കൊയിലാണ്ടി: കുടുംബശ്രീ ഹോംഷോപ്പ് പദ്ധതി ദേശീയ അംഗീകാരത്തിന്റെ നിറവിൽ. 2018ലെ സ്കോച്ച് ഓർഡർ ഓഫ് മെറിറ്റ് അംഗീകാരത്തിനാണ് ഹോംഷോപ്പ് പദ്ധതി അർഹമായത്. രാജ്യത്ത് പ്രവർത്തിക്കുന്ന മുൻനിരയിലുള്ള പദ്ധതികളെയും മാതൃകാപദ്ധതികളേയും കണ്ടെത്തി അവാർഡിനായി പരിഗണിക്കുന്ന സ്കോച്ച് എക്സലൻസ് അവാർഡിന് എൻടിപിസി, ഭാരത് പെട്രോളിയം, ആന്ധ്രാ ഹൗസിംഗ് ബോർഡ് തുടങ്ങിയ സർക്കാർ – സർക്കാരിതര സ്ഥാപനങ്ങൾ, പ്രസ്ഥാനങ്ങൾ എന്നിവരിൽ നിന്നുമുള്ള 46 നോമിനേഷനുകൾ ആണ് അവസാനഘട്ടത്തിൽ ഉണ്ടായിരുന്നത്.
പ്രാദേശികമായ ഉത്പാദനവും വീടുകൾ കയറിയുള്ള വിൽപ്പനയും ഏകോപിപ്പിച്ചുകൊണ്ട് സുസ്ഥിരവരുമാനം ഉറപ്പുവരുത്തി മികച്ച രീതിയിൽ പ്രവർത്തിച്ചുവരുന്ന കുടുംബശ്രീയുടെ നൂതന വിപണന പദ്ധതിയാണ് ഹോംഷോപ്പ് പദ്ധതി. 25 ഹോം ഷോപ്പ് ഓണർമാരും ഏഴ് ഉത്പന്നങ്ങളുമായി 2010 ജൂലൈ 29-ന് ഉദ്ഘാടനം ചെയ്യപ്പെട്ട പദ്ധതിയിൽ ഇപ്പോൾ 38 ഉത്പാദന യൂണിറ്റുകളും 62 ഉൽപ്പന്നങ്ങളും അഞ്ഞൂറിലേറെ ഹോം ഷോപ്പ് ഓണർമാരുമുണ്ട്.
ആറുമാസം കൊണ്ട് സമ്പൂർണ ഹോംഷോപ്പ് ജില്ലയായി പ്രഖ്യാപിക്കുന്നതിനുള്ള ഒരുക്കങ്ങളിലാണ് കുടുംബശ്രീ കോഴിക്കോട് ജില്ലാ മിഷൻ. പദ്ധതി ജില്ല മുഴുവൻ വ്യാപിപ്പിക്കുമ്പോഴേക്കും മൂവായിരത്തിലേറെ പേർക്ക് സ്ഥിരംതൊഴിൽ ലഭ്യമാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
പ്രാദേശിക ഉൽപ്പന്നങ്ങളുടെ സുസ്ഥിരമായ വിപണനവും പ്രാദേശിക സാമ്പത്തിക വികസനവും ഹോം ഷോപ്പ് പദ്ധതിവഴി പ്രാവർത്തികമാക്കുന്നത് അടുത്തറിയാനായിസംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ഇതരസംസ്ഥാനങ്ങളിൽ നിന്നും ഇന്ത്യക്ക് പുറത്തു നിന്നു പോലും ഒട്ടനവധി പഠനസംഘങ്ങൾ പലപ്പോഴായി കോഴിക്കോട്ട് എത്തിയിട്ടുണ്ട്.
സ്കോച്ച് ഓർഡർ ഓഫ് മെറിറ്റ് അംഗീകാരം നേടിയ ഹോംഷോപ്പ് പദ്ധതിയെ അനുമോദിക്കുന്നതിനും മികച്ച ഹോംഷോപ്പ് സിഡിഎസുകൾക്കും മികച്ച ഹോംഷോപ്പ് ഓണർ മാർക്കുമുള്ള അവാർഡുകൾ വിതരണം ചെയ്യുന്നതിനുമായി ഗാന്ധിജയന്തി ദിനത്തിൽ കൊയിലാണ്ടിയിൽ ‘സ്വാശ്രയ വസന്തം’ എന്ന പേരിൽ പരിപാടി സംഘടിപ്പിക്കും.