബ്യൂണലിലെ കേസുകളിൽ സിറ്റിങ് നടക്കാത്ത സാഹചര്യത്തിൽ സുപ്രീം കോടതിയിൽ സ്പെഷൽ ലീവ് പെറ്റീഷൻ സമർപ്പിക്കുമെന്നും മേയർ അറിയിച്ചു.
പള്ളിമുക്ക് മാർക്കറ്റിലെ വൃത്തിയാക്കലുമായി ബന്ധപ്പെട്ട് ലേലം പിടിച്ചവരെ വിളിച്ചു വരുത്തി നടപടി സ്വീകരിക്കുമെന്ന് ഡെപ്യൂട്ടി മേയർ വിജയഫ്രാൻസിസ് പറഞ്ഞു.
സ്ഥിരംസമിതി അധ്യക്ഷരായ എം എ സത്താർ, ടി ആർ സന്തോഷ് കുമാർ, ആനേപ്പിൽ ഡോ. ഡി സുജിത്, ഗീതാകുമാരി അംഗങ്ങളായ എ കെ ഹഫീസ്, ജെ സൈജു, ബി ശൈലജ, ഉദയ സുകുമാരൻ, എം നൗഷാദ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു.