കുന്നംകുളം: വിശക്കുന്നവർക്ക് ചുരുങ്ങിയ ചിലവിൽ വയറു നിറയെ ഭക്ഷണം നൽകുകയെന്നത് ഒരു പുണ്യപ്രവൃത്തി കൂടിയാണ്. 20 രൂപയ്ക്ക് കുന്നംകുളത്തുകാരുടെ മനസും വയറും നിറച്ച സുഭിക്ഷ പദ്ധതി വിജയകരമായി അഞ്ച് വർഷം പൂർത്തീകരിക്കുമ്പോൾ ഇവിടെ വന്ന് ഭക്ഷണം കഴിച്ചു പോയവരുടെ എണ്ണം എത്രയെന്ന് കണക്കാക്കുക അസാധ്യം. അത്രമാത്രം ആളുകൾ കുന്നംകുളത്തെ സുഭിക്ഷയിൽ വന്ന് സുഭിക്ഷമായി ഭക്ഷണം കഴിച്ചുപോയിട്ടുണ്ട്. ദിവസവും ആയിരം പേരുടെ വിശപ്പകറ്റാൻ സുഭിക്ഷ പദ്ധതിയിലൂടെ കഴിയുന്നു. സംസ്ഥാന സർക്കാരിന്റെ വിശപ്പു രഹിത കേരളം പദ്ധതിയുടെ ഭാഗമായി കുന്നംകുളം നഗരസഭയുടെ കീഴിയിൽ ആരംഭിച്ച സ്ത്രീ സൗഹൃദ സുഭിക്ഷ കാന്റീൻ ഇന്ന് വിജയക്കുതിപ്പിലാണ്.
ദിനംപ്രതി 21,000 – 27,000 രൂപ വരെ വരവ് സുഭിക്ഷയിൽ ലഭിക്കുന്നുണ്ട്. ഒരാൾക്ക് ദിവസം 400 മുതൽ 650 രൂപ വരെ വരുമാനമുണ്ടാക്കാനും ഇതു വഴി കഴിയുന്നു. സ്ത്രീകൾക്ക് ഷിഫ്റ്റ് സമ്പ്രദായത്തിൽ കൂടുതൽ തൊഴിൽ സാധ്യതകളും പദ്ധതി വഴി ലഭിക്കുന്നുണ്ട്. അനിത സജിത്താണ് ഈ ജനകീയ ഭക്ഷണ കേന്ദ്രത്തിന്റെ കണ്‍വീനർ.
എ.സി. മൊയ്തീൻ എംഎൽഎയുടെ ഗ്രമഫലമായി 2020 ഫെബ്രുവരി 28 നാണ് കുന്നംകുളത്ത് സുഭിക്ഷ പദ്ധതി ആരംഭിച്ചത്. പൊതുവിതരണ വകുപ്പിന്റെ കീഴിൽ കേരളത്തിൽ രണ്ടാമത് ആരംഭിച്ച സുഭിക്ഷ കാന്റീനാണ് കുന്നംകുളത്തേത്. കുന്നംകുളം നഗരസഭയിലെ കുടുംബശ്രീ പ്രവർത്തകരിൽ നിന്നു തെരഞ്ഞെടുത്ത എട്ട് വനിതകളാണ് ആരംഭത്തിൽ ഉണ്ടായിരുന്നത്. ഇന്ന് അത് 20 സ്ത്രീകളുടെ വരുമാന മാർഗം കൂടിയാണ്. പ്രതികൂല ജീവിത സാഹചര്യങ്ങള അതിജീവിച്ച് മുന്നേറിയ ഒരു കൂട്ടം സ്ത്രീകളുടെ കഠിനപ്രയത്നമാണ് സുഭിക്ഷയുടെ വിജയം.
രാവിലെ 6.30 ന് ആരംഭിക്കുന്ന ജോലികൾ വൈകിട്ട് 5 വരെ നീളും. പ്രഭാത ഭക്ഷണവും ഉച്ച ഭക്ഷണവും ചെറുകടികളുമായി സുഭിക്ഷ ജനകീയമായി. സുഭിക്ഷ കാന്റീനിൽ ജോലി അനായാസമായി ചെയ്യാൻ കഴിയും വിധമാണ് അടുക്കള സജ്ജീകരിച്ചിരിക്കുന്നത്. അത്യാധുനിക സ്മാർട്ട് കിച്ചൻ സംവിധാനമാണ് ഒരുക്കിയിട്ടുള്ളത്. 75 പേർക്ക് ഇരുന്ന് കഴിക്കാനും പാർസൽ സൗകര്യവുമുണ്ട്. ഞായറാഴ്ചകളിലാണ് കൂടുതൽ തിരക്കെന്ന് കണ്‍വീനർ അനിത പറഞ്ഞു. കൂടാതെ പുറമേ നിന്ന് മറ്റ് ഓർഡറുകളും സ്വീകരിക്കുന്നുണ്ട്.
സംസ്ഥാനത്ത് മറ്റ് സുഭിക്ഷകൾക്ക് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മാതൃകയായിക്കൊണ്ട് നടക്കുന്നത് കുന്നംകുളത്തെ സുഭിക്ഷയെയാണ്. കുടുംബശ്രീയുടെ കാന്റീൻ കാറ്ററിംഗ് ട്രെയിനിംഗിന്റെ ഭാഗമായി അന്തർസംസ്ഥാനങ്ങളിൽ നിന്നു ജനപ്രതിനിധികൾ, കുടുംബശ്രീ പ്രവർത്തകർ നാഷണൽ റിസോഴ്സ് ടീം എന്നിങ്ങനെ നിരവധി പേർ സുഭിക്ഷ പദ്ധതിയുടെ പ്രവർത്തനം പഠിക്കാനും വരുന്നുണ്ട്. സമ്പൂർണ ശുചിത്വവും കുറഞ്ഞ നിരക്കിൽ വയറുനിറയെ രുചികരമായ ഭക്ഷണവും അതാണ് കുന്നംകുളത്തെ സുഭിക്ഷ പദ്ധതി.