വര്‍ത്തമാനം പറഞ്ഞ് സമയം കളയാനുള്ള വേദിയാണ് കുടുംബശ്രീ എന്ന് പറഞ്ഞവര്‍ തന്നെ ഇപ്പോള്‍ മാറ്റിപ്പറയുന്നു, ചേച്ചിമാരേ നിങ്ങള്‍ സൂപ്പറാണെന്ന്! കുടുംബശ്രീയുടെ ഏഴുകോടി സഹായത്തിന് നന്ദി പറഞ്ഞ് മലയാളികള്‍

കേരളത്തിലെ കുടുംബശ്രീ എന്നാല്‍ പൊതുവേ ആളുകള്‍ക്കുണ്ടായിരുന്ന ധാരണ അവരങ്ങ് മാറ്റിയെടുത്തു. പ്രളയക്കെടുതുയില്‍ വലയുന്നവര്‍ക്കായുള്ള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേയ്ക്ക് വന്‍തുക സംഭാവനയായി നല്‍കികൊണ്ടാണത്.

പെണ്ണുങ്ങള്‍ക്ക് തല്ലൂടാനും വര്‍ത്തമാനം പറഞ്ഞ് ആള്‍ക്കാരെ കബളിപ്പിക്കാനുമുള്ള വേദിയാണ് കുടുംബശ്രീ എന്നു പറഞ്ഞ് കളിയാക്കി ചിരിച്ചവര്‍ക്കാണിപ്പോള്‍ തെറ്റ് പറ്റിയിരിക്കുന്നത്. മഹാപ്രളയത്തില്‍പെട്ട കേരളത്തെ രണ്ടുകൈകളിലും കോരിയെടുത്ത് കരയ്ക്കടുപ്പിച്ച കുടുംബശ്രീ പ്രവര്‍ത്തകരെ വാഴ്ത്തുകയാണിപ്പോള്‍ കേരളം.

തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എസി മൊയ്തീന്‍ കുടുംബശ്രീയുടെ ഈ നടപടിയെ വലിയ രീതിയില്‍ അഭിനന്ദിച്ചു. നവകേരള നിര്‍മ്മിതിക്കായും പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കുമായും ഇവര്‍ പിരിച്ചെടുത്തത് ഒന്നും രണ്ടുമല്ല ഏഴ് കോടി രൂപയാണെന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കുടുംബശ്രീ പിരിച്ച ഏഴ് കോടി രൂപയുടെ ചെക്ക് മുഖ്യമന്ത്രിക്ക് അദ്ദേഹം കൈമാറിയതായും മൊയ്തീന്‍ അറിയിച്ചു. സംസ്ഥാനത്തെ 14 ജില്ലകളിലെ 43 ലക്ഷം കുടുംബശ്രീ അംഗങ്ങളുടെ ആഴ്ച സമ്പാദ്യത്തില്‍ നിന്നുമാണ് തുക നല്‍കിയത്.

ഫണ്ട് ശേഖരണം മാത്രമല്ല, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലും ഇവര്‍ സജീവമായി പങ്കെടുത്തിരുന്നു. കുടുംബശ്രീയിലെ രണ്ട് ലക്ഷത്തിലധികം അംഗങ്ങളാണ് വളണ്ടിയര്‍മാരായി സേവന രംഗത്ത് പ്രവര്‍ത്തിച്ചത്. വീടുകള്‍ വൃത്തിയാക്കുന്നതിനും, ക്യാമ്പുകളില്‍ ഭക്ഷണമുള്‍പ്പെടെ എത്തിക്കുന്നതിനും ഇവര്‍ മുന്‍ പന്തിയില്‍ നിന്നു.

സാമ്പത്തിക സഹായത്തിന് പുറമേ, 15,309 കുടുംബശ്രീ അംഗങ്ങളുടെ വീടുകള്‍ ദുരിതബാധിതര്‍ക്ക് അഭയകേന്ദ്രമായി മാറി. വിവിധ ദുരിതാശ്വാസ ക്യാമ്പുകളിലും, മറ്റുമുള്ള പ്രളയബാധിതരുടെ മാനസിക സംഘര്‍ഷം കുറയ്ക്കാന്‍ കുടുംബശ്രീ കമ്മ്യൂണിറ്റി കൗണ്‍സിലേഴ്സിന്റെ നേതൃത്വത്തില്‍ 16,361 പേര്‍ക്ക് കൗണ്‍സിലിംഗും നല്‍കി. കുടുംബശ്രീയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വിപുലവും, കാര്യക്ഷമവുമാക്കുമെന്നും മന്ത്രി പറഞ്ഞു.

സര്‍ക്കാരില്‍ നിന്നും ജനപ്രതിനിധികളില്‍ നിന്നും അഭിനന്ദനങ്ങള്‍ ഒഴുകുന്നതിനിടെ സമൂഹമാധ്യമങ്ങളിലും, കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കും അവരുടെ നല്ല മനസിനും അഭിനന്ദനവര്‍ഷമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. നിരവധി ട്രോളുകളും അവരെ അഭിനന്ദിച്ചുകൊണ്ട് ഇറങ്ങുന്നുണ്ട്.

Related posts