കൊല്ലം: പ്രളയാനന്തര പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയില്‍ പലിശരഹിത വായ്പാ വിതരണത്തിലൂടെയും ആശ്വാസം പകര്‍ന്ന് കുടുംബശ്രീ.പ്രളയത്തില്‍ വീട്ടുപകരണങ്ങള്‍ നഷ്ടപ്പെട്ട 414 കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ക്ക് 3.34 കോടി രൂപയാണ് പലിശരഹിത വായ്പയായി നല്‍കിയത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 1.236 കോടി രൂപയും നല്കി.
തുടര്‍പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 3500 യുവജനങ്ങള്‍ക്ക് തിരഞ്ഞെടുക്കപ്പെടുന്ന മേഖലകളില്‍ സൗജന്യ തൊഴില്‍ പരിശീലനം നല്‍കും. 1500 പേരെയാണ് ആദ്യഘട്ടത്തില്‍ തിരഞ്ഞെടുത്തത്. പ്ലംബിംഗ്, ഇലക്ട്രിഫിക്കേഷന്, ഡാറ്റാ എന്‍ട്രി, ഇലക്ട്രോണിക് റിപ്പയറിംഗ്, ഹൗസ് കീപ്പിംഗ്, ലോണ്ടറി ആന്റ് അയണിംഗ്, ഡേ കെയറിംഗ് മേഖലകളില്‍ അഞ്ചു ദിവസം മുതല്‍ ഒരു മാസം വരെയാണ് പരിശീലനം നല്‍കുക.
ആളൊന്നിന് ഒരു പ്രവൃത്തിദിനം എന്ന തോതില്‍ അയ്യായിരത്തോളം ദിനങ്ങള്‍ ആലപ്പുഴ, പത്തനംതിട്ട ജില്ലകളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി കുടുംബശ്രീ പ്രവര്‍ത്തകര്‍ നീക്കിവച്ചു. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം അവശ്യവസ്തുക്കള്‍ നല്‍കിയും ജീവനോപാധികള്‍ എത്തിച്ചും കൈത്താങ്ങായി. കൊല്ലത്തോടൊപ്പം ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലേക്കും വ്യാപിക്കുന്ന പ്രവര്‍ത്തനങ്ങളാണ് നടത്തിയത്.
കുടുംബശ്രീ സംരംഭമായ നെടുമ്പന അപ്പാരല്‍ പാര്‍ക്ക് വഴി എണ്ണൂറോളം പേര്‍ക്കുള്ള വസ്ത്രങ്ങള്‍, കുട്ടികളുടെ വസ്ത്രങ്ങള്‍ എന്നിവ സൗജന്യമായി നല്കി. പോഷകാഹാര നിര്‍മ്മാണ സംരംഭമായ അമൃതം ന്യൂട്രിമിക്സ് യൂണിറ്റുകള്‍ നാല്‍പ്പതിനായിരത്തോളം രൂപ മതിപ്പുള്ള 500 കിലോഗ്രാം ന്യൂട്രിമിക്സും നല്കി.