എടപ്പാൾ: കുടുംബശ്രീ മിഷന്റെ നേതൃത്വത്തിൽ നടത്തുന്ന കുടുംബശ്രീ സംസ്ഥാന കലോൽസവത്തിനു എടപ്പാളിൽ തുടക്കമായി. അരങ്ങ് 2018 എന്ന പേരിൽ ആരംഭിച്ച കലോത്സവം തദ്ദേശസ്വയംഭരണമന്ത്രി കെ.ടി.ജലീൽ ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തെ പതിനാല് ജില്ലകളിൽ നിന്നുമായി ആയിരത്തിഅഞ്ഞൂറോളം കലാകാരികൾ വിവിധ മത്സരങ്ങളിലായി മാറ്റുരക്കുന്നു.
നൂറുകണക്കിന് കുടുംബശ്രീ പ്രവർത്തകർ അണിനിരന്ന ഘോഷയാത്രയോടെയാണ് പരിപാടിക്ക് തുടക്കംകുറിച്ചത്. മുഖ്യാതിഥിയായി ഇ.ടി.മുഹമ്മദ് ബഷീർ എം.പി. പങ്കെടുത്തൂ “സുഡാനി ഫ്രം നൈജീരിയ’ എന്ന സിനിമയിൽ ഉമ്മമാരുടെ വേഷം ചെയ്ത സാവിത്രി ശ്രീധരൻ, സരസ ബാലുശേരി എന്നിവർ അതിഥികളായെത്തി. അഞ്ച് വേദികളിലായി നടക്കുന്ന കലോത്സവത്തിൽ ഒപ്പന, നാടോടി നൃത്തം, സംഘ നൃത്തം, നാടോടി ഗാനം തുടങ്ങിയ 23 സേറ്റേജ് ഇനങ്ങളും കഥാരചന, കവിതാ രചന, ചിത്രരചന തുടങ്ങിയ ഏഴ് സ്റ്റേജിതര ഇനങ്ങളും ഉണ്ടായിരിക്കും.
കലോത്സവത്തിന്റെ പ്രധാന വേദി എടപ്പാൾ ഗവ: ഹയർസെക്കണ്ടറി സ്കൂളിലാണ് ഒരുക്കിയിരക്കുന്നത്. മറ്റ് വേദികൾ അംശക്കച്ചേരി ബിആർസി സ്കൂളിലും മുരളി തിയറ്ററിലുമാണ് ഒരുക്കിയിരിക്കുന്നത്. 18 വയസു മുതൽ 35 വയസു വരെയുള്ളവരെ ജൂനിയർ വിഭാഗവും അതിനുമുകളിലുള്ളവരെ സീനിയർ വിഭാഗവുമാക്കിയാണ് മൽസരങ്ങൾ നടക്കുക.
താലുക്ക് തലത്തിലും ജില്ലാ തലത്തിലും നടന്ന മത്സരങ്ങളിലെ വിജയികളാണ് കലോത്സവത്തിൽ പങ്കെടുക്കുന്നത്. തദ്ദേശ സ്വയംഭരണ വകുപ്പിന്റെ സഹകരണത്തോടെ കുടുംബശ്രീ സംസ്ഥാന മിഷനാണ് പരിപാടി സംഘടിപ്പിക്കുന്നത്. കഴിഞ്ഞ വർഷം ആലപ്പുഴയിൽ വെച്ചു നടന്ന കലോൽസവത്തിൽ കാസർഗോഡ് ജില്ലയായിരുന്നു ജേതാക്കൾ.
കുടുംബജീവിതത്തിന്റെ തിരക്കുകൾക്കിടയിൽ സർഗശേഷികൾ പ്രകടിപ്പിക്കുവാൻ സാഹചര്യങ്ങളില്ലാതെ പോയവർക്ക് അവ പുറത്തെടുക്കുവാനും വേദിയിൽ അവതരിപ്പിക്കുവാനും അവസരമൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് കലോത്സവം സംഘടിപ്പിക്കുന്നത്. കലോത്സവത്തിന്റെ ആദ്യദിനം 31 പോയിന്റുമായി കാസർഗോട് ജില്ലയാണ് ഒന്നാമത്. 24 പോയിന്റുമായി കോഴിക്കോട് രണ്ടാംസ്ഥാനത്തും 15 പോയിന്റുമായി കണ്ണൂരും മലപ്പുറവും മൂന്നാം സ്ഥാനത്തുമാണുള്ളത്.
മത്സര വിജയികൾ ഒന്നും രണ്ടുംമൂന്നുംക്രമത്തിൽ:
മോണോ ആക്ട് ജൂനിയർ: ജിൽന (കണ്ണൂർ), ഡേന അലക്സ് (ഇടുക്കി), ഷാനവാസ് ബീഗം (കോഴിക്കോട്).
മോണോ ആക്ട് സീനിയർ: പ്രിയ ജോഷി (ആലപ്പുഴ), സബിത (മലപ്പുറം), വത്സല.
കവിതാ പാരായണം ജൂണിയർ: ദിവ്യ (കോഴിക്കോട്), എൻ.കെ.നിമിത (വയനാട്), അശ്വിനി.
കവിതാ ആലാപനം സീനിയർ: വി.പി.ഷീജ(കോഴിക്കോട്), ജയകുമാരി (തിരുവനന്തപുരം), കനകലത (കൊല്ലം).
വയലിൻ: ശ്രീവിദ്യ (തിരുവനന്തപുരം), ചിത്ര (എറണാകുളം), ജിനി കൃഷ്ണൻ (മലപ്പുറം).
കഥാരചന: കൃഷ്ണേന്ദു (മലപ്പുറം), രജനി (കാസർകോട്), എം.കെ.ബിന്ദു (തൃശൂർ).
കവിതാരചന: കെ ബിന്ദു (കാസർകോട്), ടി.കെ.റയീസ (മലപ്പുറം), ധന്യദാസ് (വയനാട്), രജനി സാലി (ഇടുക്കി). നാളെ സമാപിക്കും.