തൃശൂർ: അടുക്കളയിൽനിന്ന് അരങ്ങത്തേക്കല്ല.. അരങ്ങിൽനിന്ന് അടുക്കളയിലേക്കാണ് അന്താരാഷ്ട്ര നാടകോത്സവത്തിലെ ഭക്ഷണപ്രിയരുടെ സഞ്ചാരം.
വേദിയുടെ പരിസരത്ത് വൈവിധ്യമാർന്ന ഭക്ഷ്യവിഭവങ്ങൾ ഒരുക്കി കുടുംബശ്രീ കഫേ നാടക നഗരിയിൽ എത്തുന്നവരുടെ രുചിമനം കവർന്നിരിക്കുകയാണ്. ലോക നാടകക്കാഴ്ചകൾ ആസ്വദിക്കാൻ എത്തുന്നവർക്ക് വിവിധ ജില്ലകളിലെ കുടുംബശ്രീ പ്രവർത്തകരുടെ നേതൃത്വത്തിലാണ് ഭക്ഷണശാല നടത്തുന്നത്.
ഓരോ ജില്ലയിലെയും തനത് രുചികൾ ആസ്വദിക്കാൻ നാടകപ്രേമികൾക്കൊപ്പം ഭക്ഷണപ്രിയരും ഇറ്റ്ഫോക്ക് നഗരിയിൽ എത്തുന്നുണ്ട്.വിവിധതരം ബിരിയാണികളും, നാടൻ രുചിക്കൂട്ടുകളായ കപ്പയും പിടിയും ചിക്കനും, വിവിധതരം പുട്ടുകൾ, മത്സ്യ വിഭവങ്ങൾ, ജ്യൂസുകൾ, പായസങ്ങൾ എന്നിവയും കുറഞ്ഞ നിരക്കിൽ നൽകി കുടുംബശ്രീ കഫേ കൈയടി നേടുന്നു. നാടകോത്സവത്തിന്റെ അവസാന ദിനമായ 16 വരെ കുടുംബശ്രീ ഭക്ഷ്യമേള ഉണ്ടാകും.