ആഗോള മലയാളികള്‍ക്ക് അഭിമാനമായി കുടുംബശ്രീ! മലയാളി സ്ത്രീകളെ സ്വന്തം കാലില്‍ നിര്‍ത്തിയ പദ്ധതി പടര്‍ന്ന് പന്തലിച്ചിരിക്കുന്നത് 16 സംസ്ഥാനങ്ങളിലും രണ്ട് വിദേശ രാജ്യങ്ങളിലും

കേരളത്തിലെ വനിതകള്‍ക്ക് അന്തസോടെ സ്വന്തം കാലില്‍ നില്‍ക്കാന്‍ കേരള സര്‍ക്കാര്‍ ആരംഭിച്ച പദ്ധതിയാണ് കുടുംബശ്രീ. കൊച്ചുകേരളത്തില്‍ നിലയുറപ്പിച്ചശേഷം ഇപ്പോഴിതാ കുടുംബശ്രീ ഭാഷയും ദേശവും കടന്ന് വളര്‍ന്നിരിക്കുന്നു.

കേരളത്തിലെ സ്ത്രീകളെ സ്വയംപര്യാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ 1997ല്‍ ഇടതുപക്ഷ സര്‍ക്കാര്‍ ആരംഭിച്ച പദ്ധതിയാണ് കുടുംബശ്രീ. ഓരോ വര്‍ഷവും വന്‍ പ്രതികരണമാണ് ഈ പദ്ധതിക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്. കേരളത്തിലെ സ്ത്രീകളെ സ്വന്തംകാലില്‍ നിര്‍ത്തിയ ഈ പദ്ധതി വര്‍ഷങ്ങള്‍ പിന്നിട്ടപ്പോള്‍ അന്യ സംസ്ഥാനങ്ങളും ഏറ്റെടുത്തിരിക്കുകയാണ്.

2014ല്‍ ആണ് കേരളത്തിലെ കുടുംബങ്ങളില്‍ നിന്നും അന്യ സംസ്ഥാനങ്ങളിലേക്ക് കൂടി കുടുംബ ശ്രീ സാന്നിധ്യമറിയിക്കുന്നത്. നാലു വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ ഇന്ന് 16 സംസ്ഥാനങ്ങളിലും രണ്ട് വിദേശ രാജ്യങ്ങളിലും കൂടി വ്യാപിച്ചിരിക്കുകയാണ് കേരളത്തിന്റെ ഈ അഭിമാന പദ്ധതി. ഇതിന് പുറമേ ഉസ്‌ബെക്കിസ്താനിലേക്കും ദക്ഷിണാഫ്രിക്കയിലേക്കും കുടുംബശ്രീക്ക് ക്ഷണം ലഭിച്ചിട്ടുണ്ട്.

നൂറ്റമ്പതോളം പ്രവര്‍ത്തകരാണ് കുടുംബശ്രീയെ പ്രതിനിധാനം ചെയ്ത് വിവിധ സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്നത്. പ്രാദേശിക വിപണനസാധ്യതകള്‍ പ്രയോജനപ്പെടുത്തി ഗ്രാമീണ ഉത്പന്നങ്ങളുടെ ഉത്പാദനവും ഉപഭോഗവും പ്രോത്സാഹിപ്പിച്ച് വനിതകള്‍ക്ക് വരുമാനം ലഭ്യമാക്കുന്നതാണ് കുടുംബശ്രീയുടെ സ്റ്റാര്‍ട്ടപ് വില്ലേജ് ഓണ്‍ട്രപ്രണര്‍ഷിപ്പ് പദ്ധതി. പദ്ധതിയിലൂടെ മറ്റു സംസ്ഥാനങ്ങളില്‍ 6722 സംരംഭങ്ങള്‍ ആരംഭിച്ചു.

പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന കുടുംബശ്രീ മറ്റു സംസ്ഥാനങ്ങളില്‍ ആദിവാസി ഊരുകൂട്ടായ്മകളിലും വില്ലേജ് ഹില്‍ ഡെവലപ്‌മെന്റ് കൗണ്‍സിലിലും പ്രവര്‍ത്തനം നടത്തുന്നു. സൂക്ഷ്മ സംരംഭക പദ്ധതികള്‍ ആറുസംസ്ഥാനങ്ങളിലും സ്റ്റാര്‍ട്ടപ് വില്ലേജ് ഓണ്‍ഡ്രിപ്രണര്‍ഷിപ്പ് പദ്ധതി എട്ടു സംസ്ഥാനങ്ങളിലും നടപ്പാക്കി. ഏറ്റവുമൊടുവിലായി ഉത്തര്‍പ്രദേശും തെലങ്കാനയുമാണ് കുടുംബശ്രീയുടെ സ്റ്റാര്‍ട്ടപ് വില്ലേജ് പദ്ധതിയുടെ കരാര്‍ ഒപ്പിട്ടിരിക്കുന്നത്.

അഞ്ചുസംസ്ഥാനങ്ങളില്‍ വിവിധ കാരണങ്ങളാല്‍ പദ്ധതി നിര്‍ത്തലാക്കി. യുഗാണ്‍ഡ, അസര്‍ബയ്ജാന്‍ തുടങ്ങിയ രാജ്യങ്ങളിലും കുടുംബശ്രീ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. യുഗാണ്‍ഡയിലെ സംരംഭക കൂട്ടായ്മയ്ക്ക് കുടുംബശ്രീ എന്നുതന്നെയാണ് പേര്.

സംസ്ഥാന ഗ്രാമീണ ഉപജീവന ദൗത്യങ്ങള്‍ക്ക് പിന്തുണയും സഹായവും നല്‍കാനുള്ള നാഷണല്‍ റിസോഴ്‌സ് ഓര്‍ഗനൈസേഷന്‍ (എന്‍.ആര്‍.ഒ.) അംഗീകാരം 2012-ലാണ് കുടുംബശ്രീക്ക് ലഭിക്കുന്നത്. ആഗോള മലയാളികള്‍ക്ക് അഭിമാനിക്കാനുള്ള അവസരമാണ് കുടുംബശ്രീ വഴിയായി ലഭിച്ചിരിക്കുന്നതെന്ന് വിലയിരുത്താം.

Related posts