കൊച്ചി: പൊതിച്ചേറ് ഉൾപ്പെടെ വിഷരഹിതവും സ്വാദിഷ്ടവുമായ ഭക്ഷണ വിഭവങ്ങൾ ഓണ്‍ലൈൻ വഴി വീട്ടുപടിക്കലെത്തിക്കാനൊരുങ്ങി കുടുംബശ്രീ കിച്ചണ്‍. സ്വിഗി, സൊമാറ്റോ തുടങ്ങിയ ഓണ്‍ലൈൻ ഭക്ഷ്യവിതരണ കന്പനികളുമായി സഹകരിച്ചാണ് കുടുംബശ്രീ നഗരത്തിൽ പദ്ധതി നടപ്പാക്കുന്നത്. ആദ്യഘട്ടത്തിൽ വൈറ്റില, കലൂർ, കളമശേരി, കാക്കനാട് എന്നിവിടങ്ങളിൽ ആരംഭിക്കുന്ന കുടുംബശ്രീ ഫുഡ് കിയോസ്കുകളിൽനിന്ന് ഏജൻസികൾ വഴി ഭക്ഷണവിതരണം നടത്താനാണ് കുടുംബശ്രീ ലക്ഷ്യമിടുന്നത്.
പ്രവർത്തകർ വീടുകളിൽ പാചകം ചെയ്യുന്ന ഫുഡ് കിയോസ്കുകളിലെത്തിക്കുകയും തുടർന്ന് ഇവിടെനിന്ന് വിതരണം നടത്തുകയും ചെയ്യും. കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കുക. പദ്ധതിയുടെ ഉദ്ഘാടനം നാളെ തോപ്പുംപടി ബിഎം ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി എ.സി. മൊയ്തീൻ നിർവഹിക്കും.
നൂറോളം പേർക്ക് ജോലി
കുടുംബശ്രീ നഗരത്തിലെ ഓണ്‍ലൈൻ ഭക്ഷണ വിതരണ രംഗത്തേക്കു കടക്കുന്നതോടെ നൂറോളം കുടുംബശ്രീ പ്രവർത്തകർക്കാണ് നേരിട്ട് ജോലി ലഭിക്കുന്നത്. അംഗങ്ങളുടെ വീട്ടിൽ പാചകം ചെയ്യുന്ന വിഭവങ്ങളാണ് ഓണ്‍ലൈനായി വീടുകളിലെത്തിക്കുന്നത്. ഇതിനു പുറമെ നാലു കേന്ദ്രങ്ങളിലും ഫുഡ് പായ്ക്കിംഗ് ജോലികൾക്കായി 12ഓളം പേരും പദ്ധതിയുടെ ഭാഗമാകും.
പദ്ധതിയോടനുബന്ധിച്ച് പരീക്ഷണാർത്ഥം ഭക്ഷണ സാധനങ്ങൾ ഓണ്‍ലൈൻ മുഖേന വിതരണം നടത്തിയെന്നും വിജയകരമായിരുന്നതായും കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ ടി.പി. വർഗീസ്, പ്രോജക്ട് മാനേജർ ദിൽരാജ് എന്നിവർ പറഞ്ഞു. വരുമാനത്തിന്റെ 18 മുതൽ 24 ശതമാനം വരെ സ്വിഗി, സൊമാറ്റോ എന്നിവയ്ക്കും. രണ്ടു ശതമാനം പായ്ക്കിംഗ് ജോലിയിൽ ഏർപ്പെടുന്നവർക്കും ബാക്കി തുക കുടുംബശ്രീക്കും ലഭിക്കുന്ന വിധത്തിലാണ് പദ്ധതിയുടെ ക്രമീകരണം.
ഇഡ്ഡലി മുതൽ ഇറച്ചിച്ചോറ് വരെ
തികച്ചും നാടൻ വിഭവങ്ങൾക്കു പുറമെ സ്പെഷൽ വിഭവങ്ങളും ചേർത്താണ് ഓണ്‍ലൈൻ ഭക്ഷണ വിപണി കൈയടക്കാൻ കുടുംബശ്രീ ഒരുങ്ങുന്നത്. ‘ജംങ്ക് ഫുഡ് ഇനി എന്തിന്, വീട്ടു രുചികൾ ഇതാ വിരൽ തുന്പിൽ, കൃത്യതയോടെ കൃത്രിമമില്ലാതെ എന്ന ടാഗ് ലൈനോടെയാണ് ഭക്ഷണ സാധനങ്ങൽ കുടുംബശ്രീ വീടുകളിലെത്തിക്കുക.
ഇഡ്ഡലി, പുട്ട്, കപ്പ, പൊതിച്ചോറ്, ചപ്പാത്തി, ബിരിയാണി, ഇടിയപ്പം എന്നിവയ്ക്കു പുറമെ കുടുംബശ്രീ കിച്ചണ്‍ സ്പെഷൽ എന്ന പേരോടെ ഇറച്ചിച്ചോറ്, കപ്പ ബിരിയാണി, പത്തിരി ബീഫ് റോസ്റ്റ് എന്നിവയും ലഭ്യമാണ്. വിഷരഹിതവും സ്വാദിഷ്ടവുമായ കേരളീയ വിഭവങ്ങൾ ന്യായമായ വിലയ്ക്കു ലഭ്യമാക്കുന്നതോടെ ആവശ്യക്കാരേറുമെന്നാണ് അധികൃതർ കരുതുന്നത്.
ആദ്യഘട്ടത്തിൽ കാക്കനാട്, വൈറ്റില കിച്ചണ്‍സ് മാത്രമായിരിക്കും ഉണ്ടാകുക. മറ്റു രണ്ടു കേന്ദ്രങ്ങൾ ഒരു മാസത്തിനു ശേഷം പ്രവർത്തനം ആരംഭിക്കും. ഓരോ കേന്ദ്രത്തിന്റെയും ആറു കിലോ മീറ്റർ ചുറ്റളവിലാണ് ഭക്ഷണമെത്തിക്കുക.
രാവിലെ ഏഴു മുതൽ രാത്രി 10.30 വരെ
രാവിലെ ഏഴിനു പ്രഭാതഭക്ഷണത്തോടെ ആംരംഭിക്കുന്ന കുടുംബശ്രീ കിച്ചണ്‍ സർവീസ് രാത്രി 10.30 വരെ നീണ്ടുനിൽക്കും. രാവിലെ ഏഴു മുതൽ 11.30 വരെ പ്രഭാത ഭക്ഷണം ലഭിക്കും. തുടർന്ന് 11.30 മുതൽ ഉച്ചകഴിഞ്ഞ് നാലു വരെ ചോറ്. രാത്രി ഏഴ് മുതൽ അത്താഴവും എന്ന രീതിയിലായിരിക്കും കിച്ചണുകൾ പ്രവർത്തിക്കുക. കാക്കനാട് മാത്രമാകും 10.30 വരെ ഓണ്‍ലൈൻ സേവനം ലഭ്യമാകുക. വൈറ്റിലയിൽ രാത്രി ഒന്‍പത് വരെ മാത്രമായിരിക്കും സേവനം.