കുന്നംകുളം: നഗരസഭയിലെ കുടുംബശ്രീ കൂട്ടായ്മകളെ കുറിച്ച് പഠനം നടത്താൻ വിദേശസംഘം കുന്നംകുളത്തെത്തി. യുഎസ് ആസ്ഥാനമായ സർക്കാർ കന്പനിയെ പ്രതിനിധീകരിച്ച് കാതറിൻ കന്പനിയിലെ ജീവനക്കാരിയായ ഡൽഹി സ്വദേശിയായ യാമിനി എന്നിവരാണ് കുന്നംകുളം നഗരസഭയിൽ ഇന്നലെ എത്തിയത്.
കേരളത്തിലെ വിവിധ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിൽ വിജയകരമായ രീതിയിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന സ്ത്രീ സീറ്റ് കുടുംബശ്രീ യൂണിറ്റുകളുടെ വിവിധ പ്രവർത്തനങ്ങളെ കുറിച്ച് മനസ്സിലാക്കുന്നതിനാണ് ഇവരെത്തിയത്.നഗരസഭ ഓഫീസിൽ ചെയർപേഴ്സണ്‍ സീത രവീന്ദ്രൻ,, വൈസ് ചെയർമാൻ പി എം സുരേഷ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സണ്‍ മാരായ ഗീത ശശി , സുമ ഗംഗാധരൻ, മീഷ സെബാസ്റ്റ്യൻ എന്നിവർ ചേർന്ന് സംഘത്തെ സ്വീകരിച്ചു.
ഓരോ രാജ്യങ്ങളിലും പ്രവർത്തിക്കുന്ന വിവിധ സ്ത്രീ കൂട്ടായ്മകളെ കുറിച്ച് പഠനം നടത്തുകയും അത് അന്താരാഷ്ട്രതലത്തിൽ നടക്കുന്ന വിവിധ സെമിനാറുകളിൽ പ്രബന്ധമായി അവതരിപ്പിക്കുകയുമാണ് സംഘം ചെയ്യുന്നത്. കുന്നംകുളത്തെ കുടുംബശ്രീ യൂണിറ്റുകളുടെ നേതൃത്വത്തിൽ നടക്കുന്ന കെട്ടിട നിർമ്മാണ യൂണിറ്റ്, നഗരസഭയിലെ സ്ത്രീകൾക്കായുള്ള കൗണ്‍സിലിംഗ് സെൻറർ, വനിതകളുടെ നേതൃത്വത്തിൽ നടക്കുന്ന മാലിന്യ സംസ്കരണ യൂണിറ്റ് എന്നിവയെപ്പറ്റി സംഘം വിശദമായി അറിയുകയും പിന്നീട് നേരിൽ കാണുകയും ചെയ്തു.
കേരളത്തിൽ തന്നെ ഏറ്റവും നന്നായി നടക്കുന്ന വനിത കൗണ്‍സലിംഗ് സെൻറർ കുന്നംകുളത്തെയാണ്.കുടുംബശ്രീയുടെ സംസ്ഥാനതല പ്രവർത്തകരും ഇവർക്കൊപ്പമുണ്ടായിരുന്നു